ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: തളങ്കര സ്വദേശിയുടെ പരാതിയില്‍ എം.സി ഖമറുദ്ദീന്‍ ഉള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്
പ്രതിമാസം 10 ശതമാനം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരന്‍ നിക്ഷേപിച്ചത് 10 ലക്ഷം രൂപ;
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ എം.സി ഖമറുദ്ദീന്‍ ഉള്‍പ്പെടെ 2 പേര്‍ക്കെതിരെ വീണ്ടും കേസ്. തളങ്കര പള്ളിക്കാല്‍ റോഡിലെ കുണ്ടുവളപ്പില്‍ ന്യൂമാന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പരാതിയിലാണ് ഫാഷന്‍ഗോള്‍ഡ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ ടികെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. 2017 മെയ് 19 ന് ആണ് കുഞ്ഞഹമ്മദ് ഹാജി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ഗോള്‍ഡില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചത്.
പ്രതിമാസം 10 ശതമാനം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്. എന്നാല്‍ ലാഭവിഹിതം കിട്ടിയില്ല. നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇതും നല്‍കിയില്ലെന്നും കുഞ്ഞഹമ്മദ് ഹാജിയുടെ പരാതിയില്‍ പറയുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് പ്രതികള്‍ക്കെതിരെ 210 കേസുകളുണ്ട്. 700 ഓളം പേരില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. പൊലീസിന് പുറമെ ക്രൈംബ്രാഞ്ചും ഈ കേസില്‍ അന്വേഷണം നടത്തിയിരുന്നു.