ജില്ലയിലെ ആദ്യ ഗവ. എഞ്ചി. കോളേജ്: നടപടികൾക്ക് തുടക്കം; നോഡൽ ഓഫീസറെ നിയമിച്ചു
കാസർകോട്: ജില്ലയിലെ ആദ്യ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ചെറുവത്തൂരിലെ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ വളപ്പിലാണ് കോളേജ് ആരംഭിക്കുക. എം രാജഗോപാലൻ എം എൽ എയുടെ സാന്നിദ്ധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാളിനെ ഇതിനായുള്ള നോഡൽ ഓഫീസറായി നിയമിക്കാൻ തീരുമാനിച്ചതായും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും അക്കാദമികമായ കഴിവുള്ളവരുമായ നിരവധി വിദ്യാർത്ഥികളുടെ ചിരകാലാവശ്യമാണ് സർക്കാർ ഉടമസ്ഥതയിൽ എഞ്ചിനീയറിംഗ് കോളേജ്. ചെറുവത്തൂരിലെ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ വളപ്പിൽ പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടുത്തിയുള്ള ബിടെക് കോഴ്‌സുകൾ ആരംഭിക്കാനുള്ള ശുപാർശ പരിശോധിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഇതിനായി ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസസ്, റോബോട്ടിക്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുക. ഈ കോഴ്‌സുകൾ ആരംഭിക്കാൻ എ ഐ സി ടി ഇയുടെ അനുമതി നേടിയെടുക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി കൈക്കൊള്ളാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി. നിലവിൽ നിർദ്ദേശിച്ച കോഴ്‌സുകൾ ടെക്‌നിക്കൽ ഹൈസ്‌കൂൾ കെട്ടിടത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉടൻതന്നെ ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. കാസർഗോഡ് വികസന പാക്കേജിൽ നിന്നും ഇതിനായി ഫണ്ട് ലഭ്യമാക്കാനാകുമോയെന്ന് പരിശോധിക്കാമെന്ന് എം എൽ എ അറിയിച്ചിട്ടുണ്ട് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.