15 കാരി പ്രസവിച്ച സംഭവം: പിതാവിനെതിരെ ചുമത്തിയത് വധശിക്ഷ അടക്കമുള്ള വകുപ്പുകള്‍; കുറ്റപത്രം ഉടന്‍
ഡി.എന്‍.എ ഫലം കൂടി എതിരായാല്‍ പ്രതിക്കെതിരെ നിയമക്കുരുക്ക് കൂടുതല്‍ മുറുകും;
കാഞ്ഞങ്ങാട്: പീഡനത്തിനിരയായ പതിനഞ്ചുകാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പിതാവിനെതിരെ പൊലീസ് ചുമത്തിയത് 20 വര്‍ഷത്തിന് മുകളിലുള്ള കഠിനതടവ് മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള്‍. ജീവിതാവസാനം വരെ കഠിനതടവും വധശിക്ഷയും ലഭിച്ചേക്കാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പ് 6, 2 പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ ഒറ്റ വകുപ്പ് മാത്രമേ എഫ്.ഐ.ആറില്‍ നിലവിലുള്ളൂ.
ഒറ്റ വകുപ്പാണെങ്കിലും അതീവ ഗുരുതര സ്വഭാവമുള്ളതും കുറ്റം തെളിഞ്ഞാല്‍ പരമാവധി ശിക്ഷ ലഭിക്കാവുന്നതുമായ വകുപ്പുമാണിത്. കൃത്യത്തിന്റെ എല്ലാ വശങ്ങളുമടങ്ങിയ പോക്സോയിലെ പ്രധാന വകുപ്പ് കൂടിയാണിത്. പ്രതി പൊലീസില്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. ഡി.എന്‍.എ ഫലം കൂടി എതിരായാല്‍ പ്രതിക്കെതിരെ നിയമക്കുരുക്ക് കൂടുതല്‍ മുറുകും. വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ പതിനഞ്ചുകാരിയെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
ആസ്പത്രിയിലെത്തിയ പൊലീസ് പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയതോടെയാണ് പീഡനത്തിന് പിന്നില്‍ പിതാവാണെന്ന് വ്യക്തമായത്. പൊലീസ് കേസെടുത്തതോടെ പിതാവ് ഖത്തറിലേക്ക് കടക്കുകയായിരുന്നു. ഖത്തറില്‍ നിന്ന് നാട്ടിലെത്തിച്ച ശേഷമാണ് പിതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
പ്രതിയെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ജില്ലാ ജയിലിലെ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. പ്രതിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ 90 ദിവസത്തിനകം തന്നെ കോതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികളുമായാണ് പൊലീസ് മുന്നോട്ടുപോകുന്നത്.