കാലമേ നിത്യാദര പ്രണാമം...
മലയാളത്തിന്റെ സുകൃതം എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തിന് ഒരുവര്‍ഷം തികയുന്നു;
കാലം ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ അവസാനം. തെയ്യങ്ങളുടെയും പൂരക്കളിയുടെയും യക്ഷഗാനത്തിന്റെയും നാട്ടുനന്മകളുടെയും തട്ടകമായ അത്യുത്തര കേരളത്തില്‍ നിന്ന് അറബിക്കടലിന്റെ റാണിയെന്ന് പുകള്‍പെറ്റ മഹാനഗരത്തിലേക്ക് കൗമാരക്കാരനായ ഒരു ഗ്രാമീണന്റെ ജീവിതം പറിച്ചുനട്ട വേള.
കേള്‍വികേട്ട മഹാരാജാസ് കോളേജിലെ പഠനവും വിശ്രുത സാഹിത്യകാരനും തലയെടുപ്പുള്ള പത്രാധിപരുമായ സി.പി. ശ്രീധരന്റെ കീഴില്‍ പത്രപ്രവര്‍ത്തന പരിശീലനവും കലാചാര്യന്‍ എം.വി. ദേവന്‍ സാരഥ്യം വഹിച്ച 'കേരള കലാപീഠ'ത്തിന്റെ പ്രവര്‍ത്തനങ്ങളുമൊക്കെയായി ഇഴുകിച്ചേര്‍ന്നുനടന്ന പുഷ്‌ക്കലമായ നാളുകളായിരുന്നു എനിക്കന്ന്.
അക്കാലത്തെ താമസം സര്‍ഗപ്രതിഭകളുടെ സംഗമകേന്ദ്രമെന്ന് വിളികൊണ്ട പനമ്പിള്ളി നഗറിലെ ആ വീട്ടില്‍. കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും ധിഷണാശാലിയും ബഹുശാഖിയായ പ്രതിഭാവൃക്ഷവുമായിരുന്ന എം.പി ബാലഗോപാലന്‍ നമ്പ്യാരുടെ വീട്. സ്വഭാവ ഗുണങ്ങളോടു കൂടിയ ബുദ്ധിജീവിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബാലഗോപാലന്‍ വക്കീല്‍ എഴുത്തുകാരും കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും മറ്റുമടങ്ങുന്ന വിപുലമായ സുഹൃദ് വലയത്തിന്റെ ഉടമ. അപൂര്‍വ്വ ചാരുതയാര്‍ന്ന ഒരു വിശേഷ വ്യക്തിത്വം.
കോഴിക്കോട് ജില്ലയിലെ വടകര ഇരിങ്ങണ്ണൂര്‍ സ്വദേശിയായ ബാലഗോപാലന്‍ വക്കീല്‍ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ അഗ്രഗണ്യനെന്നതിന് പുറമെ അഗാധ പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമെന്ന നിലയില്‍ പഴയ തലമുറയുടെ പ്രിയങ്കരനും സുപരിചിതനുമായിരുന്നു. സര്‍വ്വോപരി എം.ടി. വാസുദേവന്‍ നായരുടെ അപൂര്‍വ്വം ഉറ്റമിത്രങ്ങളില്‍ ഒരാളെന്ന നിലയിലും ആ മനീഷി വേറിട്ടുനിന്നു.
1980 ഒക്‌ടോബറിലെ വെളുപ്പിന് ഒരു പുലര്‍കാല സ്വപ്‌നം പോലെ ഈ ഭൂമുഖത്തു നിന്നും പൊടുന്നനെ മാഞ്ഞുപോകും വരെ എന്റെ വഴികാട്ടിയും വെളിച്ചവും അഭ്യുദയകാംക്ഷിയും അന്നദാതാവും അഭയകേന്ദ്രവുമെല്ലാം ഈ ബാലഗോപാലന്‍ വക്കീലായിരുന്നു.
സര്‍വോപരി എന്റെ ഇളയച്ഛന്‍ (മാതൃസഹോദരീ ഭര്‍ത്താവ്) എന്ന നിലയില്‍ ബാലഗോപാലന്‍ വക്കീല്‍ ജീവിതപ്പാതയിലെ വിളക്കുമരമായി വര്‍ത്തിച്ചുവെന്നതും ജന്മപുണ്യം. എം.ടി. എന്ന മഹാ സുകൃതത്തിന്റെ സവിധത്തിലേക്ക് എന്നെ കൈപിടിച്ചാനയിച്ചതും ആ വലിയ മനുഷ്യന്‍ തന്നെയാണ്.
പനമ്പിള്ളി നഗറിലെ വസതിയില്‍ എം.ടിയും ബാലഗോപാലന്‍ വക്കീലുമായുള്ള എത്രയോ കൂടിക്കാഴ്ചകള്‍ക്കും ഹൃദയഭാഷണങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് എന്റെ ജീവിതസാഫല്യമെന്നേ പറയാനുള്ളൂ.
സുഗന്ധപൂരിതമായ ഒരു ഓര്‍മ്മക്കാലമാണത്!... - ആ ഓര്‍മ്മയുടെ ഏടുകള്‍ മറിക്കുമ്പോള്‍ എത്രയോ ഹൃദയാര്‍ദ്രമായ രംഗങ്ങള്‍ മുന്നില്‍ വിടരുന്നു...
1979 ജൂലായ് മാസത്തിലെ ഒരു ഞായറാഴ്ച. മഴയും വെയിലും മാറിമാറി രംഗത്തുവന്ന പകല്‍നേരം. സമയം പതിനൊന്നുമണിയോടടുത്തിരുന്നു.
ബാലഗോപാലന്‍ വക്കീല്‍ ആരെയോ പ്രതീക്ഷിച്ച് ജാലകത്തിലൂടെ പുറത്തേക്കുനോക്കി ഇരിക്കുകയായിരുന്നു. അല്‍പ്പസമയത്തിനുള്ളില്‍ ഗെയിറ്റിനു സമീപം വന്നു നിന്ന അംബാസിഡര്‍ കാറില്‍ നിന്ന് രണ്ടുപേര്‍ പുറത്തേക്കിറങ്ങി. ആദ്യത്തെയാള്‍ സാക്ഷാല്‍ എം.ടി. വാസുദേവന്‍ നായര്‍. രണ്ടാമത്തെയാള്‍ വിശ്രുത സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ.
ബാലഗോപാലന്‍ വക്കീല്‍ ഗെയ്റ്റിനരികിലെത്തി ഇരുവരെയും ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്നതും കുശലാന്വേഷണങ്ങള്‍ നടത്തുന്നതും ഞാന്‍ കൗതുകത്തോടെ ജാലകത്തിലൂടെ നോക്കിക്കണ്ടു!
സമയം കടന്നുപോകവെ ഓഫീസ് മുറിയിലെ സംഭാഷണത്തിന്റെ അലയൊലികള്‍ എന്നില്‍ വന്നു പതിച്ചുകൊണ്ടേയിരുന്നു... അവരുടെ സജീവമായ സംസാരത്തിനിടയില്‍ എപ്പോഴോ ചായയും ബിസ്‌ക്കറ്റും മറ്റുമടങ്ങിയ ട്രേയുമായി അരികില്‍ ചെല്ലാന്‍ നിയുക്തനായത് ഞാനായിരുന്നു. എങ്ങനെയെങ്കിലും എം.ടി. എന്ന മഹാവിസ്മയത്തിന്റെ സവിധത്തിലെത്തണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് എനിക്കായി കാത്തുവെച്ച ഒരു നിയോഗം പോലെ അതു സംഭവിച്ചത്!
എം.ടിക്കുനേരെ ഭയഭക്തി ബഹുമാനപുരസ്സരം ചായക്കപ്പ് നീട്ടുമ്പോള്‍ സത്യത്തില്‍ കൈ വിറയ്ക്കുകയായിരുന്നു. ആ കണ്ണുകളിലെ അസാധാരണമായ തിളക്കവും മുഖത്തെ ഗൗരവഭാവവും എന്നില്‍ പ്രകമ്പനമുണ്ടാക്കിയപോലെ! ബാലഗോപാലന്‍ വക്കീല്‍ എന്നെ അദ്ദേഹത്തിനും മോഹനവര്‍മ്മയ്ക്കും പരിചയപ്പെടുത്തിക്കൊടുത്തു. ഞാന്‍ അത്യാവശ്യം എഴുതുമെന്നും 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലെ 'ബാലപംക്തി'യില്‍ കഥകള്‍ എഴുതാറുണ്ടെന്നും അദ്ദേഹം എം.ടിയോട് സൂചിപ്പിച്ചു. അതുകേട്ടപ്പോള്‍ എം.ടിയുടെ ചുണ്ടുകളില്‍ നേര്‍ത്തൊരു മന്ദഹാസം.
'ഉവ്വ്, ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്... ഇനിയും എഴുതണം. പിന്നെ നന്നായി വായിക്കണം. എഴുത്തും വായനയും സീരിയസായിത്തന്നെ എടുക്കണം...'
'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അക്കാലത്തെ എഡിറ്റര്‍ കൂടിയായ എം.ടി. എന്നെ ഓര്‍മ്മിപ്പിച്ചു. ഘനഗംഭീരമായ ആ വാക്കുകള്‍ എന്റെ ഹൃത്തടത്തില്‍ വന്നുപതിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ അദ്ദേഹത്തിന് അയച്ച ഒരു കത്തിന് മറുപടി കാണിച്ചുകൊടുത്തപ്പോള്‍ ആ മുഖം വികസിക്കുന്നതും കണ്ണുകള്‍ സ്‌നേഹാര്‍ദ്രമാകുന്നതും കാണായി. എം.ടി. എനിക്കുനേരെ വലതുകൈ നീട്ടി. ജീവിതത്തില്‍ ആദ്യമായി എം.ടിയുടെ ഷെയ്ക്ക് ഹാന്‍ഡ്! ഞാനപ്പോള്‍ സന്തോഷവും അഭിമാനവും കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു!
ആ കത്ത് വിലപ്പെട്ടൊരു നിധിപോലെ ഞാന്‍ ഇപ്പോഴും സൂക്ഷിച്ചുവെക്കുന്നു. ഞാന്‍ നീട്ടിയ ഓട്ടോഗ്രാഫില്‍ എം.ടി. വാത്സല്യപൂര്‍വ്വം ഒപ്പിട്ടുതന്നു. അതില്‍ ഇപ്രകാരം കുറിച്ചു: ആല ്യീൗൃലെഹള. അര്‍ത്ഥവത്തായ, ചിന്തോദ്ദീപകമായ ആ അനുഗ്രഹവചനം എന്റെ ജീവിതത്തില്‍ അതോടെ ഒരു വെള്ളിരേഖയായി മാറി. എക്കാലത്തെയും ഒരു ഓര്‍മ്മപ്പെടുത്തലായ ആ വാക്കുകള്‍ എന്റെ മനസിന് എന്നും വെളിച്ചം പകര്‍ന്നു.
പുറത്ത് ചാഞ്ഞും ചെരിഞ്ഞും മഴപെയ്തുകൊണ്ടിരിക്കവെ എം.ടി. ജാലകത്തിലൂടെ വിദൂരതയിലേക്ക് കണ്ണെറിഞ്ഞ് ഒരു ബീഡിക്ക് തീകൊളുത്തി. ചുണ്ടിന്റെ കോണില്‍ അത് എരിഞ്ഞു. ചുറ്റും പുകച്ചുരുളുകള്‍ പരന്നു. മൂവരും വീണ്ടും ഗൗരവം നിറഞ്ഞ സംഭാഷണത്തിലേക്ക് വഴിമാറിയ നേരത്ത് ഞാന്‍ അകത്തെ മുറിയിലേക്ക് ഉള്‍വലിഞ്ഞു.
എല്ലാം കഴിഞ്ഞ് ഇരുവരും യാത്രപറഞ്ഞിറങ്ങാന്‍ നേരത്ത് ഞാന്‍ വീണ്ടും ഓഫീസ് മുറിയിലേക്ക് നേരിയൊരു സങ്കോചത്തോടെ കടന്നുചെന്നു. എം.ടി. എന്നെ കൈമാടി വിളിച്ചുകൊണ്ട് സോഫയില്‍ അരികിലിരിക്കാന്‍ പറഞ്ഞു. അപ്പോള്‍ യാദൃച്ഛികമായി വന്നുചേര്‍ന്ന ഇടപ്പള്ളിയിലെ എല്‍.പി. വേണുഗോപാല്‍ എന്ന സഹൃദയനായ എന്റെ ആത്മമിത്രം ആ രംഗങ്ങളെല്ലാം തന്റെ സന്തത സഹചാരിയായ ക്യാമറയില്‍ പകര്‍ത്തിയത് പൊടുന്നനെയായിരുന്നു. അപൂര്‍വ്വമായി വീണുകിട്ടിയ കുറേ അസുലഭ മുഹൂര്‍ത്തങ്ങള്‍ അങ്ങനെ വേണുവിന്റെ ക്യാമറ ഒപ്പിയെടുത്തു.
ഞാനും വേണുവും എം.ടിയുടെ സവിധത്തില്‍ കൊതിതീരുവോളം ഇരുന്നു. നാലരപ്പതിറ്റാണ്ടിന്നപ്പുറത്തെ ആ ഫോട്ടോകള്‍ അപൂര്‍വ്വമായ നിധിപോലെ ഞങ്ങള്‍ ഇരുവരും ഇന്നും കാത്തുസൂക്ഷിക്കുന്നു...
'നാലുകെട്ടി'ന്റെയും 'കാല'ത്തിന്റെയും 'മഞ്ഞി'ന്റെയും 'അസുരവിത്തി'ന്റെയും ശില്‍പ്പിയെ ആദ്യമായി കണ്ടും അനുഭവിച്ചും അറിഞ്ഞ അത്രമേല്‍ ഹൃദയഭരിതമായ ആ മഴക്കാല ദിനം ഇന്നും ഉള്ളില്‍ തുടിച്ചുനില്‍ക്കുന്നു!
1980ല്‍ എം.പി. ബാലഗോപാലന്‍ വക്കീലിന്റെ വിഖ്യാത ഗ്രന്ഥമായ 'വേറാക്കൂറി'ന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കാനെത്തിയ എം.ടി. ഒരുദിവസം മുഴുവന്‍ ഞങ്ങളോടൊപ്പം ചെലവഴിച്ചതിന്റെ ഓര്‍മ്മകളും ഉള്ളില്‍ തുടികൊട്ടുന്നു.
സമസ്ത കേരള സാഹിത്യ പരിഷത്ത് കെട്ടിടത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തിലായിരുന്നു 'വേറാക്കൂറി'ന്റെ പ്രകാശനച്ചടങ്ങ് നടന്നത്. അക്കാലത്ത് എറണാകുളത്തിന്റെ ചരിത്രത്തില്‍ നടന്നിട്ടുള്ള സവിശേഷ ശ്രദ്ധയാകര്‍ഷിച്ച പുസ്തക പ്രകാശനച്ചടങ്ങായിരുന്നു അത്. അന്യവല്‍ക്കരണത്തെക്കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള എക്കാലത്തെയും കനപ്പെട്ട കൃതിയാണിത്. മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ഒട്ടും വൈകാതെയാണ് ഈ ഗ്രന്ഥത്തിന് ലഭിച്ചത്.
'വേറാക്കൂറി'ന്റെ പ്രകാശനകര്‍മ്മം നടന്ന ദിവസം അതിഥികള്‍ക്കുള്ള അത്താഴം പനമ്പിള്ളി നഗറിലെ വീട്ടിലായിരുന്നു. എം.ടിയും പി. ഗോവിന്ദപ്പിള്ളയും സി.പി. ശ്രീധരനും അവരുടെ സഹധര്‍മ്മിണിമാരും മറ്റും അതില്‍ സംബന്ധിക്കുകയുണ്ടായി. എഴുത്തുകാരിയും അറിയപ്പെടുന്ന പാചകവിദഗ്ധയും പാചകപുസ്തക രചയിതാവുമൊക്കെയായ നളിനി ശ്രീധരന്‍ (സി.പി. ശ്രീധരന്റെ പത്‌നി) അന്നൊരുക്കിയ രുചികരമായ ഭക്ഷണം ആസ്വദിച്ച് കഴിച്ച എം.ടി. അവരെ ഹൃദയപൂര്‍വ്വം അനുമോദിച്ചതും ഓര്‍മ്മയിലെത്തുന്നു.
'വേറാക്കൂറി'ന്റെ രണ്ടാം ഭാഗമെഴുതാന്‍ എം.ടി. ബാലഗോപാലന്‍ വക്കീലിനെ പ്രേരിപ്പിക്കുകയുണ്ടായി. അതിനാവശ്യമായ ചില റഫറന്‍സ് ഗ്രന്ഥങ്ങള്‍ വിദേശ പര്യടന വേളയില്‍ ശേഖരിച്ച എം.ടി. പ്രിയമിത്രമായ ബാലഗോപാലന്‍ വക്കീലിന് കൈമാറിയിരുന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാലഗോപാലന്‍ വക്കീല്‍ എല്ലാവരെയും തീരാ ദു:ഖത്തിലാഴ്ത്തി കഥാവശേഷനാവുകയാണുണ്ടായത്.
എം.ടി.യുടെ ആദ്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തത് ബാലഗോപാലന്‍ വക്കീലായിരുന്നു. എം.ടിക്കും ബാലഗോപാലന്‍ വക്കീലിനും ഒരുപോലെ പ്രിയങ്കരനായിരുന്ന കോഴിക്കോട്ടെ യശ:ശരീരനായ വിശ്രുത അഭിഭാഷകന്‍ പി.എം. പത്മനാഭ മേനോന്‍ അക്കാലത്ത് പനമ്പിള്ളി നഗറിലെ വീട്ടിലെത്തുമായിരുന്നു. എം.ടി. എന്ന മഹാപ്രതിഭയെക്കുറിച്ച്, അദ്ദേഹത്തിന്റെ രചനാ പ്രപഞ്ചത്തെക്കുറിച്ച് എനിക്ക് കൂടുതല്‍ മനസിലാക്കാന്‍ അവര്‍ ഇരുവരുടയും സംഗമം അവസരമൊരുക്കി.
എം.ടിയോടൊപ്പം പലതവണ യാത്ര ചെയ്യാന്‍ സാധിച്ച അസുലഭ സന്ദര്‍ഭങ്ങളും ഹൃത്തടത്തില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. 1980കള്‍ തൊട്ട് 2015 വരെയുള്ള കാലയളവിലാണ് ആ സൗഭാഗ്യമുണ്ടായത്. കൊച്ചിയിലെ പത്രപ്രവര്‍ത്തന കാലത്തും പിന്നീട് കാസര്‍കോടന്‍ ഭൂമികയിലെത്തിയപ്പോഴും എത്രയോവട്ടം അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാന്‍ അവസരമുണ്ടായി.
തൃക്കരിപ്പൂരിലും ചെറുവത്തൂരിലും നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും പയ്യന്നൂരിലും മറ്റും പലപ്പോഴായി നടന്നിട്ടുള്ള അനേകം കലാ-സാഹിത്യ-സാംസ്‌കാരിക പരിപാടികളില്‍ എം.ടി. സംബന്ധിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയുടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ എം.ടി. നടത്തിയിട്ടുള്ള ഇടപെടലുകള്‍ അധികൃതരുടെയും ഭരണകൂടത്തിന്റെയും ഉള്‍ക്കണ്ണ് തുറപ്പിക്കാന്‍ പോന്നതായിരുന്നു.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന പ്രൊഫ. എം.എ. റഹ്‌മാന്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, ലീലാകുമാരിയമ്മ തുടങ്ങിയവരെയെല്ലാം എം.ടി. ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നതിന് എനിക്കും സാക്ഷ്യം വഹിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരനായിക ലീലാകുമാരിയമ്മക്ക് പുരസ്‌ക്കാരം സമര്‍പ്പിക്കാന്‍ വന്ന വേളയില്‍ രണ്ടുദിവസം എം.ടി. കാസര്‍കോട്ട് താമസിക്കുകയുണ്ടായി. കാസര്‍കോട് നഗരപ്രാന്തത്തിലെ ഹൈവേ കാസില്‍ ടൂറിസ്റ്റ് ഹോമിലായിരുന്നു അന്ന് താമസിച്ചത്. തിരക്കുപിടിച്ച പരിപാടികള്‍ നിറഞ്ഞ ആ ദിവസങ്ങളില്‍ മിക്ക സമയവും അദ്ദേഹത്തോടൊപ്പം കഴിയാന്‍ എനിക്ക് സാധിച്ചു.
അന്ന്, രണ്ടാം ദിവസം രാവിലെ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യസദസിനെ അഭിമുഖീകരിച്ച് എം.ടി. സംസാരിച്ചു. പില്‍ക്കാലത്ത് കണ്ണൂര്‍, കോഴിക്കോട് സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍ പദവി വഹിച്ച പ്രൊഫ. ഖാദര്‍ മാങ്ങാടായിരുന്നു അന്നത്തെ പ്രിന്‍സിപ്പല്‍. നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ അമരക്കാരന്‍ കൂടിയായിരുന്ന അംബികാസുതന്‍ മാങ്ങാടും മറ്റും അന്ന് വേദിയിലുണ്ടായിരുന്നു. നെഹ്‌റു കോളേജിന്റെ ചരിത്രത്തില്‍ നടന്ന പ്രൗഢോജ്ജ്വല ഭാഷണമായിരുന്നു അന്നേദിനം എം.ടി. നടത്തിയത്.
അന്നത്തെ ഉച്ചഭക്ഷണവും വിശ്രമവും അംബികാസുതന്‍ മാങ്ങാടിന്റെ 'നന്ദകം' എന്ന വീട്ടിലായിരുന്നു.
കാഞ്ഞങ്ങാട്ടെ 'ലേറ്റസ്റ്റ്' പത്രമോഫീസില്‍ സംഘടിപ്പിച്ച സൗഹൃദസദസിലും അദ്ദേഹം സംബന്ധിച്ചു. ഞാനും അംബികാസുതനും ചേര്‍ന്നാണ് അന്ന് വൈകിട്ട് അദ്ദേഹത്തെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്രയയച്ചത്. കാസര്‍കോട് ജില്ലയിലേക്കുള്ള എം.ടി.യുടെ അവസാനത്തെ വരവായിരുന്നു അത്.
സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആദരമര്‍പ്പിക്കാന്‍ പ്രസിഡണ്ട് സി. രാധാകൃഷ്ണന്റെയും ജനറല്‍ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാറിന്റെയും വൈസ് പ്രസിഡണ്ട് ബാലചന്ദ്രന്‍ വടക്കേടത്തിന്റെയുമൊപ്പം ഞങ്ങള്‍ നിര്‍വ്വാഹകസമിതി അംഗങ്ങള്‍ കോഴിക്കോട് നടക്കാവിലെ 'സിതാര'യില്‍ ചെല്ലുന്നത് എം.ടിയുടെ വേര്‍പാടിന് കുറച്ചുകാലം മുമ്പാണ്. എം.ടിയെ അവസാനമായി കാണുന്നതും അന്നായിരുന്നു. അദ്ദേഹം അന്ന് ഏറെ ക്ഷീണിതനായിരുന്നുവെങ്കിലും ശാരീരിക പ്രയാസതകള്‍ ഉള്ളിലൊതുക്കിയാണ് ഞങ്ങളോടൊപ്പം കുറച്ചുസമയം പങ്കിട്ടത്. എം.ടിയുടെ ജീവചരിത്രകാരനായ ഡോ. കെ. ശ്രീകുമാറും അന്ന് ഞങ്ങളോടൊപ്പമുണ്ടായിരുന്നു. സഹോദരതുല്ല്യനായ സി. രാധാകൃഷ്ണന്റെ സാന്നിധ്യം അദ്ദേഹത്തിന് സന്തോഷം പകര്‍ന്നതായി ഞങ്ങള്‍ എളുപ്പം തിരിച്ചറിഞ്ഞു. എന്റെ മകന്‍ വിഷ്ണുവും അന്ന് കൂടെയുണ്ടായിരുന്നു.
ശബ്ദം താഴ്ത്തിയുള്ള കൊച്ചുകൊച്ചുവാക്കുകളും ചെറുപുഞ്ചിരിയും ഇടയ്ക്കുള്ള ഘനഗംഭീരമായ മൗനവും സ്‌നേഹവാത്സല്യങ്ങള്‍ വാര്‍ന്നൊഴുകുന്ന നോട്ടവും ഭാവവുമെല്ലാം ചേര്‍ന്ന് ആ അന്തരീക്ഷത്തെ ഹൃദയഭരിതവും തേജോമയവുമാക്കി.
അതെ, മഹാ സ്‌നേഹത്തിന്റെ ശാന്തമായ കടല്‍..! എം.ടി. എന്ന ഇതിഹാസത്തെ, മലയാളത്തിന്റെ മഹാപുണ്യത്തെ നമസ്‌ക്കരിച്ച് ഞങ്ങള്‍ 'സിതാര'യുടെ പടിയിറങ്ങിയ ആ സായാഹ്നം ഇപ്പോഴും ഒരു ദീപം കണക്കെ ഉള്ളില്‍ പ്രോജ്ജ്വലിച്ചുനില്‍ക്കുന്നു...
2024ലെ ക്രിസ്തുമസ് രാവില്‍ മലയാണ്മയെ നിതാന്ത ദു:ഖത്തിലാഴ്ത്തിക്കൊണ്ട് ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് പോയ്മറഞ്ഞ ആ കാലപുരുഷനെക്കുറിച്ചുള്ള ദീപ്തസ്മൃതികള്‍ ഇനിയുമെത്രയോ, എത്രയോ..!
- മഹാകാലമേ, നമോവാകം...