ബസ് ഡ്രൈവര്‍മാര്‍ ജാഗ്രതൈ!! അപകടകരമായ ഡ്രൈവിംഗ് കുറക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

Update: 2025-07-15 09:34 GMT

കാസര്‍കോട്: സ്വകാര്യ , കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവിംഗിനെ കുറിച്ച് പരാതി ഉണ്ടോ? ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗില്‍ എന്തെങ്കിലും പന്തികേട് തോന്നുണ്ടോ? എങ്കില്‍ ഇനി ധൈര്യമായി പരാതിപ്പെടാം. എല്ലാ ബസ്സുകളിലും പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ബസ് ഡ്രൈവറുടെ സീറ്റിന് പിറകിലുള്ള ബോര്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റിക്കറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെയും വാഹന ഉടമയുടെയും ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ബസ് ഡ്രൈവര്‍മാരുടെ അമിത വേഗതയും ജാഗ്രതക്കുറവും ഇല്ലാതാക്കുന്നതിനാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്. മത്സര ഓട്ടം, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണിലൂടെയുള്ള സംസാരം, അശ്രദ്ധ, എന്നിവയെ സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ബസ്സുകളുടെ വാര്‍ഷിക പരിശോധന ഘട്ടത്തിലാണ് മറ്റ് സുരക്ഷാ മുന്‍കരുതലുകള്‍ക്കൊപ്പം ആര്‍.ടി.ഒയുടെയും ബസ് ഉടമയുടെയും ഫോണ്‍ നമ്പര്‍ അടങ്ങിയ സ്റ്റിക്കര്‍ പതിക്കുന്നത്. വാട്ആപ്പ് വഴി വീഡിേേയാ, ഫോട്ടോ എന്നിവയും പരാതിക്കാര്‍ക്ക് അയച്ചുകൊടുക്കാവുന്നതാണ്. ജില്ലയിലെ എല്ലാ ബസ്സുകളിലും സ്റ്റിക്കര്‍ പതിച്ചുകഴിഞ്ഞു.

Similar News