കണക്കില്‍ കൃത്രിമം; ഹരിതകര്‍മ്മ സേനാംഗങ്ങളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു

ബദിയടുക്ക ഗ്രാമ പഞ്ചായത്ത് 17ാം വാര്‍ഡ് ഹരിത കര്‍മ്മ സേനാംഗങ്ങളായ ഏണിയര്‍പ്പ് ലൈഫ് വില്ലയിലെ സീനത്ത്, ശാരദ എന്നിവരെയാണ് പിരിച്ചു വിടാന്‍ തീരുമാനിച്ചത്;

Update: 2025-10-08 06:51 GMT

ബദിയടുക്ക: കണക്കില്‍ കൃത്രിമം കാട്ടിയ ഹരിത കര്‍മ്മ സേന അംഗങ്ങളെ ജോലിയില്‍ നിന്നും പിരിച്ചു വിടാനും വിജിലന്‍സ് അന്വേഷണം നടത്താന്‍ അപേക്ഷ നല്‍കാനും പഞ്ചായത്ത് ഭരണ സമിതി യോഗത്തിന്റെ തീരുമാനം. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് ഹരിത കര്‍മ്മ സേനാംഗങ്ങളായ ഏണിയര്‍പ്പ് ലൈഫ് വില്ലയിലെ സീനത്ത്, ഏണിയര്‍പ്പിലെ ശാരദ എന്നിവരെയാണ് ജോലിയില്‍ നിന്ന് പിരിച്ചു വിടാനും വിജിലന്‍സ് അന്വേഷണത്തിന് അപേക്ഷ നല്‍കാനും ഭരണ സമിതി യോഗം തീരുമാനിച്ചത്. പഞ്ചായത്തിലെ 19 അംഗങ്ങളില്‍ 17പേരുടെ പിന്തുണയോടെയാണ് യോഗ തീരുമാനം.

വാര്‍ഡില്‍ നിന്നും യുസര്‍ ഫീയായി പിരിച്ചെടുക്കുന്ന തുക ബാങ്കില്‍ അടയ്ക്കുമ്പോള്‍ തുക പൂര്‍ണമായും അടക്കാതെ പഞ്ചായത്ത് ഓഫീസില്‍ രശീതി നല്‍കുമ്പോള്‍ അതില്‍ കൃത്യമായ തുക കാണിച്ചാണ് കൃത്രിമം നടത്തിയത്. കൃത്രിമം നടന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്ന് ഓഡിറ്റ് വിഭാഗം പഞ്ചായത്ത് ഓഫീസിലെത്തി എല്ലാ വാര്‍ഡുകളിലേയും ഹരിത കര്‍മ്മ സേനാംഗങ്ങളുടെ കണക്കുകള്‍ പരിശോധന നടത്തി വരുന്നതായും നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമെ കൃത്രിമം നടത്തിയ തുകയുടെ കണക്ക് വെളിപ്പെടുത്തുവാന്‍ കഴിയുമെന്നും എന്നാല്‍ കണക്കില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരേയും ജോലിയില്‍ നിന്ന് പിരിച്ചു വിടാനുള്ള ഭരണ സമിതിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനമാണ് ഇതെന്നും പഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്ത പറഞ്ഞു.

Similar News