റോഡില്‍ തെന്നിയ കാര്‍ 3 തവണ വട്ടംകറങ്ങി; വാഹനത്തിന്റെ പിന്‍ഭാഗമിടിച്ച് സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണ് മല്‍സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
തമിഴ്നാട് സ്വദേശിയായ വേലായുധന്‍ ആണ് മരിച്ചത്;
കുമ്പള: റോഡില്‍ നിന്ന് തെന്നിയ കാര്‍ മൂന്ന് തവണ വട്ടം കറങ്ങി. കാറിന്റെ പിന്‍ഭാഗം ഇടിച്ച് സര്‍വീസ് റോഡിലേക്ക് തെറിച്ച് വീണ മല്‍സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ വേലായുധന്‍ (60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30മണിയോടെ കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്താണ് അപകടം. ദേശീയപാതയിലൂടെ നടന്നു പോകുകയായിരുന്ന വേലായുധനെ കാസര്‍കോട് ഭാഗത്ത് നിന്ന് ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്ന അമിത വേഗതയില്‍ വന്ന കാറാണ് ഇടിച്ചത്.
കാര്‍ റോഡില്‍ നിന്ന് തെന്നി മൂന്ന് പ്രാവശ്യം വട്ടം തിരിഞ്ഞതോടെ കാറിന്റെ പിറകു വശം ഇടിച്ച് വേലായുധന്‍ സര്‍വീസ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധന്‍ തക്ഷണം തന്നെ മരിക്കുകയും ചെയ്തു. എന്നാല്‍ കാറിന്റെ പിറകു വശം ഇടിച്ച് ഒരാള്‍ റോഡിലേക്ക് തെറിച്ച് വീണത് കാര്‍ ഡ്രൈവര്‍ അറിഞ്ഞില്ല. പിന്നീട് കുമ്പള പൊലീസെത്തി സമീപത്തെ സി.സി.ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് അപകടം സംഭവിച്ചതായി മനസിലായത്.
വേലായുധന്‍ കാസര്‍കോട്ടെ മല്‍സ്യതൊഴിലാളികളോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു. സുഹൃത്തിനെ കാണാനാണ് കുമ്പളയിലേക്ക് വന്നത്. കാര്‍ പിന്നീട് പൊലീസ് കസ്റ്റഡിലെടുത്തു. കാറോടിച്ച ആള്‍ക്കെതിരെ കേസെടുത്തു.