കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അതിക്രമം; നടപടിയില്ലെങ്കില്‍ ഒ.പി ബഹിഷ്‌ക്കരിച്ച് സമരം നടത്തുമെന്ന് ഡോക്ടര്‍മാര്‍

അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും അണങ്കൂരിലെ ഷാനിബിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു;

Update: 2025-11-07 06:40 GMT

കാസര്‍കോട് : വ്യാഴാഴ്ച കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള സമരത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞദിവസം രാവിലെ 10.30 മണിയോടെയാണ് ആസ്പത്രിയില്‍ അതിക്രമം നടന്നത്. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പരിക്കേറ്റ അണങ്കൂര്‍ ബെദിര സ്വദേശികളായ രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബെദിരയിലെ തോട്ടത്തില്‍ വെച്ച് സൈനുദ്ദീന്‍, ഷിഹാബ് എന്നിവരെ ബന്ധുവായ ഷാനിബ് അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സൈനുദ്ദീന്റെ തലക്കും ഷിഹാബിന്റെ കൈകാലുകള്‍ക്കുമാണ് പരിക്കേറ്റത്. തുടര്‍ന്ന് ഇരുവരെയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ പിന്നാലെ ഷാനിബ് ആസ്പത്രിയിലെത്തുകയും അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന സൈനുദ്ദീനെയും ഷിഹാബിനെയും വീണ്ടും മര്‍ദ്ദിക്കുകയുമായിരുന്നു.

അക്രമം തടയാന്‍ ശ്രമിച്ച വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. തുടര്‍ന്ന് ആസ്പത്രി ജീവനക്കാരും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്നാണ് അക്രമം തടഞ്ഞത്. സംഭവത്തിന് പിന്നാലെ ചികില്‍സക്കെത്തിയവരും അക്രമം നടത്തിയവരും ആസ്പത്രി വിട്ട് പോകുകയും ചെയ്തു. അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും അണങ്കൂരിലെ ഷാനിബിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.

സംഭവസമയത്ത് പൊലീസ് എയ്ഡ് പോസ്റ്റില്‍ പൊലീസുകാര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ആസ്പത്രി ജീവനക്കാര്‍ ആരോപിച്ചു. മുമ്പും അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കയ്യേറ്റശ്രമമുണ്ടായപ്പോഴും പൊലീസ് സഹായമൊന്നും ലഭിച്ചില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ആസ്പത്രിയില്‍ അതിക്രമങ്ങള്‍ തുടരാന്‍ ഇതൊക്കെ കാരണമാകുന്നുണ്ടെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തി.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ ഒ.പി ബഹിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനറല്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധം സംഘടിപ്പിച്ചു.

Similar News