ട്രെയിന്‍ യാത്രയ്ക്കിടെ കോളേജ് അധ്യാപകന് മര്‍ദനം: 2 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

മംഗളൂരു ഗോവിന്ദ പൈ കോളേജിലെ അസി. പ്രൊഫസര്‍ കാഞ്ഞങ്ങാട്ടെ കെ സജനാണ് മര്‍ദനമേറ്റത്;

Update: 2025-07-30 10:45 GMT

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രയ്ക്കിടെ കോളേജ് അധ്യാപകനെ മര്‍ദിച്ചതായി പരാതി. മംഗളൂരു ഗോവിന്ദ പൈ കോളേജിലെ അസി. പ്രൊഫസര്‍ കാഞ്ഞങ്ങാട്ടെ കെ സജ(48)നാണ് മര്‍ദനമേറ്റത്. സജന്റെ പരാതിയില്‍ മംഗളൂരു കോളേജിലെ രണ്ട് പിജി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കോളേജ് വിട്ട് ട്രെയിനില്‍ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു സജന്‍. കാസര്‍കോട്ട് എത്താറായപ്പോള്‍ തിരക്കിനിടെ ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികള്‍ സജന്റെ ഷോള്‍ഡറില്‍ കൈ വെച്ചു. ഇതിനെ ചോദ്യം ചെയ്ത സജനെ രണ്ട് പിജി വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ അധ്യാപകന്‍ റെയില്‍വേ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ റെജിമോന്‍, എസ്.ഐ പ്രകാശന്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Similar News