ദേശീയപാത നിര്‍മ്മാണത്തിന് വീട് പൊളിക്കുന്നതിനെതിരെ ആത്മഹത്യാഭീഷണയുമായി കുടുംബം; കലക്ട്രേറ്റില്‍ യോഗം ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യും

ബേവിഞ്ചയിലെ കരാറുകാരനായ എം.ടി അബ്ദുള്‍ ബഷീറും കുടുംബവുമാണ് ഞായറാഴ്ച രാവിലെ ഗ്യാസ് കുറ്റിയും പെട്രോള്‍ നിറച്ച കുപ്പിയുമായി ആത്മഹത്യാഭീഷണി മുഴക്കിയത്;

Update: 2025-11-03 05:08 GMT

കാസര്‍കോട് : ദേശീയപാത നിര്‍മ്മാണത്തിന് വീട് പൊളിക്കുന്നതിനെതിരെ കുടുംബം ആത്മഹത്യാഭീഷണി മുഴക്കിയ സാഹചര്യത്തില്‍ കലക്ട്രേറ്റില്‍ ഇന്ന് യോഗം ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യും. ബേവിഞ്ചയിലെ കരാറുകാരനായ എം.ടി അബ്ദുള്‍ ബഷീറും കുടുംബവുമാണ് ഞായറാഴ്ച രാവിലെ ഗ്യാസ് കുറ്റിയും പെട്രോള്‍ നിറച്ച കുപ്പിയുമായി ആത്മഹത്യാഭീഷണി മുഴക്കിയത്.

ദേശീയപാത നിര്‍മ്മാണത്തിന് മാര്‍ക്ക് ചെയ്ത ഭാഗത്ത് പണിയെടുക്കാന്‍ കമ്പനി അധികൃതരെത്തിയപ്പോള്‍ കുടുംബം എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ആത്മഹത്യാഭീഷണിയുണ്ടായത്. ബഷീറും കുടുംബവും താമസിക്കുന്ന വീടിന്റെ മുന്‍ഭാഗത്തെ നാല് കോണ്‍ക്രീറ്റ് തൂണുകളും പൂമുഖവും താഴെ ഭാഗത്തും മുകള്‍ ഭാഗത്തുമുള്ള ഓരോ കിടപ്പുമുറിയും ഉള്‍പ്പെടെയുള്ള ഭാഗമാണ് ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നത്. കെട്ടിടം ഭാഗികമായി പൊളിക്കുകയാണെങ്കില്‍ അവശേഷിക്കുന്ന ഭാഗത്ത് താമസിക്കാന്‍ കഴിയില്ലെന്ന് പൊതുമരാമത്ത് വകുപ്പും സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറും തഹസില്‍ദാറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കലക്ടര്‍ നിയോഗിച്ച ആറംഗസമിതിയും ഇതേ രീതിയിലുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കെട്ടിടം പൂര്‍ണ്ണമായും ഏറ്റെടുത്ത് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ പൂര്‍ണ്ണമായും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ല. ഇതോടെ കുടുംബം കോടതിയില്‍ ഹരജി നല്‍കി. ആറുമാസം മുമ്പ് വീടിന്റെ മതില്‍ പൊളിച്ചുനീക്കി പ്രവൃത്തി ആരംഭിച്ചെങ്കിലും ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ തടഞ്ഞിരുന്നു.

ഇതുസംബന്ധിച്ച കേസില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ അറസ്റ്റിലാവുകയും ചെയ്തു. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ അനശ്ചിതത്വം തുടര്‍ന്നതോടെ കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും സ്റ്റേ ഉത്തരവ് വാങ്ങുകയും ചെയ്തു. എന്നാല്‍ സ്റ്റേ നീങ്ങിയെന്ന് പറഞ്ഞാണ് ദേശീയപാത നിര്‍മ്മാണകമ്പനി ജീവനക്കാര്‍ ശനിയാഴ്ച രാത്രി പൊലീസുമായി അബ്ദുള്‍ ബഷീറിന്റെ വീട്ടിലെത്തിയത്.

എന്നാല്‍ കോടതി ഉത്തരവ് കുടുംബത്തിന് നല്‍കിയില്ല. ഇതിനെ കുടുംബം ചോദ്യം ചെയ്തതോടെ തര്‍ക്കമുണ്ടായി. വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ നിര്‍മ്മാണകമ്പനി പിന്‍വാങ്ങിയെങ്കിലും ഞായറാഴ്ച രാവിലെ മണ്ണുമാന്തി യന്ത്രങ്ങളും പൊലീസുമായി വീണ്ടും എത്തുകയും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പണി തുടങ്ങുകയും ചെയ്തു. ഇതോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബം ആത്മഹത്യാ ഭീഷണി മുഴക്കിയത്.

എന്‍.എ നെല്ലിക്കുന്ന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയില്‍ വീട്ടുവളപ്പില്‍ കയറിയുള്ള നിര്‍മ്മാണമുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സ്ഥിതി ശാന്തമായത്.

Similar News