കെ.എം. ഹനീഫ് കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍മാന്‍

Update: 2025-12-26 11:24 GMT

കാസര്‍കോട്: കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാനായി മുസ്ലിംലീഗിലെ കെ.എം. ഹനീഫിനെ തിരഞ്ഞെടുത്തു. ബി.ജെ.പിയിലെ രവീന്ദ്ര പൂജാരിയെ 12നെതിരെ 24 പേര്‍ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മൂന്നുപേര്‍ അസാധുവാക്കി. തളങ്കര പള്ളിക്കാല്‍ വാര്‍ഡില്‍ നിന്നുള്ള അംഗമണ് കെ.എം. ഹനീഫ്. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തുരുത്തി വാര്‍ഡില്‍ നിന്ന് വിജയിച്ച ഷാഹിന സലീം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒന്നര വര്‍ഷം മുമ്പ് തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് കെ.എം. ഹനീഫ് ആദ്യമായി നഗരസഭയിലെത്തിയത്. കഴിഞ്ഞ കൗണ്‍സിലില്‍ അംഗമായിരുന്ന മുസ്ലിംലീഗ് അംഗങ്ങളില്‍ പുതിയ കൗണ്‍സിലില്‍ അംഗമായിട്ടുള്ളത് ഹനീഫ് മാത്രമാണ്.

കെ.എസ്. സുലൈമാന്‍ ഹാജി ചെയര്‍മാനായിരുന്ന കാലയളവില്‍ നഗരസഭാ കൗണ്‍സിലറായിരുന്ന തളങ്കര പള്ളിക്കാലിലെ കെ.എം. അബ്ദുല്‍ ഖാദറിന്റെയും ചൂരി കദീജയുടെയും മകനും ദീര്‍ഘകാലം നഗരസഭാ അംഗവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ.എം. ഹസ്സന്റെ സഹോദര പുത്രനുമാണ്. കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് 1985ല്‍ ഇംഗ്ലീഷില്‍ ബിരുദവും 1987ല്‍ കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് എം.എ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടിയ ഹനീഫ് കാസര്‍കോട് നാഷണല്‍ സ്പോര്‍ട്ട്സ് ക്ലബ്ബ് പ്രസിഡണ്ട്, തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ എസ്.എം.സി. ചെയര്‍മാന്‍, ജില്ല നെറ്റ്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്, ദഖീറത്തുല്‍ ഉഖ്റ സംഘം ട്രഷറര്‍, മുഹിസ്സുല്‍ ഇസ്ലാം അസോസിയേഷന്‍ ട്രഷറര്‍, മാലിക് ദിനാര്‍ വലിയ ജുമഅത്ത് പള്ളി ഭരണസമിതി അംഗം, പള്ളിക്കാല്‍ കണ്ടത്തില്‍ മുഹ്യുദ്ദീന്‍ പള്ളി കമ്മിറ്റി ട്രഷറര്‍, കേരള ബില്‍ഡിങ്ങ് ഓണേര്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ മേഖല വൈസ് പ്രസിഡണ്ട്, പടാന്‍സ് പള്ളിക്കാല്‍ ഉപദേശക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. പി.എ. എഞ്ചിനിയറിംഗ് കോളേജിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നു ദീര്‍ഘകാലം.

Similar News