എന്‍.എച്ച് സര്‍വീസ് റോഡില്‍ അനധികൃത പാര്‍ക്കിംഗ്; വഴിമുട്ടി കാല്‍നട യാത്രക്കാര്‍
കാസര്‍കോട്: ദേശീയ പാതാ 66 സര്‍വീസ് റോഡില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നു. വിദ്യാനഗര്‍ മുതല്‍ ബി.സി റോഡ് വരെയുള്ള ഭാഗങ്ങളിലാണ് പാര്‍ക്കിംഗ് കൂടുതല്‍. സര്‍വീസ് റോഡിലെ ഇടത് വശത്തെ സ്ലാബ് സ്ഥാപിച്ച ഭാഗത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.ഇരുചക്ര വാഹനങ്ങളും കാറുകളും ഓട്ടോ റിക്ഷകളും നിരനിരയായാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതുമൂലം വിദ്യാനഗര്‍ ബസ് സ്‌റ്റോപ്പിലിറങ്ങി നടക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരാണ് ബുദ്ധിമുട്ടിലാവുന്നത്. പാര്‍ക്ക് ചെയ്ത വാഹനത്തെ മറികടന്ന് വലതുവശത്തുകൂടി നടക്കാമെന്ന് വെച്ചാല്‍ ഏത് നിമിഷവും അപകടം സംഭവിക്കാം. പിറകില്‍ വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്താതെ പാര്‍ക്ക് ചെയ്ത വാഹനത്തെ മറികടന്ന് നടന്നാല്‍ അപകടം സംഭവിച്ചേക്കാം. മഴക്കാലം കൂടി ആയതിനാല്‍ അപകടസാധ്യത ഏറെയാണ്. ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ പിറകില്‍ നിന്ന് വരുന്ന വാഹനം ഇടിച്ചേക്കാം. വിദ്യാനഗര്‍ മുതല്‍ ബി.സി റോഡ് വരെയുള്ള വിവിധ കടകളിലേക്കും ഹോട്ടലുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും വരുന്ന ആവശ്യക്കാരുടെ വാഹനങ്ങളാണ് അശ്രദ്ധമായി പാര്‍ക്ക് ചെയ്യുന്നത്. വിദ്യാനഗറിലെ പെട്രോള്‍ പമ്പിലേക്ക് വരുന്ന വാഹനങ്ങളുടെ എണ്ണം കൂടുമ്പോള്‍ ദുരിതം ഇരട്ടിയാവും. വിദ്യാനഗറില്‍ നിന്ന് ബി.സി റോഡിലേക്കും തിരിച്ചും നടക്കുന്ന കാല്‍നടയാത്രക്കാര്‍ മറ്റ് വഴി കണ്ടെത്തേണ്ട സാഹചര്യമാണ്.