ഒരുക്കങ്ങളെയും ഉത്സവ സമാനമാക്കി മൊഗ്രാല്‍

Update: 2025-12-27 11:15 GMT

ജില്ലാ റവന്യു സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച മൊഗ്രാലില്‍ തിരശീല ഉയരുമ്പോള്‍ ഇശല്‍ ഗ്രാമം വലിയ ആവേശത്തിലാണ്. നൂറ്റാണ്ടു പഴക്കം ചെന്ന മൊഗ്രാല്‍ സ്‌കൂളില്‍ ഇതാദ്യമായി എത്തുന്ന കൗമാര കലകളുടെ വസന്തം വന്‍ വിജയത്തിലെത്തിക്കാന്‍ നാട്ടുകാര്‍ വിവിധ സബ് കമ്മിറ്റികളായി തിരിഞ്ഞു കൈമെയ് മറന്നുള്ള പ്രവര്‍ത്തനത്തിലാണ്. ചുരുങ്ങിയ നാളുകള്‍ മാത്രം അവശേഷിക്കവെ ജില്ലയിലെ ഏറ്റവും വലിയ കലാ മാമാങ്കം ഏറ്റെടുക്കാന്‍ തയ്യാറായത് തന്നെ അത്ഭുതകരമായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നാടും നാടാകെയും ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും മുഴുകിനില്‍ക്കെ പല കേന്ദ്രങ്ങളും പുറംതിരിഞ്ഞു നിന്നപ്പോള്‍, മുന്‍കാലങ്ങളില്‍ വിട്ട് കൊടുക്കാത്തവര്‍ പോലും തട്ടിമാറ്റിയ ഈ കൗമാര കലോത്സവത്തിന് എവിടെ വേദി ഒരുക്കണമെന്ന ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്കയെ അകറ്റിയ ഇശല്‍ ഗ്രാമത്തെയും മുന്നോട്ട് വന്ന പി.ടി.എ കമ്മിറ്റിയെയും അഭിനന്ദിക്കുക തന്നെ വേണം. വന്‍ സാമ്പത്തിക ബാധ്യതയും ഒരുക്കങ്ങള്‍ക്കുള്ള സമയകുറവും മറികടന്നു വേണം മേളയുടെ വിജയം എന്നതാണ് യാഥാര്‍ഥ്യം. എല്ലാ പരിമിതികളും തരണം ചെയ്തു കുറ്റമറ്റ പ്രവര്‍ത്തനമാണ് ഓരോ സബ് കമ്മിറ്റിയും നാട്ടുകാരും വിവിധ അധ്യാപക സംഘടനാ പ്രവര്‍ത്തകരും നടത്തി വരുന്നത്. ഇശല്‍ ഗ്രാമത്തിന്റെയും കാല്‍പന്തിന്റെയും പേരും പെരുമയും ഒട്ടും ചോരാതെ കാക്കുകയാണ് നാട്ടുകാര്‍. പതിമൂന്ന് വേദികളില്‍ ഏഴ് സബ് ജില്ലകളില്‍ നിന്നായി മുവായിരത്തിലധികം കൗമാര പ്രതിഭകള്‍ നാനൂറോളം മത്സര ഇനങ്ങളില്‍ മൂന്നു ദിനരാത്രങ്ങളില്‍ മൊഗ്രാലില്‍ തങ്ങളുടെ കലാ ഹൃദയത്തെ നാടിന് സമര്‍പ്പിക്കുകയാണ്. സ്റ്റേജിതര ഇനങ്ങള്‍ ഡിസംബര്‍ ആദ്യ വാരത്തില്‍ രണ്ട് ദിവസങ്ങളിളായി നടന്നിരുന്നു. ഇതൊക്ക കാണാനും ആസ്വദിക്കാനും ജില്ലയുടെ നാനാ ദിക്കുകളില്‍ നിന്ന് ജനം ഒഴുകി എത്തും. അവരെ സ്വീകരിക്കാനും പ്രയാസങ്ങള്‍ ഒന്നുമില്ലാതെ മത്സരങ്ങള്‍ വീക്ഷിക്കാനുമുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നു. മൊഗ്രാല്‍ എന്ന കൊച്ചു ഗ്രാമത്തിന് കേട്ട് കേള്‍വിയും അപരിചിതവുമായ നിരവധി ഇനങ്ങള്‍ ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരമായി ഇതിനെ നാട്ടുകാര്‍ കാണുന്നു. മൊഗ്രാല്‍ സ്‌കൂള്‍ കമാനവും ചുറ്റുമതിലും ചുമര്‍ ചിത്രം കൊണ്ട് വര്‍ണ്ണാഭമാക്കിയിട്ടുണ്ട്. സത്യത്തില്‍ നാട്ടുകാര്‍ക്ക് ഇതുവരെയായി സ്വന്തമായി നല്ലൊരു സ്റ്റേജ് പോലും ഇല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. അതുകൊണ്ട് തന്നെ മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തെക്ക് വശത്തായി സ്ഥിരം സ്റ്റേജിന് വഴി ഒരുക്കുകയായിരുന്നു. ഇത് ഒന്നാം വേദിയായി ഉപയോഗിക്കും. ഒന്നാം വേദിക്ക്ഇശല്‍ ഗ്രാമത്തെ തന്നെ സൂചിപ്പിച്ചു ഇശല്‍ എന്ന പേരിട്ടു. മൊഗ്രലിനു അനുയോജ്യമായ ദഫ് മുട്ട്, വട്ടപ്പാട്ട് കളര്‍ ഫുള്‍ ഇനമായ ഒപ്പനയും ഇതേ വേദിയില്‍ ആദ്യ ദിനം തന്നെ അരങ്ങേറും. രണ്ടാം വേദിയായ ചളിയങ്കോട് ഗസ്സല്‍, മൂന്നാം വേദി സ്‌കൂള്‍ അങ്കണം സാരഗി, നാലാം വേദി മമ്മുഞ്ഞി മാസ്റ്റര്‍ നഗര്‍ സിതാര്‍, വേദി അഞ്ചു കോട്ടറോഡ് ഷഹാനായ്, വേദി ആറ് അംഗവാടി ഭൈരവ്, ഏഴ് റഹ്‌മത്ത് നഗര്‍ ഖായല്‍, എട്ട് നടുപ്പളം ഗാവാലി, ഒന്‍പതു എസ്സ ഗ്രൗണ്ട് ദ്രോപതി, പത്ത് നടുപ്പളളം മല്‍ഹര്‍, പതിനൊന്ന് ബാതിഷാ മസ്ജിദ് ദര്‍ബാര്‍, പന്ത്രണ്ട് റഹ്‌മത്ത് നഗര്‍ സാന്ത്വനം, പതിമൂന്ന് പേരാല്‍ സ്‌കൂള്‍ ശാന്തുര്‍ എന്നിങ്ങനെയാണ് വേദികള്‍ ഒരുക്കിയിട്ടുള്ളത്. നാടക പ്രേമികളെ വരവേല്‍ക്കുന്നത് എസ്സ സ്‌കൂള്‍ ഗ്രൗണ്ടാണ്. പൂരകളിയും വാദ്യമേളവും പേരാലില്‍ അരങ്ങേറും. 64-ാം മത് സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതഗാനം ഒരുക്കിയത് വെള്ളിക്കോത്ത് വിഷ്ണു ഭട്ടാണ്. രവീന്ദ്രന്‍ പാടിയാണ് വരികള്‍ ഒരുക്കിയത്. 64 അംഗ ഗായക സംഘത്തെ മൊഗ്രാല്‍ സ്‌കൂളിലെ സംഗീത അധ്യാപിക സുഷ്മിത ടീച്ചര്‍ നയിക്കും. ജില്ലയിലെ ആരോഗ്യ, ഭക്ഷ്യ വിഭാഗം നിരന്തരമായ ഇടപെടലുകള്‍ നടത്തി ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും പൊലീസും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. പൊലീസിന്റെ പ്രത്യേക വിഭാഗം മൊഗ്രലിലിനെ സി.സി.ടി.വി മുഖേന നിരീക്ഷിക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഒരു തരത്തിലും പ്രയാസങ്ങള്‍ നേരിടാത്ത വിധം കൃത്യമായ സമയ ക്രമം പാലിച്ചുകൊണ്ടാണ് പ്രോഗ്രാം കമ്മിറ്റി ചാര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 31ന് സമാപന ചടങ്ങില്‍ വെച്ച് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി. മധുസൂദനനന്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കലിന് കൂടി വേദിയാകുന്നു എന്നതും ഒരു പ്രത്യേകതയാണ്.

Similar News