ട്രെയിനില്‍ നിന്നും യാത്രക്കാരിയുടെ സ്വര്‍ണാഭരണങ്ങളും സാധനങ്ങളും പണവും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശി അശ്വിനാണ്് അറസ്റ്റിലായത്;
കാസര്‍കോട്: ട്രെയിനില്‍ നിന്നും യാത്രക്കാരിയുടെ സ്വര്‍ണാഭരണങ്ങളും സാധനങ്ങളും പണവും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ യുവതിയുടെ സ്വര്‍ണാഭരണങ്ങളും സാധനങ്ങളും പണവും കവര്‍ന്ന കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സപ്തംബര്‍ 26 നും 27നും ഇടയില്‍ ഉഡുപ്പിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
കച്ചിഗുഡയില്‍ നിന്നും മുരുഡേശ്വരത്തേക്ക് പോകുന്ന എക്‌സ്പ്രസ്സിന്റെ B4 കോച്ചില്‍ യാത്ര ചെയ്തിരുന്ന യുവതിയുടെ 30 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാലയും, 12 ഗ്രാം തൂക്കമുള്ള സ്വര്‍ണവളയും, ഫാസ്റ്റ് ട്രാക്ക് വാച്ച്, ഐഫോണ്‍ ചാര്‍ജര്‍, 1050 രൂപ എന്നിവ അടങ്ങിയ ഹാന്‍ഡ് ബാഗ് ആണ് മോഷ്ടിച്ചത്. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി മറ്റൊരു കേസുമായി ബന്ധപ്പെട്ട് തിരുനെല്‍വേലി റെയില്‍വേ പൊലീസിന്റെ അറസ്റ്റിലാകുന്നത്. ഇടുക്കി വാഗമണ്ണില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിയായ അശ്വിനെ(24) തിരുനെല്‍വേലി റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ് യുവതിയുടെ കളവ് പോയ 30 ഗ്രാം സ്വര്‍ണ്ണമാലയും വാച്ചും ഇയാളില്‍ നിന്നും കണ്ടെടുത്തു. പിന്നീട് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രജികുമാര്‍ പ്രതിയെ തിരുനെല്‍വേലി ജയിലില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പ് നടത്തിയ ശേഷം തൃശൂരില്‍ വില്പന നടത്തിയ 12 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ വളയും കണ്ടെടുത്തു.
അന്വേഷണ സംഘത്തില്‍ എ.എസ്.ഐ വേണുഗോപാല്‍, SCPO മാരായ വിപിന്‍ മാത്യു, സുധീഷ്, സുശാന്ത് എന്നിവരും ഉണ്ടായിരുന്നു. പ്രതി അശ്വിന്‍ ഇപ്പോള്‍ തിരുനെല്‍വേലി പാളയംകോട്ട സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 10 ഓളം മോഷണ കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.