തൈക്കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്
പുഞ്ചാവി കടപ്പുറത്തെ ഹരിദാസന്‍ ആണ് മരിച്ചത്;
കാഞ്ഞങ്ങാട്: തൈക്കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. പുഞ്ചാവി കടപ്പുറത്തെ ഹരിദാസന്‍(57) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൈക്കടപ്പുറത്തെ രജേഷി(38)നെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി സ്വദേശി സന്തോഷ് (42), അഴിത്തലയിലെ സാജന്‍ (42) എന്നിവര്‍ക്ക് നിസാര പരിക്കേറ്റു.
രാവിലെ അഞ്ചരയോടെ തൈക്കടപ്പുറത്ത് നിന്നാണ് മത്സ്യബന്ധന വള്ളം കടലില്‍ ഇറക്കിയത്. മൂന്ന് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മറ്റൊരു ഫൈബര്‍ തോണിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഹരിദാസന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച തമ്പുരാട്ടി ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട തോണി ഉപയോഗിച്ച് തമ്പുരാട്ടി വള്ളത്തിലുള്ളവരെ കരക്കെത്തിക്കുന്നതിനിടെ ഹരിദാസന്‍ മരിച്ചു.
പരിക്കേറ്റ രജേഷും സാജനുമായിരുന്നു വള്ളത്തിന്റെ എഞ്ചിന്‍ നിയന്ത്രിച്ചിരുന്നത്. പരേതരായ ചന്തുവിന്റെയും അല്ലിയുടെയും മകനാണ് ഹരിദാസ്. ഭാര്യ: സത്യവതി. മക്കള്‍: അര്‍ജുന്‍, അരുണ്‍, ആദര്‍ശ്. സഹോദരങ്ങള്‍: പുഷ്‌കരന്‍, പവിത്രന്‍, രത്നാവതി, പരേതനായ ശേഖരന്‍.