ഏഴ് മാസത്തിനിടെ ജില്ലയില്‍ തെരുവുനായയുടെ കടിയേറ്റത് 3931 പേര്‍ക്ക്; എ.ബി.സി പദ്ധതി മുടങ്ങിയിട്ട് മാസങ്ങള്‍
കാസര്‍കോട്: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ തെരുവുനായയുടെ കടിയേറ്റത് 3931 പേര്‍ക്ക്. ഓരോ മാസങ്ങളിലും കുട്ടികള്‍ മുതിര്‍ന്നവര്‍ ഉള്‍പ്പെടെ അഞ്ഞൂറിന് മുകളില്‍ ആളുകളാണ് തെരുവുനായകളുടെ ആക്രമണത്തിന് ഇരയായത്. 2025 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകളില്‍ ഏറ്റവും ഒടുവില്‍ ജൂലൈയില്‍ മാത്രം ഒരാഴ്ച്ചക്കിടെ കടിയേറ്റത് 75 പേര്‍ക്കാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കടിയേറ്റത് മാര്‍ച്ച് മാസത്തിലാണ്. 718 പേര്‍ക്കാണ് മാര്‍ച്ചില്‍ മാത്രം കടിയേറ്റത്. ജനുവരിയില്‍ 630 പേര്‍ക്കും ഫെബ്രുവരിയില്‍ 638 പേര്‍ക്കും കടിയേറ്റു. ഏപ്രിലില്‍ 634 പേര്‍ക്കും മെയില്‍ 696 പേര്‍ക്കും ജൂണില്‍ 540 പേര്‍ക്കും തെരുവുനായയുടെ കടിയേറ്റതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ പേവിഷബാധയേറ്റ് ആരും മരിക്കാനിടയായില്ല എന്നത് ഏറെ ആശ്വാസകരമാണ്. തെരുവുനായകളില്‍ പേവിഷപ്രതിരോധ വാക്സിനുകള്‍ കുത്തിവെക്കാനുള്ള പദ്ധതി എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയും നല്‍കിയിരുന്നു.
ജില്ലയില്‍ പേവിഷബാധയേറ്റ് ആരും മരിക്കാനിടയായില്ല എന്നത് ഏറെ ആശ്വാസകരമാണ്. തെരുവുനായകളില്‍ പേവിഷപ്രതിരോധ വാക്സിനുകള്‍ കുത്തിവെക്കാനുള്ള പദ്ധതി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കിയിരുന്നു. എന്നാല്‍ തെരുവുനായകളുടെ വംശവര്‍ധനവ് തടയാനുള്ള എ.ബി.സി പദ്ധതി ജില്ലയില്‍ മുടങ്ങിയിരിക്കുകയാണ്. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ തൃക്കരിപ്പൂര്‍, കാസര്‍കോട് എ.ബി.സി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. ഇതിന് ബദലായാണ് മുളിയാറില്‍ കഴിഞ്ഞ മെയ് മാസത്തില്‍ എ.ബി.സി കേന്ദ്രം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും ബോര്‍ഡിന്റെ അംഗീകാരം ലഭിക്കാതെ പ്രവര്‍ത്തനം തുടങ്ങാനാവില്ല.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം - ഡോ. എ.വി രാംദാസ് , ഡി.എം.ഒ
മൃഗങ്ങളുടെ മാന്തലോ കടിയോ ഏറ്റാല്‍ മുറിവേറ്റ ഭാഗം എത്രയും പെട്ടെന്നു ടാപ് വെള്ളത്തിലോ വെള്ളം കോരി ഒഴിച്ചോ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് തുടര്‍ച്ചയായി നന്നായി കഴുകണം. അതിനു ശേഷം എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്.മുറിവിന്റെ തരം അനുസരിച്ചാണ് വാക്സിനുകള്‍ നല്‍കുന്നത്.തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍, എന്നിവക്ക് ഐ ഡി ആര്‍ വി വാക്സിനാണ് സാധാരണയായി നല്‍കുന്നത്.ഈ വാക്സിന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം ഉള്‍പ്പെടെയുള്ള ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ശരീരത്തിലെ മുറിവുള്ള ഭാഗങ്ങളില്‍ നക്കല്‍, ചുണ്ടിലോ വായയിലോ നക്കല്‍ , വന്യ മൃഗങ്ങളുടെ കടി, എന്നിവയേറ്റാല്‍ ആന്റി റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിനാണ് നല്‍കുക, ഇതിനുള്ള സൗകര്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസറഗോഡ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.മുറിവ് പരിശോധിച്ചതിന് ശേഷം ഏതു വാക്സിന്‍ നല്‍കണം എന്നുള്ളത് ഡോക്ടര്‍മാരാണ് തീരുമാനിക്കുന്നത്.