ജില്ലാ പഞ്ചായത്ത് കാന്റീനില്‍ പാചകത്തിന് ഇനി ബയോ ഗ്യാസും

Update: 2025-08-06 04:30 GMT

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ 'ഗോബര്‍ദ്ധന്‍' ജൈവ മാലിന്യ സംസ്‌കരണ പ്ളാന്റ് സ്ഥാപിച്ചു. 24 ലക്ഷം രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച പ്ളാന്റില്‍ 500 കിലോഗ്രാം വരെ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാം. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അംഗീകൃത ഏജന്‍സിയായ ഐ ആര്‍.ടി.സി പാലക്കാടാണ് രണ്ടു മാസം കൊണ്ട് പ്ളാന്റ് നിര്‍മിച്ചു നല്‍കിയത്. ഇതോടെ സിവില്‍ സ്റ്റേഷനിലെ കാന്റീനുകളില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നുമുള്ള ജൈവ മാലിന്യ സംസ്‌കരണ പ്രശ്നത്തിന് പരിഹാരമായി. പ്ലാന്റില്‍ ഉദ്പ്പാദിപ്പിക്കുന്ന ബയോ ഗ്യാസ് ബുധനാഴ്ച മുതല്‍ ജില്ലാ പഞ്ചായത്ത് ക്യാന്റീനില്‍ പാചകത്തിനായി ഉപയോഗിക്കും. 500 കിലോഗ്രാം ജൈവ മാലിന്യത്തില്‍ നിന്ന് ഏഴു മണിക്കൂര്‍ വരെ കത്തിക്കാനുള്ള ഇന്ധനം ലഭിക്കും. പദ്ധതിക്കായി മുടക്കിയ തുകയില്‍ 22 ലക്ഷം രൂപ സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെയും രണ്ടു ലക്ഷം ജില്ലാ പഞ്ചായത്തിന്റേതും ആണ്.

പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍ സരിത, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ജയന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് കെ.വി ഹരിദാസ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ടി സുരേന്ദ്രന്‍, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഷൈനി, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, ഐ.ആര്‍.ടി.സി പ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ശ്യാമലക്ഷ്മി സ്വാഗതവും ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എം.എസ് ശബരീഷ്് നന്ദിയും പറഞ്ഞു.

Similar News