തദ്ദേശ തിരഞ്ഞെടുപ്പ്: സമൂഹമാധ്യമ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്‌പ്ലേ, എ ഐ ജനറേറ്റഡ് കണ്ടന്റ്‌റുകള്‍ കര്‍ശനമായി പരിശോധിക്കും;
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുടെ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്‌പ്ലേ, എ ഐ ജനറേറ്റഡ് കണ്ടന്റ്‌റുകള്‍ കര്‍ശനമായി പരിശോധിക്കും. എല്ലാ തദ്ദേശസ്ഥാപന നിയോജകമണ്ഡലങ്ങളിലും ഇത് പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
കേരള പൊലീസ് സോഷ്യല്‍ മീഡിയ പട്രോളിംഗിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഓഡിറ്റിങ് നടത്തുന്നുണ്ട്. വിവിധ സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിലെ ഗ്രൂപ്പുകളുടെ, പ്രത്യേകിച്ച് വാട് സാപ് ഗ്രൂപ്പുകളില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിന് വിധേയമാക്കും. വ്യാജമായതോ, ദോഷകരമായതോ, അപകീര്‍ത്തികരമായതോ ആയ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും.
വാട് സാപ് ഗ്രൂപ്പുകള്‍ വഴി അത്തരം കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതില്‍ സൈബര്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാജ കണ്ടന്റുകള്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കും. നീക്കം ചെയ്യാത്തപക്ഷം നിയമപരമായ നടപടികള്‍ പൊലീസ് സ്വീകരിക്കും.
തിരഞ്ഞെടുപ്പിലെ മാധ്യമ സംബന്ധിയായ വിഷയങ്ങള്‍ പരിശോധിക്കുന്നതിനായി രൂപീകരിച്ച മീഡിയ റിലേഷന്‍സ് കമ്മിറ്റിയുടെ ആദ്യ യോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേര്‍ന്നു. പത്ര, ദൃശ്യ, ശ്രവ്യ, സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി എല്ലാ ജില്ലകളിലും കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
കണ്ടന്റുമായി ബന്ധപ്പെട്ട പരാതികളില്‍, സമര്‍പ്പിക്കുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കണ്ടന്റുകളില്‍ അവ എ.ഐ നിര്‍മ്മിതമാണെന്ന് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും അല്ലാത്തവയ്‌ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ബി.എസ്. പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, കെ.യു.ഡബ്ല്യൂ.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍, ഐ.കെ.എം ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.കെ.നൗഫല്‍, സൈബര്‍ഡോം ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് കെ.ജി.കൃഷ്ണന്‍ പോറ്റി, പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ എം.നാഫിഹ്, കമ്മീഷന്‍ ലോ ഓഫീസര്‍ പ്രീതി ആര്‍ നായര്‍, കണ്‍സള്‍ട്ടന്റ് എം.ഷാജഹാന്‍, പിആര്‍ഒ കെ.എം.അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.