കോട്ടച്ചേരി ബസ് സ്റ്റാന്റ് തുറന്നില്ല; നഗരത്തില്‍ ജനത്തിരക്കും ഗതാഗതക്കുരുക്കും

Update: 2025-09-02 07:05 GMT

ഫയൽ ചിത്രം 

കാഞ്ഞങ്ങാട്: യാര്‍ഡ് കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായിട്ടും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് ഓണത്തിന് മുമ്പ് തുറന്നുകൊടുത്തേക്കില്ല. ഓണത്തിന് മൂന്നു ദിവസം മാത്രം ബാക്കിയിരിക്കെ നഗരത്തില്‍ തിരക്ക് രൂക്ഷമായിരിക്കുകയാണ്. സെപ്തംബര്‍ ആറിന് മുന്‍പ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി ബസ് സ്റ്റാന്റ് തുറന്നുകൊടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശവും നടപ്പാവുമോ എന്നതിലും സംശയമാണ്.

ബസ്സുകള്‍ക്ക് ബസ് സ്റ്റാന്റില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ സ്റ്റാന്റിന് തൊട്ടുമുന്നിലുള്ള സംസ്ഥാന പാതയിലാണ് നിര്‍ത്തിയിടുന്നത്. നേരെ എതിര്‍വശത്ത് കാസര്‍കോട് ഭാഗത്തേക്കുള്ള ബസ്സുകളും. ബസുകള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗതക്കുരുക്കില്‍ നഗരം വീര്‍പ്പുമുട്ടുകയാണ്. ബസ് സ്റ്റാന്റ് അടച്ചിട്ട് അഞ്ച് മാസം പൂര്‍ത്തിയായിരിക്കുകയാണ്.തിരക്ക് മുന്നില്‍ കണ്ട് ഓണത്തിന് മുമ്പ് സ്റ്റാന്റ് തുറന്നു കൊടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍.

ഓണവും നബിദിനവും ഒരേ ദിവസം ആയതിനാല്‍ നഗരം ജനത്തിരക്കിലമര്‍ന്നു. താല്‍ക്കാലികമായെങ്കിലും ബസുകളെ സ്റ്റാന്റിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. ബസ് സ്റ്റാന്റ് പരിസരത്തെ രൂക്ഷമായ തിരക്ക് വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുകയാണ്.ഇടയ്ക്കിടെയുള്ള മഴയും ഇരട്ടി ദുരിതമാവുകയാണ്.

അവസാന കോണ്‍ക്രീറ്റ് ഉറച്ചു കിട്ടാന്‍ ദിവസങ്ങള്‍ എടുക്കുന്നതാണ് സ്റ്റാന്‍ഡ് തുറന്നു കൊടുക്കാന്‍ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.കോട്ടച്ചേരി ബസ് സ്റ്റാന്റ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി ഏപ്രില്‍ ഒന്നിനാണ് അടച്ചിട്ടത്.53 ലക്ഷത്തിനാണ് കരാര്‍.

Similar News