പോയ വര്‍ഷം നമ്മുടെ കേരളം...

Update: 2026-01-01 10:46 GMT
കാലം അതിവേഗം കുതിക്കുകയാണ്. വൈ 2 കെ പ്രശ്‌നത്തില്‍ നിന്നും എങ്ങനെ പുറത്തുകടക്കാം എന്ന് തലപുകഞ്ഞ് അതിനൊരു ഉത്തരം കണ്ടെത്തിയപ്പോഴാണ് ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങിയത്. ഇപ്പോഴിതാ അതിവേഗം വളര്‍ന്ന ശാസ്ത്രലോകം നിര്‍മ്മിതബുദ്ധിയുടെ ഗുണവും ദോഷവും ഇഴകീറി പരിശോധിച്ചുകൊണ്ടിരിക്കുന്ന കാലമായപ്പോഴേക്കും കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പിന്നിട്ട രണ്ടര ദശകത്തിന്റെ ഗുണഫലങ്ങള്‍ ചികഞ്ഞുനോക്കാന്‍ ഏതായാലും മിനക്കെടുന്നില്ല. 2025ല്‍ കേരളം കണ്ട കാഴ്ചകള്‍ പെട്ടെന്ന് പറഞ്ഞുപോകാം.

കഴിഞ്ഞവര്‍ഷത്തെ വയനാട് ദുരന്തം മലയാളികളെയാകെ ദു:ഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. വിവാദങ്ങള്‍ നോക്കി നടക്കുന്നവര്‍ക്ക് അടിക്കാന്‍ കൊടുത്ത വടിപോലെയായി പിന്നീട് വന്ന അമ്പലത്തില്‍ ഷര്‍ട്ട് ഇടാന്‍ അനുവദിക്കണമെന്ന അഭിപ്രായം. വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന പെരിയ ഇരട്ട കൊലക്കേസിന്റെ വിധി സി.പി.എമ്മിനു പ്രഹരമായിരുന്നു. ജീവപര്യന്തവും കഠിനതടവുമടക്കം ശിക്ഷാവിധി. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി ഗൂഢാലോചനക്കുറ്റം തെളിഞ്ഞ ചിലര്‍ പുറത്തിറങ്ങിയിട്ടുണ്ട് ഏതായാലും.

വയനാട് ഡി.സി.സി ട്രഷറുടെ ആത്മഹത്യ കോണ്‍ഗ്രസിനെ പിടിച്ചുലച്ചു. നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി ഉണ്ടാക്കിയ പുകില്‍ ചെറുതല്ല. അച്ഛന്റെ ആഗ്രഹപ്രകാരം സമാധിയിരുത്തിയതാണെന്നും അതല്ല കൊലപാതകമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു.

പി.വി അന്‍വര്‍ ഒരു സുപ്രഭാതത്തില്‍ പൊലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ട് പടിയിറങ്ങിയത് സര്‍ക്കാറിന് തലവേദനയായി. സംസ്ഥാനത്തെ സ്വര്‍ണ്ണക്കടത്തില്‍ പൊലീസിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കലഹം. തൃശൂര്‍ പൂരം എ.ഡി.ജി.പി കലക്കിയത് ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നു എന്ന വാദം പ്രതിപക്ഷവും സിപിഐയും ഏറ്റെടുത്തു. അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കി. ആര്യാടന്‍ ഷൗക്കത്തിനെ ഇറക്കി യു.ഡി.എഫും സ്വരാജിനെ ഇറക്കി എല്‍.ഡി.എഫും കളം നിറഞ്ഞപ്പോള്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി അന്‍വറും എത്തി. കേരള കോണ്‍ഗ്രസ്സുകാരനെ മറുകണ്ടം ചാടിച്ച് സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പിയും. വീറും വാശിയും കണ്ട തിരഞ്ഞെടുപ്പില്‍ ഒടുവില്‍ പതിനൊന്നായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആര്യാടന്‍ ഷൗക്കത് ജയിച്ചു.

ഭൂഗര്‍ഭജലം ഊറ്റുന്നതിന് കാരണമാകാവുന്ന സ്വകാര്യ മദ്യനിര്‍മ്മാണ ശാലയ്ക്ക് കഞ്ചിക്കോട് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വലിയ കോലാഹലങ്ങള്‍ക്കാണ് വഴിവെച്ചത്. കഴിഞ്ഞ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ആരോപണമായിരുന്നു കോവിഡ് കാലത്തുള്ള പി.പി.പി കിറ്റിന്റെ മറവിലുള്ള കൊള്ള. നിരവധി വാദങ്ങളുയര്‍ത്തി അതിനെയൊക്കെ സര്‍ക്കാര്‍ പ്രതിരോധിച്ചു. പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡണ്ടും തമ്മിലുള്ള അധികാരവടംവലിയും മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളും കേരളം കണ്ടു. കെ. സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പുതിയ പാര്‍ട്ടി പ്രസിടാണ്ടായി നിയമിച്ചു. ശശി തരൂര്‍ നിരന്തരം പാര്‍ട്ടിയുമായി കലഹിക്കുന്നതും അനാവശ്യമായ പ്രസ്താവനകളിലൂടെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതും നാം കണ്ടവര്‍ഷമായിരുന്നു 2025.

ആന, കടുവ, പന്നി തുടങ്ങിയ വന്യജീവി അക്രമണങ്ങളാല്‍ നട്ടം തിരിയുന്ന മലയോര ജനതയുടെ രോദനം നിരന്തരം കേള്‍ക്കാമായിരുന്നു. വര്‍ഷാവസാനവും കടുവയുടെ ആക്രമണത്തില്‍ ഒരു ആദിവാസി കൊല്ലപ്പെട്ടു.

ശമ്പള വര്‍ദ്ധനവും ജോലി സ്ഥിരതയും പിരിയുമ്പോളുള്ള ന്യായമായ വേതനവും ലഭിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന ആശ ജീവനക്കാരുടെ സമരമാണ് ഈ വര്‍ഷം കേരളം കണ്ട ശക്തമായ സമരങ്ങളിലൊന്ന്. ഇരുന്നൂറിലേറെ ദിവസങ്ങളാണ് അവര്‍ സമരരംഗത്തുണ്ടായിരുന്നത്. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിമര്‍ശിച്ചതല്ലാതെ ആശമാരുടെ ദുഃഖത്തിന് വലിയ പരിഹാരമായില്ല.

പഴയ ഗവര്‍ണ്ണര്‍ മാറി പുതിയ ആള്‍ വന്നെങ്കിലും സര്‍ക്കാരുമായുള്ള പോരിന് ശമനമുണ്ടായില്ല. ഭാരതാംബയുടെ ചിത്രത്തിന്റെ പേരില്‍ ഉടക്കി. സര്‍വ്വകലാശാലകളില്‍ വി.സിമാരെ നിയമിക്കുന്ന കാര്യത്തിലും പരസ്പരം പോരടിക്കാന്‍ ഒരു മടിയും ഇരുകൂട്ടര്‍ക്കുമുണ്ടായില്ല. കോടതി കയറിയ നടപടി ഒടുവില്‍ സുപ്രീംകോടതിയുടെ കണ്ണുരുട്ടലിലൂടെ ഒരുവിധം കലങ്ങിത്തെളിഞ്ഞിട്ടുണ്ട്. ഏറെ വിവാദമായ മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കാര്യമായ ഒരു പുരോഗതി പിന്നീട് ഉണ്ടായിട്ടില്ല. ലാവ്ലിന്‍ ആണെങ്കില്‍ അടുത്ത കാലത്തൊന്നും തീരാനും പോകുന്നില്ല. തൃശൂര്‍ പൂരം കലക്കിയതിലും ആര്‍.എസ്.എസ്. നേതാക്കളെ കണ്ടതിലും എ.ഡി.ജി.പി യോട് വിശദീകരണം ചോദിക്കാതിരിക്കുന്നതും അച്ചടക്ക നടപടി എടുക്കാതിരിക്കുന്നതും കൊടകര കുഴല്‍പ്പണക്കേസും മേല്‍പ്പറഞ്ഞ മറ്റു കേസുകളുടെ നിലവിലെ സ്ഥിതിയും എല്ലാം ചേര്‍ത്തുവെച്ച് വായിക്കുമ്പോള്‍ അന്തര്‍ധാരകള്‍ സജീവമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തത്തില്‍ രോഗികള്‍ മരിച്ചത്, കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഒരുഭാഗം ഇടിഞ്ഞുപൊളിഞ്ഞു വീണ് ഒരു സ്ത്രീ മരിച്ചത് എന്നിവ

ആരോഗ്യ വകുപ്പിന് പേരുദോഷമുണ്ടാക്കി. ഉപകരണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടിവന്നു എന്ന ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലും വലിയ ചര്‍ച്ചയായി. അമീബിയാക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പലരും മരണപ്പെട്ടു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്‍ എടുത്തിട്ടും ആളുകള്‍ മരിക്കാനിടയായ സംഭവങ്ങളുമുണ്ടായി.

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മികച്ച ഇടപെടലുകളാണ് കേരളത്തിലെ ജനങ്ങളും ചില സംഘടനകളും നടത്തിയത്. കാന്തപുരത്തിന്റെ ഇടപെടല്‍ കാര്യമായി ചില ചലനങ്ങള്‍ സൃഷ്ടിച്ചു.

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സ്ത്രീപീഡനാരോപണം ഉയര്‍ന്നു. വെറും ആരോപണം എന്ന് പറഞ്ഞ് തള്ളിയെങ്കിലും കൂടുതല്‍ ആരോപണങ്ങള്‍ വന്നപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കി.

കുപ്രസിദ്ധ കൊലയാളി ഗോവിന്ദച്ചാമി അതീവ സുരക്ഷാസന്നാഹങ്ങള്‍ നിറഞ്ഞ കണ്ണൂര്‍ ജയിലില്‍ നിന്നും വളരെ നിസ്സാരമായി രക്ഷപ്പെട്ട സംഭവം നടുക്കുന്നതും കൗതുകം നിറഞ്ഞതുമായിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ പിടികൂടാനായി.

വോട്ട് തട്ടിപ്പിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പോരാട്ടത്തിന്റെ അലയൊലികള്‍ കേരളത്തിലും പ്രതിഫലിച്ചു. തൃശൂരിലടക്കം പുറത്തുനിന്നുള്ള ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത കഥകള്‍ പുറത്തുവന്നു.

ആഭ്യന്തര വകുപ്പിന്റെ പരാജയവും സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ലോക്കപ്പ് മരണങ്ങളും പോലീസ് സ്റ്റേഷനില്‍ നടക്കുന്ന ക്രൂരതകളും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഭൂരിപക്ഷ സമൂഹത്തെ കൂടെനിര്‍ത്താനായി അയ്യപ്പസംഗമം നടത്തിയ സര്‍ക്കാരിനും പാര്‍ട്ടിക്കും മേലെ ഇടിത്തീ പോലെ വന്നുപതിച്ചു ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസ് സര്‍ക്കാരിനെയും പാര്‍ട്ടിയേയും ദേവസ്വംബോര്‍ഡിനേയും ഒരുപോലെ വെട്ടിലാക്കി. സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളടക്കം പലരും അറസ്റ്റിലായി.

സെമിഫൈനല്‍ തിരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പ് ഇതിനിടയില്‍ കടന്നു വരികയുണ്ടായി. പതിവിലും നേരത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് ആദ്യം തന്നെ കളത്തിലിറങ്ങി. പിന്നാലെ മറ്റുള്ള പാര്‍ട്ടികളും. സ്വര്‍ണ്ണക്കൊള്ള പ്രധാന വിഷയമാക്കി മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി രാഹുല്‍ മാങ്കൂറ്റത്തിന്റെ ഗര്‍ഭഛിദ്ര കഥ വീണ്ടും ഉയര്‍ന്നുവന്നത്. പ്രതിപക്ഷത്തിന് ഇത് പ്രതിരോധിക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബി.ജെ.പി പിടിച്ചെടുത്തത് എല്‍.ഡി.എഫിനു തിരിച്ചടിയായി. സ്വര്‍ണ്ണക്കൊള്ള വിഷയമായ പാരഡി പാട്ടിനെതിരെ കേസെടുത്തത് പ്രതിഷേധം ക്ഷണിച്ചുവരുത്തി. നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടു എന്നത് വാര്‍ത്താപ്രാധാന്യം നേടിയ മറ്റൊരു സംഭവമായിരുന്നു. മറ്റൊരു ഗൂഢാലോചനക്കാരില്ലാതെ, സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രം പ്രതികള്‍ കുറ്റകൃത്യം നടത്തിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പി.എംശ്രീ പദ്ധതിയും അതിനോടനുബന്ധിച്ച് നടന്ന നാടകവും കേരളം കണ്ട മറ്റൊരു തമാശയായിരുന്നു. ഘടക കക്ഷികളോ പാര്‍ട്ടിയോ മന്ത്രിമാര്‍ പോലുമറിയാതെ കേന്ദ്രസര്‍ക്കാരമായുണ്ടാക്കിയ കരാര്‍ മുന്നണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. സി.പി.ഐയുടെ ഉറച്ച നിലപാട് കരാറില്‍ നിന്നും പിന്നോട്ട് പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.

പി.ബി യിലെ കത്തുചോര്‍ച്ച വിവാദവും സി.പി.എമ്മിനെ ഉലച്ച മറ്റൊരു വിഷയമായിരുന്നു. സി.പി.എമ്മിന്റ സംസ്ഥാനസമ്മേളനം നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെടുകയും പാര്‍ട്ടി സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇടവേളക്കുശേഷം എം.എ. ബേബിയിലൂടെ മറ്റൊരു മലയാളി കൂടി സി.പി.എം. കേന്ദ്ര ജനറല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ടു.

ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിനെ ആരും മറക്കുമെന്ന് തോന്നുന്നില്ല. അതിനിടയിലാണ് വീണ്ടുമൊരു ആള്‍ക്കൂട്ടക്കൊല. മോഷണക്കുറ്റമാരോപിച്ച് ഒരുകൂട്ടം ആളുകള്‍ ഒരു അന്യസംസ്ഥാനത്തൊഴിലാളിയെ അതിക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത നടുക്കത്തോടെയാണ് മലയാളികള്‍ വായിച്ചത്.

സാംസ്‌കാരിക കേരളത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കിയ വര്‍ഷമായിരുന്നു കടന്നുപോയത്. ഭാവാര്‍ദ്രമായ ഗാനാലാപനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രിയ ഗായകന്‍ ജയചന്ദ്രന്‍ എന്ന ശാരദനിലാവ് തിരിതാഴ്ത്തിയത് ജനുവരിയിലായിരുന്നു. ഒരു നൂറ്റാണ്ടിലേറെ ജ്വലിച്ചുനിന്ന വിപ്ലവനക്ഷത്രം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മറഞ്ഞതും പോയവര്‍ഷം തന്നെയായിരുന്നു. ചരിത്രത്തെയും ചരിത്രാന്വേഷണത്തെയും പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയ എം.ജി.എസ് ചരിത്രമായതും ഈ വര്‍ഷം തന്നെയായിരുന്നു. മലയാളികളെയേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത തിരക്കഥാകൃത്തും അഭിനേതാവുമായ പ്രിയപ്പെട്ട ശ്രീനിവാസന്‍ ഇനിയൊരു താത്വികമായ അവലോകനത്തിന് കാത്തുനില്‍ക്കാതെ കടന്നുപോയത് ധനുമാസരാവിലായിരുന്നു.

മലയാളികളെയേറെ രസിപ്പിച്ച സംവിധായകന്‍ ഷാഫി, പഴയകാല നടന്‍ രവി കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി. പ്രസിഡണ്ടുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള, അഭിനേതാവും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ്, സാംസ്‌കാരിക കേരളത്തിലെ ഒളിമങ്ങാത്ത ശുഭ്രനക്ഷത്രമായി വിരാജിച്ചിരുന്ന പ്രൊ. എം.കെ സാനു മാഷ്, ജനപ്രിയയായ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ തുടങ്ങി ഒരുപാട് പേരുടെ വേര്‍പാട് കണ്ടവര്‍ഷം കൂടിയാണ് കടന്നുപോയത്.

വരാനിരിക്കുന്നത് നഷ്ടങ്ങളില്ലാത്ത, ഐശ്വര്യദായകമായ നല്ലൊരു വര്‍ഷം ആയിത്തീരട്ടെയെന്ന് ആഗ്രഹിക്കുകയാണ്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.

Similar News