നെല്ലിക്കുന്ന് കടപ്പുറം ചീരുംബാ റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി; യാത്രക്കാര്‍ക്ക് ദുരിതം
നെല്ലിക്കുന്ന് കടപ്പുറം റോഡ് തകര്‍ന്നിരിക്കുന്ന നിലയില്‍
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ജംഗ്ഷന്‍ മുതല്‍ ചീരുംബാ റോഡ് ചേരങ്കൈ വരെ പൊട്ടിപ്പൊളിഞ്ഞ് പാതാളക്കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴക്കാലമായതിനാല്‍ ചെളിവെള്ളം നിറയുന്ന കുഴികള്‍ കാരണം ഇരുചക്ര വാഹനങ്ങളിലും ഓട്ടോകളിലും യാത്ര ചെയ്യുന്നവര്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവാണ്. രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. കാല്‍നട യാത്രക്കാരും ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഗ്രാമീണ മിഷന്‍ പദ്ധതി പാക്കേജില്‍ ഉള്‍പ്പെടുത്തിയ റോഡാണിത്. എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയും പെടും. ചീരുംബാ റോഡിന്റെ അറ്റകുറ്റ പണിക്ക് 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്രകള്‍ ജനങ്ങളുടെ നടുവൊടിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ കാല്‍നട യാത്രക്കാരുടെ ദേഹത്ത് ചെളിയഭിഷേകം നേരിടേണ്ടിവരുന്നു. സമീപത്തെ പല വീടുകളുടേയും മതിലുകള്‍ ചെളികള്‍ തെറിച്ച് വൃത്തികേടായിരിക്കുകയാണ്.