ബസ്സില്ല..ഇവിടെ പൂക്കളുണ്ട്! പൂ മാര്‍ക്കറ്റായി കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ്

Update: 2025-09-04 07:17 GMT

കാഞ്ഞങ്ങാട്: നിര്‍മ്മാണം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാത്ത കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് ഒടുവില്‍ ഉപകാരപ്പെട്ടത് ഓണത്തിനായി പൂ വില്‍പ്പനയ്‌ക്കെത്തിയ മറുനാട്ടുകാര്‍ക്ക്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നഗരത്തിലെത്തിയ നൂറിലേറെ സംഘം ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് വില്‍പ്പന നടത്തുന്നത് . നഗരത്തില്‍ സാധാരണ ഫുട്പാത്തുകളിലും റോഡരികിലുമാണ് പൂവില്‍പ്പന നടക്കാറുള്ളത്. ഇത്തവണ ബസ് സ്റ്റാന്‍ഡ് തുറന്നു കൊടുക്കാത്തതിനാല്‍ ബസ്സുകളെല്ലാം റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗത കുരുക്ക് രൂക്ഷമായി. ഇതിന് പിന്നാലെയാണ് പൂവില്‍പ്പന ബസ് സ്റ്റാന്‍ഡിനകത്താക്കാന്‍ അധികൃതര്‍ തന്നെ തീരുമാനമെടുത്തത്.

കര്‍ണാടകയിലെ മൈസൂരു, ഗുണ്ടല്‍പേട്ട്, ചാമരാജനഗര്‍, ബന്ദിപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറിലേറെ സംഘമാണ് കഴിഞ്ഞ ദിവസം നഗരത്തിലെത്തിയത്. വിവിധ വര്‍ണങ്ങളിലുള്ള ചെണ്ടുമല്ലി, ജമന്തി, റോസ, അരളി തുടങ്ങിയ പൂക്കളാണ് വില്‍പ്പന നടത്തുന്നത്. കിലോക്ക് 100 മുതല്‍ 120 രൂപ വരെയാണ് വില. മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും ഇന്നലെ നഗരത്തില്‍ നല്ല തിരക്കാണനുഭവപ്പെട്ടത്. കടകളിലും വലിയ തിരക്കായിരുന്നു. പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക പന്തലൊരുക്കിയും വില്‍പ്പന തകൃതിയായി നടന്നു.

യാര്‍ഡ് കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായിട്ടും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് ഓണത്തിന് തുറന്നുകൊടുത്തില്ല. ഓണനും നബിദിനവും ഒരുമിച്ചായതിനാല്‍ നഗരത്തില്‍ തിരക്ക് രൂക്ഷമായിരിക്കുകയാണ്. സെപ്തംബര്‍ ആറിന് മുന്‍പ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി ബസ് സ്റ്റാന്റ് തുറന്നുകൊടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശവും നടപ്പായില്ല.

Similar News