കോട്ടിക്കുളത്ത് കണ്ടെത്തിയ പുരാവസ്തുശേഖരത്തില്‍ വിദേശത്ത് നിന്ന് കൊണ്ടുവന്ന സാധനങ്ങളും അമൂല്യവസ്തുക്കളുമുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്
ആഗസ്ത് 18നാണ് കോട്ടിക്കുളത്തെ പഴയ വീട്ടിലും ഒറ്റമുറി കെട്ടിടത്തിലും പുരാവസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്;
ബേക്കല്‍: കോട്ടിക്കുളത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് കണ്ടെത്തിയ പുരാവസ്തു ശേഖരത്തില്‍ വിദേശത്ത് നിന്ന് കൊണ്ടുവന്ന സാധനങ്ങളും അമൂല്യവസ്തുക്കളുമുള്ളതായി പുരാവസ്തു വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്. പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലും ഒറ്റമുറി കെട്ടിടത്തിലും നേരത്തെ നടത്തിയ പരിശോധനയില്‍ തോക്കുകളും വാളുകളും വിവിധ പാത്രങ്ങളും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ തൃശൂര്‍ മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് അമൂല്യവസ്തുക്കളും വിദേശത്ത് നിന്ന് കൊണ്ടുവന്ന സാധനങ്ങളും കണ്ടെത്തിയത്.
ഇവയില്‍ ഏതാനും സാധനങ്ങള്‍ വിദേശനിര്‍മ്മിതമാണെന്നും ഗള്‍ഫില്‍ നിന്നോ മറ്റ് രാജ്യങ്ങളില്‍ നിന്നോ കൊണ്ടുവന്നതാണെന്നും പുരാവസ്തു വിദഗ്ധര്‍ വ്യക്തമാക്കി. പരിശോധനാ റിപ്പോര്‍ട്ട് പുരാവസ്തു അധികൃതര്‍ ബേക്കല്‍ പൊലീസിന് തുടര്‍ നടപടികള്‍ക്കായി കൈമാറി. ആഗസ്ത് 18നാണ് കോട്ടിക്കുളത്തെ പഴയ വീട്ടിലും ഒറ്റമുറി കെട്ടിടത്തിലും പുരാവസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. പുരാവസ്തു വകുപ്പിലെ വിദഗ്ധസംഘം രണ്ടുതവണ കോട്ടിക്കുളത്തെത്തിയാണ് പരിശോധന പൂര്‍ത്തിയാക്കിയത്.