കാസര്‍കോട്ടെ പ്രമുഖ ഡോക്ടറും കിംസ് ആസ്പത്രി സ്ഥാപകരിലൊരാളുമായ ബി.എസ് റാവു അന്തരിച്ചു
മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആസ്പത്രിയിലായിരുന്നു അന്ത്യം;
കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ ഡോക്ടറും കാസര്‍കോട് കിംസ് ആസ്പത്രി സ്ഥാപകരിലൊരാളുമായ ഡോ. ബായാര്‍ ശങ്കരനാരായണ റാവു (ബി.എസ്. റാവു-84) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആസ്പത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖം മൂലം ചികിത്സയിലായിരുന്നു. 1941 ഏപ്രില്‍ 24ന് ഉപ്പളക്കടുത്തുള്ള ബായാറിലാണ് ജനനം.
ബായാറിലെ മുളിഗഡ്ഡെ ഹൈവേ ജൂനിയര്‍ പ്രൈമറി സ്‌കൂളിലായിരുന്നു അഞ്ചാം ക്ലാസ് വരെയുള്ള പഠനം. പൈവളിഗെയിലെ ഗവ. ഹയര്‍ പ്രൈമറി സ്‌കൂളില്‍ എട്ടാം ക്ലാസ് പൂര്‍ത്തിയാക്കി മഞ്ചേശ്വരത്തെ എസ്.എ.ടി. ഹൈസ്‌കൂളില്‍ ചേര്‍ന്നു. കോളേജില്‍ ചേരാന്‍ പ്രായമാകാത്തതിനാല്‍, ഒരു വര്‍ഷം വിരലടയാളവും അക്കൗണ്ടന്‍സിയും പഠിച്ചു. ഒപ്പം ആയുര്‍വേദവും പഠിച്ചു.
1960ല്‍ ഉഡുപ്പിയിലെ എം.ജി.എം. കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടി. 1966ല്‍ കാലിക്കറ്റ് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പഠനത്തിനുള്ള പ്രാഥമിക പരീക്ഷയായ ഫിസിയോളജിയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. മികച്ച ഔട്ട് ഗോയിംഗ് വിദ്യാര്‍ത്ഥിക്കുള്ള പദക്കവും ഇദ്ദേഹം സ്വന്തമാക്കി. 1966 മുതല്‍ 1969 വരെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ എം.ഡി പഠിച്ചു.
കാസര്‍കോട് ഗവ. ആസ്പത്രിയിലായിരുന്നു ആദ്യ സേവനം. 1969 മുതല്‍ 1973 വരെ ടി.ബി വകുപ്പില്‍ അസി. സര്‍ജനായി സേവനമനുഷ്ഠിച്ചു. 1973 മുതല്‍ 1976 വരെ മാലിക് ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രിയിലെ ആദ്യത്തെ ഫിസിഷ്യനായിരുന്നു. 1976 മുതല്‍ 1980 വരെ ഗവ. ആസ്പത്രിയില്‍ അസി. സര്‍ജനായിരുന്നു.
ഭാര്യ: പത്മാവതി റാവു. മക്കള്‍: ഡോ. രേഖ, രൂപ (എഞ്ചിനീയര്‍- അമേരിക്ക), ഡോ. ശിവപ്രസാദ് (മംഗളൂരു).