മാധ്യമങ്ങളുടെ അനിവാര്യതയും ധര്‍മ്മം മറക്കുന്ന മാധ്യമങ്ങളും
മാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തിന് ആവശ്യം തന്നെയാണ്. ഒരുപാട് മനുഷ്യര്‍ക്കും സമൂഹത്തിനും മാധ്യമങ്ങള്‍ കൊണ്ട് ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭരണകൂടങ്ങളുടെ തെറ്റുകളെ തിരുത്താനും നാടിന്റെ വികസനത്തിന് ചൂണ്ടുപലകയാവാനും മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള മാധ്യമങ്ങള്‍ തുടര്‍ന്ന് വന്ന മഹിതമായ പാരമ്പര്യം നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഇന്ന് എല്ലാ മാധ്യമങ്ങളും നീതിയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. റേറ്റിംഗിന് വേണ്ടി മത്സരിക്കുമ്പോള്‍ സംഭവിക്കുന്ന അബദ്ധങ്ങളും പിഴവുകളും പിന്നീട് തിരുത്താന്‍ കഴിഞ്ഞെന്ന് വരില്ല. അപ്പോഴേക്കും അവ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലോകമാകെ പരന്നിരിക്കും. മരണത്തെയും ദുരന്തത്തെയും റേറ്റിങ്ങിനു വേണ്ടി, പരസ്പര മത്സരബുദ്ധിയോടെ വസ്തുതാ വിരുദ്ധമായി അവതരിപ്പിക്കുമ്പോള്‍ അതുണ്ടാക്കുന്ന അപകടങ്ങള്‍ ചെറുതല്ല.
നിസാരമായ സംഭവങ്ങളെ റേറ്റിംഗിന്റെ പേരില്‍ പര്‍വ്വതീകരിച്ച് കാണിക്കുന്നതും അത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതും ചില മാധ്യമങ്ങളിലെങ്കിലും കാണാറുണ്ട്. കച്ചവട താല്‍പര്യമാണ് ഇതിന് പിന്നിലും. റേറ്റിങ്ങിനു വേണ്ടി മറ്റുള്ളവരുടെ അഭിമാനം കവര്‍ന്നെടുക്കുന്ന രീതി മാധ്യമങ്ങള്‍ ഒഴിവാക്കണം. മാധ്യമങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം അനാവശ്യമായ ഇടപെടല്‍ കൊണ്ട് നഷ്ടപ്പെടുത്താന്‍ പാടില്ല. അഭിമാനം എന്നത് എല്ലാവര്‍ക്കും ഉണ്ടെന്ന ബോധം കാത്തുസൂക്ഷിക്കാന്‍ കഴിയണം. സത്യാവസ്ഥ അറിയും മുമ്പേ ചാടി പുറപ്പെട്ട് ഭാവനാ വിലാസങ്ങള്‍ ചൊരിയുന്നത് ഉണ്ടാക്കാറുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ പലപ്പോഴും കണ്ടതാണ്.
വികസനോന്മുഖ വാര്‍ത്തകള്‍ക്കായിരിക്കണം മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത്. എക്‌സ്‌ക്ലൂസിവ് വാര്‍ത്തകള്‍ നിരന്തരം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. എന്ത് പറയണം എന്നതിനെക്കാള്‍ നാടിന്റെ നന്മക്കായി എന്തു പറയാതിരിക്കണം എന്ന് ചിന്തിക്കുന്ന പക്വതയാണ് പുലര്‍ത്തേണ്ടത്. തെറ്റുകള്‍ക്കും അഴിമതികള്‍ക്കുമെതിരെ നിരന്തരം പൊരുതാനുള്ള ഒരു ആര്‍ജ്ജവമാണ് മാധ്യമങ്ങള്‍ പ്രകടിപ്പിക്കേണ്ടത്. പ്രശ്‌നങ്ങള്‍ അറിഞ്ഞ് അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്.
മാധ്യമങ്ങളില്ലാത്ത ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. മാധ്യമങ്ങളില്ലെങ്കില്‍ നമ്മുടെ നാട് അഴിമതിയുടെ കൂത്തരങ്ങായി മാറും. പതിറ്റാണ്ടുകളായി നമ്മുടെ കേരളത്തിലെ മാധ്യമങ്ങള്‍ ജാഗ്രതയോടെ നിലനിന്നത്‌കൊണ്ടാണ് ഒരു പരിധിവരെ അഴിമതികളും കൊള്ളരുതായ്മകളും തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞത്.