ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട മകളെ സിപിഎം നേതാവ് വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നതായി പരാതി

ഉദുമയിലെ ഒരു സിപിഎം നേതാവിനെതിരെയാണ് മകള്‍ വീഡിയോ സന്ദേശവുമായി രംഗത്തുവന്നത്;

Update: 2025-10-21 06:09 GMT

ഉദുമ: ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട മകളെ സിപിഎം നേതാവ് വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നതായി പരാതി. ഉദുമയിലെ ഒരു സിപിഎം നേതാവിനെതിരെയാണ് മകള്‍ വീഡിയോ സന്ദേശവുമായി രംഗത്തുവന്നത്. ഇതര മതസ്ഥനായ യുവാവിനെ വിവാഹം ചെയ്യണമെന്ന് അറിയിച്ചപ്പോള്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും അരയ്ക്ക് താഴെ തളര്‍ന്ന തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നുവെന്നും യുവതി വീഡിയോയില്‍ പറയുന്നു.

'അഞ്ചുമാസത്തോളമായി ഞാന്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ്. അരയ്ക്ക് താഴെ തളര്‍ന്ന എന്റെ ചികിത്സയെല്ലാം നിര്‍ത്തിവച്ചിരിക്കുന്നു. ഇതര മതസ്ഥനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം അറിയിച്ചതുമുതല്‍ എനിക്കെതിരെ പീഡനങ്ങള്‍ ആരംഭിക്കുകയായിരുന്നു. എന്റെ കുടുംബം മാനസികമായും ശാരീരികമായും എനിക്കെതിരെ കടുത്ത പീഡനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്ര ഉപദ്രവങ്ങളാണ് എനിക്ക് നേരെ നടത്തുന്നത്.

എന്റെ അച്ഛന്‍ ഉദുമയിലെ അറിയപ്പെടുന്ന സിപിഎം നേതാവാണ്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഫോണ്‍ വാങ്ങിവച്ചതിനെ തുടര്‍ന്ന് കയ്യില്‍ രഹസ്യമായി സൂക്ഷിച്ച ഫോണില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ച് പുറത്തുവിടുന്നത്' - എന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കി.

വിവാഹ മോചിതയായ യുവതിക്ക് വാഹനാപകടത്തെ തുടര്‍ന്നാണ് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടത്. ഇതോടെ വീട്ടില്‍ ഒതുങ്ങി കൂടുകയായിരുന്നു. ചികിത്സയില്‍ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് നാഡീ വൈദ്യം വീട്ടുകാര്‍ പരീക്ഷിച്ചു. ഇതിനായി എത്തിയ ഇതര മതസ്ഥനായ യുവാവുമായി യുവതി അടുപ്പത്തിലാകുകയും വിവാഹം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടില്‍ തന്നെ പൂട്ടിയിടുകയായിരുന്നു. വീട്ടുതടങ്കലിലാണെന്ന് കാണിച്ച് ഒരു സുഹൃത്ത് വഴി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്‌തെങ്കിലും പൊലീസ് തന്നോട് ഒന്നും ചോദിക്കാന്‍ തയ്യാറായില്ലെന്ന് യുവതി പറയുന്നു.

Similar News