മത്സ്യകൃഷിയില്‍ പെണ്‍കൂട്ടായ്മയുടെ വിജയം; കുമ്പള സീ പേള്‍ അക്വാ ഫാമിന്റെ വിജയഗാഥ

Update: 2025-07-10 06:20 GMT

നുസ്‌റത്ത് ബാനു ഫൈസല്‍, ഫൗസിയ ഇര്‍ഷാദ്, ഉനൈസ ജാഫര്‍ എന്നിവര്‍ ഫാമിൽ 

കുമ്പള: മൂന്ന് വനിതകളുടെ നിശ്ചയ ദാര്‍ഢ്യത്തില്‍ മത്സ്യ കൃഷിയില്‍ വേറിട്ട മാതൃക പരീക്ഷിച്ച് വിജയം കൊയ്തിരിക്കുകയാണ് കുമ്പള സീപേള്‍ അക്വാഫാം. സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യ കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ മികച്ച നൂതന മത്സ്യ കര്‍ഷകനുള്ള പുരസ്‌കാരങ്ങളില്‍ മൂന്നാം സ്ഥാനം കുമ്പള സീപേള്‍ ഫാമിനെ തേടിയെത്തി. സംരംഭം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിനെ മുന്‍പെ അംഗീകാരം ലഭിച്ചതില്‍ അതിയായ സന്തോഷത്തിലാണ് നുസ്‌റത്ത് ബാനു ഫൈസല്‍, ഫൗസിയ ഇര്‍ഷാദ്, ഉനൈസ ജാഫര്‍ എന്നിവര്‍.

സംസ്ഥാനത്ത് ഇതുവരെ പരീക്ഷിക്കാത്ത ബയോ ഫ്‌ളാക് ഇന്‍ പോണ്ട് എന്ന നൂതന മത്സ്യ കൃഷി രീതിയാണ് ഇവിടെ പരീക്ഷിച്ചത്. മൊഗ്രാല്‍ നാങ്കി കടപ്പുറത്തിന് സമീപമാണ് ഫാം സ്ഥിതി ചെയ്യുന്നത്. കടല്‍വെള്ളം നേരിട്ട് ഫാമിലേക്കെത്തിച്ചാണ് മത്സ്യകൃഷി. 1000 സ്‌ക്വയര്‍ മീറ്ററിലുള്ള മൂന്ന് ചെമ്മീന്‍ കുളങ്ങളിലായി വനാമി ഇനങ്ങളെയാണ് വളര്‍ത്തുന്നത്. 11 ദിവസം പ്രായമുള്ള ചെമ്മീന്‍ കുഞ്ഞുങ്ങളെ പോണ്ടിച്ചേരിയില്‍ നിന്നാണ് എത്തിക്കുന്നത്. നാല് മാസം പ്രായമാകുന്നതോടെ പൂര്‍ണ വളര്‍ച്ചയെത്തും. രത്‌നഗിരിയിലെ എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിക്കാണ് മീനുകളെ കൈമാറുന്നത്. ഇവര്‍ ഇവിടെ നിന്ന് വിദേശത്തേക്ക് ചെമ്മീനുകളെ കയറ്റി അയക്കും. 2024 ഓഗസ്റ്റിലാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. നിലവിലെ ഫാം കൂടുതല്‍ വിപൂലികരിക്കാനും ലക്ഷ്യമുണ്ട്. നാല് ചെമ്മീന്‍ കുളങ്ങള്‍ കൂടി സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് സംരംഭകര്‍. വേറിട്ട സംരംഭം എന്ന ആശയം ആദ്യം മുന്നോട്ട് വെച്ച ഫൗസിയയുടെ ഭര്‍ത്താവും വ്യവസായിയുമായ ഇര്‍ഷാദും ഉനൈസയുടെ ഭര്‍ത്താവ് ജാഫറും പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.

Similar News