കാറില്‍ കടത്തുകയായിരുന്ന 56.500 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ 2 പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്
പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം;
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 56.500 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പച്ചമ്പള സ്വദേശി മുഹമ്മദ് ഹാരിസ്(32), ഇച്ചിലംകോട് സ്വദേശി ഇബ്രാഹിം ബാദുഷ(32)എന്നിവര്‍ക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം.
കേസിലെ മറ്റൊരു പ്രതിയായ കയ്യാര്‍ സ്വദേശി അബ്ദുല്‍ സമദിനെ(30) കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കോടതി വിട്ടയച്ചു. 2023 മെയ് 14ന് വാമഞ്ചൂരില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എസ്.ഐ പി അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കാറില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയത്.
സി.ഐമാരായ ടി.പി രജീഷ്, രാജീവ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവര്‍ അന്വേഷണം നടത്തി. ടി.പി രജീഷാണ് പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടര്‍ പി സതീശന്‍, അമ്പിളി എന്നിവര്‍ ഹാജരായി.