ചെങ്ങറ പുനരധിവാസം; 58 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി; നടപടി കമ്മീഷന്റെ സന്ദര്‍ശനത്തിന് പിന്നാലെ

Update: 2025-08-05 04:16 GMT

പെരിയ: പട്ടികജാതി പട്ടിക വര്‍ഗ ഗോത്ര കമ്മീഷന്റെ സന്ദര്‍ശനത്തിന് പിന്നാലെ ചെങ്ങറ പുനരധിവാസ പാക്കേജിലൂടെ പെരിയയില്‍ 58 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി. കഴിഞ്ഞ ദിവസം പട്ടിക ജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഭൂപ്രശ്‌നങ്ങള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യ ആവശ്യങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. പെരിയയില്‍ സര്‍വേ നമ്പര്‍ 341/1-ല്‍ അനുവദിച്ച ഭൂമിയിലാണ് ഏറെ നാളുകളായി നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് അറുതി വരുത്തി പട്ടയങ്ങള്‍ വിതരണം ചെയ്തത്.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന ഭൂമി, ഗുണഭോക്താക്കളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി 2021 മെയ് 10 ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പിലേക്ക് തിരിച്ചുനല്‍കിയിരുന്നു.പട്ടയം അനുവദിച്ച 60 പേരില്‍ പട്ടികജാതിക്കാര്‍ക്ക് 50 സെന്റ് വീതവും, മറ്റ് വിഭാഗങ്ങള്‍ക്ക് 25 സെന്റ് വീതവും ഭൂമി നല്‍കി. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് 42 സെന്റ് ഭൂമി കൃഷി ആവശ്യങ്ങള്‍ക്കും എട്ട് സെന്റ് കിടപ്പാട ആവശ്യങ്ങള്‍ക്കും നല്‍കി.മറ്റു വിഭാഗക്കാര്‍ക്ക് നല്‍കിയ 25 സെന്റ് ഭൂമിയില്‍ എട്ട് സെന്റ് കിടപ്പാട ആവശ്യങ്ങള്‍ക്കും 17 സെന്റ് കൃഷി ആവശ്യങ്ങള്‍ക്കും വേണ്ടിയായിരുന്നു. ഇതില്‍ കൃഷി ആവശ്യങ്ങള്‍ക്ക് അനുവദിച്ച ഭൂമിക്ക് വ്യക്തമായ അതിര്‍ത്തി നിര്‍ണയം നടന്നിരുന്നില്ല. ഇത് ഗുണഭോക്താക്കള്‍ക്കിടയില്‍ ആശയ കുഴപ്പത്തിന് വഴി വെച്ചു. പിന്നീട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃഷിഭൂമിയുടെ അതിര്‍ത്തി നിര്‍ണയവും റീസര്‍വേ നടപടികളും പൂര്‍ത്തിയാക്കി.58 പേര്‍ക്കാണ് നിലവില്‍ ഭൂമിയുടെ കൃത്യമായ അതിര്‍ത്തി നിര്‍ണയം നടത്തി പട്ടയം കൈമാറിയത്.

ഹോസ്ദുര്‍ഗ് താലൂക്കില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. ഇന്‍ ചാര്‍ജ് ബിനു ജോസഫ് പട്ടയം വിതരണം ചെയ്തു. ചടങ്ങില്‍ ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ ജി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഭൂരേഖ തഹസില്‍ദാര്‍ വി. അശോകന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ. രമേഷ്, അനില്‍ സി.ഫിലിപ്പ്, പെരിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ രഞ്ജിനി എന്നിവര്‍ സംസാരിച്ചു.

Similar News