മണല്‍ മാഫിയക്കെതിരെ മുഖം നോക്കാതെ നടപടിയുമായി കുമ്പള പൊലീസ്; മണല്‍ സൂക്ഷിച്ച 500 ല്‍പരം ചാക്കുകള്‍ കീറി നശിപ്പിച്ചു

കടവിന് വഴിയുണ്ടാക്കി കൊടുക്കുന്ന സ്വകാര്യ വ്യക്തികള്‍ക്കും മണല്‍ സംഘങ്ങള്‍ക്കും എസ്‌കോര്‍ട്ട് പോകുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം;

Update: 2025-08-01 04:02 GMT

കുമ്പള: മണല്‍ സംഘങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ആറ് പൊലീസുകാരെ കുമ്പളയില്‍ നിന്ന് സസ്പെന്റ് ചെയ്ത സംഭവം പൊലീസിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തില്‍ മണല്‍ മാഫിയക്കെതിരെ മുഖം നോക്കാതെ നടപടിയുമായി കുമ്പള പൊലീസ് രംഗത്ത്. മണല്‍ സൂക്ഷിച്ച 500 ല്‍പരം ചാക്കുകള്‍ കീറി നശിപ്പിച്ചു. കൂട്ടിയിട്ട മണല്‍ പിടിച്ചെടുത്തു.

മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് രാത്രി കാലങ്ങളില്‍ കടത്താന്‍ ചാക്കിലാക്കിയ 500ല്‍ പരം മണലാണ് നശിപ്പിച്ചത്. ഇതിന് സമീപത്തായി കൂട്ടിയിട്ട മണല്‍ പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഒമ് നി വാനില്‍ കടത്തിയ മണലുമായി ഡ്രൈവര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച പുലര്‍ച്ചെ നാങ്കിയില്‍ നിന്ന് മണല്‍ കടത്തിയ ഒമ് നി വാനാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിജേഷും സംഘവും പിടികൂടിയത്.

കടവിന് വഴിയുണ്ടാക്കി കൊടുക്കുന്ന സ്വകാര്യ വ്യക്തികള്‍ക്കും മണല്‍ സംഘങ്ങള്‍ക്കും എസ്‌കോര്‍ട്ട് പോകുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജിജേഷ്, കുമ്പള എസ്.ഐ ശ്രീജേഷ്, അഡിഷണല്‍ എസ്.ഐ. സി. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Similar News