ARTICLE | റമദാന്‍ വിട പറയുമ്പോള്‍ മനസ് പിടയുന്നു

Update: 2025-03-29 11:18 GMT

റമദാനിലെ അവസാന വെള്ളിയാഴ്ച മിമ്പറില്‍ കയറി നിന്ന് ഖത്തീബ് ഉസ്താദ് അസ്സാലാമു അലൈക്കും യാ ശഹ്‌റ റമദാന്‍ എന്ന് ഇടറുന്ന ശബ്ദത്തോടെ പറഞ്ഞപ്പോള്‍ മനസ്സ് വല്ലാതെ പിടഞ്ഞുപോയി. പരിശുദ്ധ റമദാന്‍ വിടപറയുകയാണ്.

മനുഷ്യ സമൂഹത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം വിട പറയുന്നു. പ്രാര്‍ത്ഥനകള്‍ വിഫലമാവാത്ത രാപ്പകലുകള്‍, ഒരോ പുണ്യപ്രവര്‍ത്തനത്തിനും അനേകമടങ്ങ് പ്രതിഫലം ലഭിക്കുന്ന ദിനരാത്രങ്ങള്‍, ആത്മീയതയുടേയും ആത്മ സംസ്‌കരണത്തിന്റെയും മാസം. വിട പറയുമ്പോള്‍ ഹൃദയാന്തരങ്ങളില്‍ വല്ലാത്ത നോവാണ്.

അനുഗ്രങ്ങള്‍ അളവില്ലെതെ ചൊരിഞ്ഞ് തന്നിട്ടും വേണ്ടത് പോലെ അതൊന്നും ഉപയോഗപ്പെടുത്താന്‍ പറ്റിയില്ലെല്ലോ എന്ന ആദിമാത്രം. അനിര്‍വ്വചനീയമായ ആത്മീയതയുടെ അനുഭൂതിയില്‍ ലയിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? ഖുര്‍ആന്‍ പാരായണം നടത്താന്‍ നാം സമയം കണ്ടെത്തിയോ?

പട്ടിണി കിടക്കുന്നതിനോടൊപ്പം മനസ്സും ആത്മാവും ദൈവ ഭക്തിയില്‍ ലയിച്ച് ചേരേണ്ട നിമിഷങ്ങളായിരുന്നു കടന്നുപോയത്. അത് ഫലപ്രദമായി പ്രയോജനപ്പെടുത്തിയവര്‍ വിജയിച്ചു.

മൂസ നബിയുടേയും ഈസ നബിയടേയും സമൂഹത്തിന് ലഭിച്ച അനുഗ്രഹങ്ങള്‍ തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നും അവരെക്കാള്‍ ആയുസ് കുറവാണെന്നും ആവലാതി പറഞ്ഞ സ്വഹാബത്തിനോട് ആയിരം മാസങ്ങളുടെ പ്രതിഫലം ലഭിക്കുന്ന ഒരു രാത്രി റമദാനിലുണ്ടെന്ന് നബി (സ) പറഞ്ഞത് ലൈലത്തുല്‍ ഖദറിന്റെ രാവിനെ പറ്റിയായിരുന്നു. എന്നാല്‍ ഈ രാവുകളില്‍ നമ്മളില്‍ ചിലരെങ്കിലും പെരുന്നാളിനെടുത്ത വസ്ത്രത്തിന് നിറം പോര, വാങ്ങിയ ഷൂവിന്റെ മോഡല്‍ കൊള്ളില്ല എന്നും പറഞ്ഞ് ഷോപ്പുകള്‍ കയറിയിറങ്ങുന്ന തിരക്കിലായിരുന്നു. ലൈലത്തുല്‍ ഖദറിന്റെ രാവിനെ ധന്യമാക്കിയവര്‍ ഒരുപാടുപേരുണ്ട്. അക്കൂട്ടത്തില്‍ ഞാനും ഉണ്ട് എന്ന് സ്വയം പറയാന്‍ നമുക്ക് എത്ര പേര്‍ക്ക് കഴിയും.

അറിഞ്ഞും അറിയാതെയും ഒരുപാട് പാപങ്ങള്‍ ചെയ്തവരാണ് നമ്മള്‍. പതിനൊന്ന് മാസക്കാലം ചെയ്ത പാപങ്ങള്‍ കരിച്ച കളയാനാണല്ലോ റബ്ബേ നീ ഞങ്ങള്‍ക്ക് റമദാന്‍ തന്നത്. ഒന്നിന് പത്തും എഴുപതും നന്മകള്‍ അനുഗ്രഹിച്ച് തന്നിട്ടും ഞങ്ങള്‍ക്കിതൊന്നും നേടിയെടുക്കാന്‍ ആയില്ലല്ലോ. രാത്രി നമസ്‌കാരങ്ങളേക്കാള്‍ പ്രാധാന്യം ഉറക്കിനും വെറുതെ ഇരുന്ന് സംസാരിക്കാനും ഞങ്ങള്‍ നല്‍കിപ്പോയി. പ്രഭാത നമസ്‌കാരത്തിന് ശേഷം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഞങ്ങള്‍ക്ക് മടിയായിരുന്നു. ഉറക്കം വരുന്നത് വരെ വാട്‌സ്ആപ്പിലും ചാറ്റിംഗിലും സജീവമായിരുന്നു. ഏറെ വൈകി വന്നു ഉറങ്ങാന്‍ കിടന്നാലും ചെയ്തു പോയ പാപങ്ങളെ ഓര്‍ത്ത് മനസ്സമാധനത്തോടെ ഇതുവരെ ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്നാണ് സത്യം. മതപ്രഭഷണങ്ങള്‍ കേട്ടിറങ്ങുമ്പോള്‍ നാളെയുടെ പ്രഭാതം മുതല്‍ ഞാന്‍ നന്നായിക്കൊള്ളാം എന്ന് മനസ്സില്‍ ഉറപ്പിച്ചുറങ്ങിയാലും നന്നാവാന്‍ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാവുന്നില്ല. ഇപ്പോഴിതാ വല്ലാത്തൊരു ഭീകരന്‍ ഇറങ്ങിയിരിക്കുകയാണ്; മയക്കുമരുന്നിന്റെ രൂപത്തില്‍. എങ്ങോട്ടാണ് ഇതിന്റെ പോക്കെന്ന് മനസിലാവുന്നില്ല. വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയുമൊക്കെ കാര്‍ന്നുതിന്നുക്കൊണ്ടിരിക്കുന്നു. കുടുംബങ്ങളെ ശിഥിലമാക്കുന്നു.

റമദാനിലെ അവസാന വെള്ളിയാഴ്ച മിമ്പറില്‍ കയറി നിന്ന് ഖത്തീബ് ഉസ്താദ് അസ്സാലാമു അലൈക്കും യാ ശഹ്‌റ റമദാന്‍ എന്ന് ഇടറുന്ന ശബ്ദത്തോടെ പറഞ്ഞപ്പോള്‍ മനസ്സ് വല്ലാതെ പിടഞ്ഞുപോയി. പരിശുദ്ധ റമദാന്‍ വിടപറയുകയാണ്. അനുഗ്രഹങ്ങള്‍ പൂത്തുപന്തലിച്ച മാസത്തില്‍ കൊഴിഞ്ഞ് പോയ ദിനരാത്രങ്ങളിലേക്ക് പിന്നോട്ട് നോക്കുമ്പോള്‍ ശൂന്യമാണല്ലോ റബ്ബേ. ഇനി അടുത്ത റദമാന്‍ വരെ ആരൊക്കെ ജീവിച്ചിരിക്കും എന്നറിയില്ല. ആയുസ്സിന്റെ കണക്കു പുസ്തകം നിന്റടുത്താണല്ലോ. ഭാഗ്യവാന്മാര്‍ ഇനിയും ഒരുപാട് റമദാനുകള്‍ കഴിച്ചുക്കൂട്ടും. സ്വന്തം നന്മകളുടെ അക്കൗണ്ട്‌സ് ഇപ്പോഴും എവിടേയും എത്തിയിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തലുകളാണ് അടുത്ത റമദാനിനെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഞങ്ങള്‍ക്ക് മുന്നില്‍ ഇനിയും അനുഗ്രഹമായി റമദാനെ കൊണ്ടെത്തിക്കണേ തമ്പുരാനെ...

Similar News