വടക്കന്‍ കേരളം വിധിയെഴുതുന്നു

51.05 ശതമാനം പോളിംഗ്;

Update: 2025-12-11 08:03 GMT

മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോള്‍, ചേരങ്കൈ വെസ്റ്റ് ഇസ്സത്തുല്‍ ഇസ്ലാം മദ്രസ ബൂത്തില്‍ നിന്നുള്ള ദൃശ്യം, വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്ലാച്ചിക്കര സ്‌കൂളിലെ ബൂത്തില്‍ അനുഭവപ്പെട്ട തിരക്ക്

പലയിടത്തും വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കി
പോളിംഗ് സ്റ്റേഷന് സമീപം പ്രവര്‍ത്തിച്ച സി.പി.എം. ഓഫീസ് പൂട്ടിച്ചു
ബൂത്തില്‍ തേനീച്ചയാക്രമണം; 10 പേര്‍ക്ക് പരിക്ക്
പൂജിച്ച താമര വിതരണം ചെയ്‌തെന്ന് പരാതി

കാസര്‍കോട്/കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പതിവ് പോലെ വോട്ടിംഗ് മെഷിനുകളുടെ പണിമുടക്കും തര്‍ക്കങ്ങളുമൊക്കെയായി ഇത്തവണയും സംഭവ ബഹുലമാണ് വോട്ടെടുപ്പ് വിശേഷങ്ങള്‍. മിക്കവാറും ഏതാണ്ട് എല്ലാ ജില്ലകളില്‍ നിന്നും വോട്ടിംഗ് മെഷിന്‍ തകരാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വടക്കന്‍ കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ഏഴ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു.

കൊടിയത്തൂര്‍ പന്നിക്കോട് പോളിംഗ് സ്റ്റേഷന് സമീപം പ്രവര്‍ത്തിച്ച സി.പി.എം പാര്‍ട്ടി ഓഫീസ് പൊലീസ് എത്തി പൂട്ടിച്ചു. ഇവിടെ സ്ലിപ്പുകള്‍ ഉള്‍പ്പെടെ എഴുതി നല്‍കുന്നുണ്ടെന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഓഫീസ് പൂട്ടിച്ചത്. ഓഫീസ് പൂട്ടിക്കുന്നതിനിടയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

വലക്കാവ് എല്‍.പി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനില്‍ തേനീച്ചയുടെ ആക്രമണമുണ്ടായി. വോട്ട് ചെയ്ത് മടങ്ങാന്‍ നിന്നവര്‍ക്ക് നേരെയാണ് തേനീച്ച തിരിഞ്ഞത്. പരിക്കേറ്റ 8 പേരെ നടത്തറയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് കല്ലേക്കാട് കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പൊലീസ് തിരയാന്‍ തുടങ്ങിയതോടെ സ്ഥാനാര്‍ത്ഥി അപ്രത്യക്ഷനായി. പിരായിരി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അരുണ്‍ ആലങ്ങാടിനെയാണ് പൊലീസ് തിരയുന്നത്. അതിനിടെ പാലക്കാട്ട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പൂജിച്ച താമര വിതരണം ചെയ്തുവെന്ന് കോണ്‍ഗ്രസിന്റെ പരാതി. പാലക്കാട് നഗരസഭ 19-ാം വാര്‍ഡ് കൊപ്പത്ത് ബി.ജെ.പി പൂജിച്ച താമര വിതരണം ചെയ്തുവെന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി.



അതാത് ബൂത്തുകളിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., എം.എല്‍.എമാരായ എ.കെ.എം. അഷ്‌റഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍ എന്നിവര്‍

കാഞ്ഞങ്ങാട്ട് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരെ പോളിങ് സ്റ്റേഷനില്‍ നിന്ന് പുറത്താക്കി. കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനൂപ് ജോണ്‍, നിഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുകയായിരുന്നുവെന്ന പ്രിസൈഡിങ് ഓഫീസറുടെ പരാതിയിലാണ് നടപടി.

കാരശ്ശേരി കാരമൂല ഈസ്റ്റില്‍ ഭാഗം ഒന്നില്‍ വ്യാപകമായി ഓപ്പണ്‍ വോട്ടുകള്‍ ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍ ഇറങ്ങിപ്പോയി. ഒരു മണിക്കൂറിനുള്ളില്‍ 10 പേരില്‍ കൂടുതല്‍ ഓപ്പണ്‍ വോട്ടുകള്‍ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.


കാസര്‍കോട് ബി.ഇ.എം. ഹൈസ്‌കൂളിലെ ഒഴിഞ്ഞ ബൂത്തിന് മുന്നില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍. രാവിലത്തെ ദൃശ്യം

 ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം മുന്നില്‍

കാസര്‍കോട്: ആദ്യ നാല് മണിക്കൂറില്‍ തന്നെ 35 ശതമാനം പോളിംഗ് രേഖപ്പെടുത്തി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം മുന്നില്‍. പരപ്പ ബ്ലോക്ക് പഞ്ചായത്തിലാണ് കുറവ് പോളിംഗ് ശതമാനം. 11 മണി വരെ ഇവിടെ 26 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

മഞ്ചേശ്വരത്തും കാറഡുക്കയിലും 30 ശതമാനവും കാസര്‍കോട്ട് 28 ശതമാനവും കാഞ്ഞങ്ങാട്ട് 32 ശതമാനവും പോളിംഗ് നടന്നു. നഗരസഭകളിലും നീലേശ്വരത്താണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്. 11 മണിയോടെ ഇവിടെ 35 ശതമാനം പോളിംഗ് ഉണ്ടായി. കാസര്‍കോട് നഗരസഭയിലും കാഞ്ഞങ്ങാട് നഗരസഭയിലും 28 ശതമാനം പോളിംഗാണ് ഈ സമയത്ത് ഉണ്ടായത്.

എല്‍.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി; യു.ഡി.എഫ് വലിയ വിജയ പ്രതീക്ഷയിലെന്ന് സണ്ണി ജോസഫ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. എല്‍.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്‍.ഡി.എഫിന് വലിയതോതിലുള്ള പിന്തുണ ജനങ്ങളില്‍ നിന്നും ലഭിക്കുന്നുവെന്നതാണ് പ്രചാരണത്തിലൂടെ വ്യക്തമായത്. യു.ഡി.എഫിന്റെ മേഖലയിലടക്കം എല്‍.ഡി.എഫ് അനുകൂല തരംഗമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് വലിയ വിജയ പ്രതീക്ഷയിലെന്ന് കെ.പി.സി.സി. പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകും. ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.എക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കാര്‍ക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്. എല്‍.ഡി.എഫും യു.ഡി.എഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബംബ്രാണയിലും ബേക്കൂറിലും മഞ്ചേശ്വരത്തും യന്ത്രം പണിമുടക്കി; വോട്ടിംഗ് വൈകി

കുമ്പള: കുമ്പള ബംബ്രാണയിലും മംഗല്‍പ്പാടി ബേക്കൂറിലും ബങ്കര മഞ്ചേശ്വരത്തും വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. അരമണിക്കൂറോളമാണ് മൂന്നിടത്തെയും വോട്ടിംഗ് വൈകിയത്. ഇന്ന് രാവിലെ 6 മണിയോടെ തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാര്‍ എത്തിയിരുന്നു. ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചതോടെയാണ് യന്ത്രം തകരാറിലായത് അറിഞ്ഞത്. ഉടന്‍ തന്നെ ഇത് മാറ്റാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. വോട്ടിംഗ് യന്ത്രം മാറ്റിയതോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.


Similar News