കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം സ്ലാബില്‍ യാത്രക്കാരുടെ കാലുകള്‍ കുടുങ്ങുന്നത് പതിവാകുന്നു
തീവണ്ടി യാത്രക്കാരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേരാണ് ഇതുവഴി നടന്നു പോകുന്നത്;
By : Online correspondent
Update: 2025-08-01 04:11 GMT
കുമ്പള: റെയില്‍വേ സ്റ്റേഷന് സമീപത്ത് ദേശീയപാതയിലെ സര്‍വീസ് റോഡില്‍ മഴ വെള്ളം ഓവ് ചാലിലേക്ക് കടന്നു പോകാന്‍ പൈപ്പ് കൊണ്ടുണ്ടാക്കിയ സ്ലാബില്‍ യാത്രക്കാരുടെ കാലുകള്‍ കുടുങ്ങുന്നത് പതിവായി. പത്ത് ദിവസം മുമ്പാണ് അധികൃതര്‍ ഇരുമ്പ് പൈപ്പുകളും ചെറിയ കമ്പികളും കൊണ്ട് സ്ലാബുണ്ടാക്കിയത്. തീവണ്ടി യാത്രക്കാരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി ആളുകള്‍ ഈ വഴിയാണ് നടന്നു പോകുന്നത്.
ഇരുമ്പ് പൈപ്പുകളുടെ ഇടയില്‍ കാലുകള്‍ കുടുങ്ങി ചെരിപ്പുകള്‍ നഷ്ടപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ചെറിയ കുട്ടികള്‍ നടന്നു പോകുമ്പോള്‍ കാല്‍ കുടുങ്ങി അപകടം സംഭവിക്കാമെന്നും പരിസര വാസികള്‍ പറയുന്നു. ഇതിന്റെ മുകളിലേക്ക് ചെറിയ കമ്പികള്‍ വെച്ച് പിടിപ്പിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.