ജ്യൂസ് കടയില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ചു; പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കെതിരെ കേസ്
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കെതിരെയാണ് കേസ്;
ഉപ്പള: ജ്യൂസ് കടയില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ചെന്ന പരാതിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കെതിരെയാണ് കേസ്.
തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞതിന് ശേഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജ്യൂസ് കുടിക്കാന്‍ കടയില്‍ കയറിയതായിരുന്നു. ഇതിനിടെ അതേ സ്‌കൂളിലെ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാര്‍ത്ഥിനികള്‍ ജ്യൂസ് കടയില്‍ കയറുകയും സംഘത്തിലെ ഒരു വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വിട്ടാല്‍ വീട്ടിലേക്ക് പോകണമെന്ന് നിനക്കറിയില്ലേയെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ചോദിക്കുകയും ചെയ്തു.
ബസില്‍ നല്ല തിരക്കാണെന്നും അത് കൊണ്ടാണ് ജ്യൂസ് കുടിക്കാന്‍ കടയില്‍ കയറിയതെന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ എന്റെ കാര്യത്തില്‍ നീ എന്തിനാണ് ഇടപെടുന്നതെന്ന് ചോദിച്ചപ്പോള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മുഖത്തടിച്ചുവെന്നാണ് പരാതി. വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് വീക്കം കണ്ട വീട്ടുകാര്‍ കുട്ടിയെ കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ കൊണ്ടുപോയി ചികില്‍സ തേടിയതിന് ശേഷം മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.