കാഞ്ഞങ്ങാട് സ്വദേശിനിയുടെ 16ലക്ഷത്തിലേറെ രൂപ അമേരിക്കന്‍ കമ്പനി തട്ടിയെടുത്തതായി പരാതി: പൊലീസ് അന്വേഷണം തുടങ്ങി

അമേരിക്കയിലുള്ള നെക്സ്റ്റ് ലഫ്റ്റ് എന്ന കമ്പനിക്കെതിരെയാണ് പരാതി;

Update: 2025-07-06 06:59 GMT

കാഞ്ഞങ്ങാട്: വര്‍ക്ക് ഫ്രം ഹോം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ അമേരിക്കന്‍ കമ്പനി 16 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. കാഞ്ഞങ്ങാട് വാഴുന്നോറൊടി സ്വദേശിനിയായ യുവതിയുടെ പണമാണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ അകപ്പെട്ട് നഷ്ടമായത്. യുവതിയുടെ പരാതിയില്‍ കാസര്‍കോട് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. അമേരിക്കയിലുള്ള നെക്സ്റ്റ് ലഫ്റ്റ് എന്ന കമ്പനി 16,38,953 രൂപ തട്ടിയെടുത്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ജൂണ്‍ 16ന് യുവതിക്ക് ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി വര്‍ക്ക് ഹോം ചെയ്ത് പണമുണ്ടാക്കാമെന്ന് നെക്സ്റ്റ് ലെഫ്റ്റ് കമ്പനിയുടെ പേരില്‍ മൊബൈല്‍ ഫോണില്‍ സന്ദേശം വന്നിരുന്നു. തുടര്‍ന്ന് കൊച്ചി സ്വദേശിനിയായ യുവതിയാണ് വാഴുന്നോറൊടി സ്വദേശിനിയെ ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്തത്. പിന്നീട്‌ജോലി തുടങ്ങാന്‍ നിര്‍ദേശം ലഭിച്ചു. മലയാളി വിളിച്ചതിനാല്‍ യുവതിക്ക് മറ്റു സംശയമൊന്നും തോന്നിയില്ല.

ആദ്യദിവസം 1048രൂപ അടച്ചതോടെ വിശ്വാസമായി. പിന്നീട് ഒരു ലക്ഷം രൂപ വന്നെങ്കിലും ഇപ്പോള്‍ ഈ തുക എടുക്കരുതെന്നും ചില ടാസ്‌കുകള്‍ ഉണ്ടെന്നും ഇങ്ങോട്ട് പണമയച്ചാല്‍ ഇരട്ടിയായി തിരിച്ചു നല്‍കാമെന്നും അറിയിച്ചു. ഇതോടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പണം അയച്ചു കൊണ്ടിരുന്നെങ്കിലും തിരികെ ഒരു രൂപ പോലും കിട്ടിയില്ല. 16ലക്ഷത്തിലേറെ രൂപ അയച്ചിട്ടും പ്രതികരണം ഉണ്ടാകാതിരുന്നതോടെ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ യുവതി കാസര്‍കോട് സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

Similar News