ജില്ലാ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി വെള്ളരിക്കുണ്ട് ശാഖയിലെ നിക്ഷേപതട്ടിപ്പ്; 28 പേര്‍ കൂടി പരാതി നല്‍കി
സൊസൈറ്റിയില്‍ സ്ഥിരനിക്ഷേപം നടത്തിയ കര്‍ഷകര്‍ക്കും പണം തിരികെ ലഭിച്ചില്ല;
കാസര്‍കോട്: കാസര്‍കോട് ജില്ലാ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി വെള്ളരിക്കുണ്ട് ശാഖയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 28 പേര്‍ കൂടി പൊലീസില്‍ പരാതി നല്‍കി. പതിനൊന്നുവര്‍ഷം മുമ്പ് സൊസൈറ്റിയിലെ വെള്ളരിക്കുണ്ട് ശാഖയില്‍ നിക്ഷേപിച്ച എട്ട് ലക്ഷം രൂപ തിരിച്ചുകിട്ടിയില്ലെന്ന വീട്ടമ്മയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ബളാല്‍ വില്ലേജിലെ തകിടിയില്‍ ജിജി ജോയലിന്റെ പരാതിയില്‍ ജില്ലാ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മുന്‍ പ്രസിഡണ്ട് സൈമണ്‍ പള്ളത്ത് കുഴി, മുന്‍ ജീവനക്കാരന്‍ കാലിച്ചാനടുക്കത്തെ ബേബി എന്നിവര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.
നിക്ഷേപിച്ച തുകയ്ക്കുള്ള പലിശയോ പണമോ തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ജിജിയുടെ പരാതിയില്‍ പറയുന്നത്. ഈ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് 28 പേര്‍ കൂടി പൊലീസില്‍ പരാതി നല്‍കിയത്. അതിനിടെ ജില്ലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ സ്ഥിരനിക്ഷേപം നടത്തിയ കര്‍ഷകര്‍ക്കും പണം തിരികെ ലഭിച്ചില്ല. ഇവര്‍ക്ക് ലഭിക്കാനുള്ളത് അഞ്ച് കോടി രൂപയാണ്. റബ്ബര്‍ പാലും ഷീറ്റും നല്‍കിയ കര്‍ഷകരാണ് പണം നിക്ഷേപിച്ചത്.
2014 വരെ പലിശയെങ്കിലും ലഭിച്ചിരുന്നു. പിന്നീട് അതുപോലും കിട്ടാതായെന്നാണ് പരാതി നല്‍കിയവര്‍ പറയുന്നത്. നിക്ഷേപം എന്ന് തിരികെ ലഭിക്കുമെന്നറിയാതെ മലയോരത്തെ കര്‍ഷകര്‍ ആശങ്കയിലാണ്. വരും ദിവസങ്ങളില്‍ പരാതികള്‍ നല്‍കുന്നവരുടെ എണ്ണം കൂടുമെന്നാണ് വിവരം.