പെരിയ ഇരട്ട കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു
13-ാം പ്രതിയും സിപിഎം നേതാവുമായ എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സര്‍ക്കാരത്തിലാണ് ഇവര്‍ പങ്കെടുത്തത്;
കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊല കേസിലെ പ്രതിയായിരുന്ന സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ വിവാഹ സര്‍ക്കാരത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നാല് കോണ്‍ഗ്രസ് നേതാക്കളെയും തിരിച്ചെടുത്തു.
മുന്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ രാജന്‍ പെരിയ, പെരിയ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി രാമകൃഷ്ണന്‍, പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പ്രമോദ് കുമാര്‍ എന്നിവര്‍ക്കെതിരെ സ്വീകരിച്ചിരുന്ന അച്ചടക്കനടപടിയാണ് പിന്‍വലിച്ചത്. കെപിസിസി പ്രസിഡണ്ട് അഡ്വ സണ്ണി ജോസഫ് എംഎല്‍എ ആണ് ഇക്കാര്യം അറിയിച്ചത്.
പെരിയ ഇരട്ടക്കൊലപാതക കേസിലെ 13-ാം പ്രതിയും സിപിഎം നേതാവുമായ എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സര്‍ക്കാരത്തിലാണ് ഇവര്‍ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്തതിന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ പുല്ലൂര്‍-പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയുടെ സ്ഥാനം തെറിച്ചിരുന്നു. ഇത് പൊറുക്കാന്‍ കഴിയാത്ത തെറ്റെന്ന് പറഞ്ഞാണ് ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസല്‍ പ്രമോദിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.
എന്നാല്‍ താന്‍ മാത്രമല്ല വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പലരുമുണ്ടായിരുന്നുവെന്നും അവരുടെ പേരുപറഞ്ഞ് പ്രമോദ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കാസര്‍കോട് എം.പി. രാജ് മോഹന്‍ ഉണ്ണിത്താന്‍ സോഷ്യല്‍ മീഡിയയില്‍ കൂടി ശക്തമായി രംഗത്തെത്തിയിരുന്നു. വിവാഹ സത്കാരത്തില്‍ പങ്കെടുത്തത് എത്ര ഉന്നതനായാലും കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നായിരുന്നു ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരേ ബാലകൃഷ്ണന്‍ പെരിയയും രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വിഷയത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി.ക്കെതിരെ ഉയര്‍ന്ന സമൂഹ മാധ്യമ പോസ്റ്റുകളെക്കുറിച്ച് അന്വേഷിക്കാനും കെപിസിസി അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.