വാര്‍ഡുകളും ഐ.സി.യും 'ഫുള്‍'; ഡോക്ടര്‍ ക്ഷാമം; ജനറല്‍ ആസ്പത്രിയില്‍ നിന്ന് രോഗികളെ മടക്കുന്നു

Update: 2025-07-30 11:25 GMT

കാസര്‍കോട്: മഞ്ഞപ്പിത്തവും മലേറിയയും അടക്കമുള്ള മഴക്കാല രോഗങ്ങളും പനിയും ഛര്‍ദ്ദിയും വയറിളക്കവും കൂടിയതോടെ ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ രോഗികളുടെ തിരക്ക് വര്‍ധിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആസ്പത്രിയിലെ പ്രധാന വാര്‍ഡുകളില്‍ ഐ.സി.യുവിലടക്കം കിടക്കകളില്ലാത്ത സാഹചര്യമാണ്. വാര്‍ഡുകളും ഐ.സി.യുവും നിറഞ്ഞതുകാരണം പലരെയും മടക്കി അയക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയോളമായി നിരവധി പേരെയാണ് ഇവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലേക്കുമടക്കം മടക്കി അയച്ചത്. വിവിധ ഡോക്ടര്‍മാരുടെ ഒ.പികളിലും ജനറല്‍, പനി ഒ.പികളിലും അത്യാഹിത വിഭാഗത്തിലും നീണ്ട നിരയാണ് ദിവസവും. കാഷ്വാലിറ്റിക്ക് മുന്നിലും മണിക്കൂറുകളോളമാണ് രോഗികള്‍ക്ക് കാത്തിരിക്കേണ്ടിവരുന്നത്. വിവിധ അപകടങ്ങളില്‍ പരിക്കേറ്റവരെ കൊണ്ടും ആസ്പത്രി നിറയുകയാണ്. പേവിഷബാധയേറ്റവര്‍ക്ക് പോലും ഏറെ സമയം കാത്തിരിക്കേണ്ടിവരുന്നു.

പോക്സോ, അടിപിടി, മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി പൊലീസും എക്സൈസും വൈദ്യ പരിശോധനക്ക് ഇവരെ എത്തിക്കുന്നതും ഇവിടെയാണ്. എന്നാല്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജിവനക്കാരെയും നിയമിക്കാത്തത് മൂലം ഉള്ള ജീവനക്കാര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ട സ്ഥിതിയാണ്. എല്ലുരോഗ വിദഗ്ധന്റെ സേവനം എല്ലാദിവസവും ലഭിക്കാത്തതും രോഗികള്‍ക്ക് പ്രയാസമുണ്ടാകുന്നു. രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആസ്പത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതിഥി തൊഴിലാളികളിലാണ് ഏറെയും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Similar News