മണികണ്ഠന്റെ രാജി; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 14ന്

സി.പി.എം ഉദുമ ഏരിയാ കമ്മിറ്റി അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ എം. കെ വിജയന്റെ പേരിനാണ് മുന്‍തൂക്കം;

Update: 2025-07-07 07:08 GMT

കാഞ്ഞങ്ങാട്: കെ മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും അംഗത്വവും രാജി വെച്ചതിനെ തുടര്‍ന്ന് പുതിയ പ്രസിഡണ്ടിനെ 14 ന് തിരഞ്ഞെടുക്കും. രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചാണ് തിരഞ്ഞെടുപ്പ്. സി.പി.എം ഉദുമ ഏരിയാ കമ്മിറ്റി അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ എം. കെ വിജയന്റെ പേരിനാണ് മുന്‍തൂക്കം. കളനാട് ഡിവിഷനെയാണ് വിജയന്‍ പ്രതിനിധീകരിക്കുന്നത്.

സി.പി.എമ്മിന് കെ സീത, എം. അബ്ദുറഹിമാന്‍ എന്നീ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ കൂടി ഉണ്ടെങ്കിലും വിജയന്റെ പേരിനാണ് മുന്‍തൂക്കം. പെരിയ കല്യോട്ട് ഇരട്ടക്കൊല കേസില്‍ മണികണ്ഠനെ സി.ബി.ഐ കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ പ്രസിഡണ്ടായി തുടരുന്നതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലെ അഡ്വ. എം.കെ ബാബുരാജ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. വാദങ്ങള്‍ പൂര്‍ത്തിയായി തീരുമാനം വരാനിരിക്കയാണ് കെ. മണികണ്ഠന്‍ പഞ്ചായത്ത് അംഗത്വവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും രാജിവെച്ചത്. വിധി എതിരായി വന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കമ്മീഷന്‍ വിലക്കും. ഇതൊഴിവാക്കാനാണ് വിധിക്ക് മുമ്പ് തന്നെ രാജിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Similar News