മണല്‍ മാഫിയക്ക് വിവരങ്ങള്‍ ചോര്‍ത്തി; കുമ്പളയിലെ 6 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-07-31 07:16 GMT

കുമ്പള: മണല്‍ മാഫിയയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് പിടിക്കപ്പെട്ടതിന് പിന്നാലെ കുമ്പള പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി വൈ.ബി വിജയ് ഭാരത് റെഡ്ഡി സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ കുമ്പള സ്റ്റേഷനിലുള്ള അഞ്ച് പേരെയും നേരത്തെ സ്ഥലം മാറിപ്പോയ ഒരാള്‍ക്കുമെതിരെയുമാണ് നടപടി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ സലാം, മനു, ലിനേഷ്, അനൂപ്, ഡ്രൈവര്‍ കൃഷ്ണപ്രസാദ്, കുമ്പള പൊലീസ് സ്റ്റേഷനില്‍ നിന്ന് ഈ അടുത്ത് സ്ഥലം മാറിയ വിനോദ് കുമാര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

ഒരു മാസം മുമ്പാണ് അനധികൃതമായി മണല്‍ കടത്തിയ ടിപ്പര്‍ ലോറി കുമ്പള പൊലീസ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ടിപ്പര്‍ ലോറി ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് പൊലീസുകാരുടെ ഇടപെടല്‍ ശ്രദ്ധയില്‍പ്പെട്ടത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും സിവില്‍ പൊലീസ് ഓഫീസര്‍മാരും ഉള്‍പ്പെടെ ആറ് പൊലീസുകാരും മണല്‍ മാഫിയകളെ ബന്ധപ്പെട്ടതായി കണ്ടെത്തി.

വാട്സ്ആപ്പ് വഴിയും ഫോണ്‍ വഴിയും പൊലീസിന്റെ വിവരങ്ങള്‍ മണല്‍ മാഫിയക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയതായി തെളി്ഞ്ഞു. പൊലീസ് പട്രോളിംഗ് വിവരവും പരിശോധനയും സമയവും സ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കൈമാറിയത്. തുടര്‍ന്ന് എസ്.ഐ ശ്രീജേഷ് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുനില്‍ കുമാറിന് നല്‍കിയ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്‍മേലാണ് ജില്ലാ പൊലീസ് മേധാവി നടപടി കൈക്കൊണ്ടത്.

Similar News