കാസര്‍കോടിന്റെ മുത്തുമണികള്‍

Update: 2025-07-05 10:04 GMT
വിവിധങ്ങളായ കായിക മത്സരങ്ങളില്‍ മികവോടെ തിളങ്ങി കാസര്‍കോടിന്റെ പേര് കൂടി ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ കുറെ പെണ്‍കുട്ടികളുണ്ട് നമുക്കിടയില്‍. നാടിന്റെ അഭിമാനതാരങ്ങളെ പരിചയപ്പെടാം.

കളിയഴകുമായി ചരിത്രമെഴുതി മാളവിക

കളിയഴകില്‍ കേരളത്തിലകമായി പി. മാളവിക ചരിത്രമെഴുതിയിരിക്കുകയാണ്. കാല്‍നൂറ്റാണ്ടിന് ശേഷമാണ് ഒരു മലയാളി ഇന്ത്യന്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീമില്‍ ഇടം പിടിക്കുന്നത്. നീലേശ്വരം ബങ്കളം സ്വദേശിനിയായ മാളവിക ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത് കാസര്‍കോട് ജില്ലക്ക് അഭിമാനിക്കാനുള്ള വലിയ നേട്ടമായി. 1999ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന എറണാകുളം സ്വദേശിനി ബെന്‍ഡ്ല ഡിക്കോത്തക്ക് ശേഷം, വളരെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മാളവികയിലൂടെ മലയാളി സാന്നിധ്യം ഇന്ത്യന്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീമിലുണ്ടാവുന്നത്. ബങ്കളത്തെ പരേതനായ എം. പ്രസാദിന്റെയും എ. മിനിയുടെയും മകളാണ് വലത് വിങ്ങില്‍ കളിയഴക് കാഴ്ചവെച്ച് മുന്നേറുന്ന ഈ താരം. കക്കാട്ട് ജി.എച്ച്.എസ്.എസില്‍ ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് പന്തുതട്ടി തുടങ്ങിയത്. ഇന്ത്യന്‍ ജേഴ്‌സിയണിയണമെന്ന അടങ്ങാത്ത ആഗ്രഹവും അര്‍പ്പണബോധവും ഒടുവില്‍ ലക്ഷ്യം കണ്ടു. പരിശീലകന്‍ കൂടിയായ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് നിധീഷ് ബങ്കളത്തിന്റെ 'വുമണ്‍സ് ഫുട്‌ബോള്‍ ക്ലിനിക്കി'ലൂടെയാണ് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. അച്ഛന്റെ കൈപിടിച്ച് കാല്‍പന്തുകളിയുടെ പടവുകള്‍ കയറുന്നതിനിടെ അദ്ദേഹം വിടവാങ്ങിയത് തീരാ സങ്കടമായി. മകളുടെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും തണലൊരുക്കി അമ്മ മിനി കൂടെ നിന്നതോടെ മുന്നോട്ടുള്ള വഴികളെല്ലാം എളുപ്പമായി.


2018ലും 2019ലും കേരള സബ് ജൂനിയര്‍ ടീമില്‍ ഇടം നേടിയ മാളവിക തുടര്‍ന്ന് അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പിലും ഇടം പിടിച്ചു. ബംഗളൂരു മിസാക യുണൈറ്റഡ്, ട്രാവന്‍കൂര്‍ എഫ്.സി, കെമ്പ് എഫ്.സി, കൊല്‍ക്കത്തയിലെ റെയിന്‍ബോ അത്ലറ്റിക് ക്ലബ്, കേരള ബ്ലാസ്റ്റേഴ്സ് ടീമുകള്‍ക്കായും പന്തുതട്ടി. തുടര്‍ന്ന് സേതു എഫ്.സിയുടെ ഭാഗമായി. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ വനിതാ ലീഗില്‍ തമിഴ്‌നാട് ക്ലബിനായി നടത്തിയ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെ മികച്ച വനിതാ താരത്തിനുള്ള കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പുരസ്‌കാരവും തേടിയെത്തി. ഉസ്ബെക്കിസ്താനെതിരായ സൗഹൃദമത്സരത്തില്‍ ദേശീയ ടീമിനായി കളിച്ചു. തായ്ലാന്റില്‍ നടന്നുവരുന്ന ഏഷ്യന്‍കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ മാളവികയുടെ കളിമികവും ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യന്‍ കുപ്പായമണിഞ്ഞ് മങ്കോളിയക്കെതിരെയുള്ള അരങ്ങേറ്റം തന്നെ മാളവിക അവിസ്മരണീയമാക്കി. കളിയുടെ ആറാം മിനുട്ടില്‍ എതിര്‍വല ചലിപ്പിച്ചു. മാളവികയുടേതടക്കം 13 ഗോളുകളാണ് ഇന്ത്യന്‍ മഴയായി മങ്കോളിയന്‍ ഗോള്‍മുഖത്ത് പെയ്തത്. പിന്നാലെ വരുന്നവര്‍ക്കും പ്രതീക്ഷയേകുകയാണ് മാളവിക. വനിതാ ഫുട്ബോള്‍ പഴയതുപോലെയല്ല. അവസരങ്ങളും വേദികളും ഒരുപാടുണ്ട്. കഠിനാധ്വാനം ചെയ്താല്‍ മുന്നേറാനാകും. കഴിവുള്ള ഒരുപാടുപേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ മുന്നോട്ട് വരണമെന്നാണ് ആഗ്രഹം- മാളവിക പറയുന്നു.


മിന്നും മിര്‍ഹാന

കണ്ണൂരില്‍ നടന്ന സംസ്ഥാന ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സപ്പായ കാസര്‍കോട് ജില്ലക്കായി നായിക മിര്‍ഹാന നടത്തിയ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടു. നിര്‍ഭാഗ്യവശാലാണ് കാസര്‍കോടിന് കലാശപ്പോരില്‍ കാലിടറിയത്. എന്നാല്‍ മത്സരങ്ങളിലുടനീളം മിന്നും പ്രകടനം നടത്തിയ മിര്‍ഹാന ടോപ് സ്‌കോററായി പേര് അടയാളപ്പെടുത്തി. ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ ഏഴുഗോളിനാണ് കോട്ടയത്തെ പരാജയപ്പെടുത്തിയത്. പിന്നാലെ നടന്ന മത്സരങ്ങളിലും എതിരാളികള്‍ക്ക് മുന്നില്‍ ഗോള്‍ മഴ വര്‍ഷിച്ചു. മുന്നേറ്റ നിരയില്‍ മികവാര്‍ന്ന കളിയഴകുമായി തിളങ്ങിയ മിര്‍ഹാനയുടെ ബൂട്ടില്‍ നിന്നായിരുന്നു മിക്ക മത്സരങ്ങളിലെയും വിജയ ഗോളുകള്‍. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയായ മിര്‍ഹാന ആസാദ് നഗറിലെ ഇഖ്ബാലിന്റെയും കുബ്‌റയുടെയും മകളാണ്. ഡ്രെഡും ലോക്‌സും ചെയ്തുള്ള മിര്‍ഹാനയുടെ ഹെയര്‍ സ്റ്റൈലും കാണികളുടെ ശ്രദ്ധ നേടിയിരുന്നു. നാട്ടിലെ റെയില്‍പാതയോട് ചേര്‍ന്നുള്ള കളിമൈതാനത്ത് ആണ്‍കുട്ടികള്‍ക്കൊപ്പം വൈകുന്നേരങ്ങളില്‍ പന്തുതട്ടിയാണ് മിര്‍ഹാനയുടെ തുടക്കം. പെണ്‍കുട്ടിയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താതെ ഒപ്പം ചേര്‍ത്ത് കളിപ്പിച്ച അവര്‍ക്കാണ് മിര്‍ഹാനയുടെ മുന്നേറ്റത്തില്‍ ആദ്യ കയ്യടി. രക്ഷിതാക്കളും മികച്ച പിന്തുണ നല്‍കുന്നു. സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തിനെതിരെ കാസര്‍കോട് തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ഹാട്രിക്ക് ഗോളുകളാണ് മിര്‍ഹാന അടിച്ചത്. 200ലേറെ പ്രതിഭാധനരായ പെണ്‍കുട്ടികളില്‍ നിന്ന് കാച്ചിക്കുറുക്കി സബ് ജൂനിയര്‍ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ ടീമിനെ നയിക്കാനുള്ള നിയോഗം മിര്‍ഹാനക്കായിരുന്നു. മികവാര്‍ന്ന പന്തടക്കവും കളിയഴകും തുടര്‍ന്നതോടെ വൈകാതെ ജൂനിയര്‍ ടീമിന്റെയും നായികയായി. ഓട്ടമത്സരത്തില്‍ സ്‌കൂളിന് വേണ്ടി സബ് ജില്ലാതലത്തില്‍ സമ്മാനം നേടിയിരുന്നു.



സോഫ്റ്റ് ബേസ്‌ബോളില്‍ കാസര്‍കോടന്‍ പെരുമ

നേപ്പാളില്‍ ഈ മാസം 17 മുതല്‍ നടക്കുന്ന സോഫ്റ്റ് ബേസ്ബോള്‍ ഏഷ്യന്‍ ഗെയിംസിനുള്ള ദേശീയ ടീമില്‍ ജില്ലയില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജിലെ ട്രാവല്‍ ആന്റ് ടൂറിസം വിദ്യാര്‍ത്ഥിനികളായ സി.ബി. ഫാത്തിമത്ത് റംസീന, പി. ആയിഷത്ത് മെഹറുന്നീസ, ബി.എ കന്നഡ വിദ്യാര്‍ത്ഥിനി ബി. അശ്വിനി, മെഹറുന്നിസയുടെ സഹോദരിയും തളങ്കര ദഖീറത്ത് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പി.ആര്‍. റബീഅ ഫാത്തിമ, കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനി മഞ്ചേശ്വരം കന്യാലയിലെ ശ്രാവ്യ, കണ്ണൂരിലെ കോളേജ് വിദ്യാര്‍ത്ഥിനിയും പള്ളിക്കര സ്വദേശിനിയുമായ അനഘ എന്നിവരാണ് ദേശീയ ടീമില്‍ ഇടം നേടിയത്. നേപ്പാളിലെ പൊക്രയില്‍ നടക്കുന്ന ഏഷ്യന്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണിവര്‍.


മെഹറുന്നീസയും സഹോദരി റബീഅ ഫാത്തിമയും

മേയില്‍ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടന്ന ദേശീയതല ഫെഡറേഷന്‍ കപ്പ് മത്സരത്തില്‍ മെഹറുന്നിസയും റംസീനയും ഉള്‍പ്പെട്ട കേരള ടീം ജേതാക്കളായിരുന്നു. മറ്റുള്ളവര്‍ ദേശീയ യൂത്ത് ചാമ്പ്യന്‍സ് മത്സരത്തില്‍ ജേതാക്കളായ കേരള ടീമിന്റെ ഭാഗമായിരുന്നു. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ടീമാണ് ഏഷ്യന്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. നേരത്തെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നേപ്പാളില്‍ നടന്ന സോഫ്റ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മത്സരിച്ച മഞ്ചേശ്വരം ഗവ. കോളേജിലെത്തന്നെ വിദ്യാര്‍ത്ഥികളായ സൈഫാന്‍ ഷേഖ്, വിനീത് കുമാര്‍ എന്നിവര്‍ ഇന്ത്യന്‍ യൂത്ത് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സൈഫാനാണ് മെഹറുന്നിസയേയും റംസീനയേയും അശ്വിനിയേയും ഈ കായിക മേഖലയിലേക്ക് പ്രേരിപ്പിച്ചത്. കായികാധ്യാപകന്‍ ലോറന്‍സും പിന്തുണ നല്‍കി. മെഹറുന്നിസയുടെ മികവ് കണ്ടാണ് സഹോദരി റബീഅയും പിന്നാലെ കൂടി സോഫ്റ്റ് ബേസ്‌ബോള്‍ താരമായത്. കാസര്‍കോട് പള്ളത്തെ പി.എ റാഷിദിന്റെയും ഹാജറയുടെയും മക്കളാണ് നാടിന്റെ അഭിമാന താരങ്ങളായ ഈ സഹോദരങ്ങള്‍.


ഫാത്തിമത്ത് റംസീനയും ആയിഷത്ത് മെഹറുന്നീസയും

കാഞ്ഞങ്ങാട് ചിത്താരിയിലെ ബി.എസ് അബ്ദുല്‍ റസാഖിന്റെയും ഖൈറുന്നീസയുടെയും മകളാണ് ഫാത്തിമത്ത് റംസീന. അശ്വിനി ബായാര്‍ ചെറുഗോളിയിലെ ജലജാക്ഷിയുടെ മകളാണ്. കാസര്‍കോടിന് അത്ര പരിചിതമല്ലാത്ത കായിക ഇനത്തില്‍ രാജ്യത്തിനായി നേട്ടം സമ്മാനിക്കാനുള്ള പരിശീലനത്തിലാണ് ഇവര്‍.


ബി. അശ്വിനി


കബഡിയില്‍ കരുത്തോടെ ഉമ്മു ജമീല

കേരള സീനിയര്‍ കബഡി ടീമിലെ ഏക കാസര്‍കോടന്‍ സാന്നിധ്യമാണ് കുമ്പള ബദ്രിയ നഗര്‍ സ്വദേശിനിയും മുന്നാട് പീപ്പിള്‍സ് കോളേജിലെ എം.ബി.എ വിദ്യാര്‍ത്ഥിനിയുമായ ഉമ്മു ജമീല. ഫെബ്രുവരിയില്‍ ഹരിയാനയില്‍ നടന്ന ദേശീയ മത്സരത്തില്‍ കേരളത്തിനായി കളത്തിലിറങ്ങിയിരുന്നു. കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഉമ്മു ജമീല കബഡിക്കളത്തില്‍ ഇറങ്ങിയിരുന്നു. സ്‌കൂള്‍ തലത്തില്‍ തുടങ്ങി തിളങ്ങിയ ഉമ്മു ജമീല സബ് ജില്ലാ, ജില്ലാ, സോണല്‍, സംസ്ഥാന ടീമുകളിലേക്ക് വെച്ചടി കയറി. ദേശീയ വനിതാ കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിലും താമസിയാതെ ഇടം പിടിച്ചു. പത്ത് വര്‍ഷം മുമ്പ് കുമ്പള സ്‌കൂളില്‍ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയപ്പോള്‍ കബഡിയിലെ കഴിവ് മനസിലാക്കി മുന്‍ കായികാധ്യാപകന്‍ ബാലകൃഷ്ണനും ജുബൈറുമാണ് പരിശീലനം നല്‍കിയത്. ഉമ്മു ജമീലയുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ ടീം നിരവധി സമ്മാനങ്ങള്‍ നേടിയതോടെ ഉമ്മു ജമീല ശ്രദ്ധ നേടി. വൈകാതെ തന്നെ ജില്ലാ കബഡി ടീമിലെ സ്ഥിര സാന്നിധ്യമായി കരുത്ത് പുറത്തെടുത്ത് കൊണ്ടിരുന്നു.


സ്‌കൂള്‍ പഠനത്തിന് ശേഷം മുന്‍ ഇന്ത്യന്‍ താരം ജഗദീഷ് കുമ്പളക്ക് കീഴിലുള്ള ജെ.കെ കബഡി അക്കാദമിയില്‍ ചേര്‍ന്നതോടെ കൂടുതല്‍ കരുത്തോടെ കബഡിക്കളത്തില്‍ മിന്നിത്തിളങ്ങാനായി. ബദ്രിയ നഗറിലെ മുഹമ്മദലിയുടെയും ആയിഷാബിയുടെയും മകളാണ് ഉമ്മു ജമീല.

Similar News