വരവേല്‍ക്കാം കെ. ലിറ്റിനെ

ഏറ്റവും വികസിച്ചുകൊണ്ടിരിക്കുന്നതും സാംസ്‌കാരികമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്നതുമായ ഒരു നാടാണിതെന്ന് വിളംബരം ചെയ്യാന്‍ കഴിയുന്ന മഹത്തായ അവസരമാണ് കെ.ലിറ്റിലൂടെ കൈവരാന്‍ പോകുന്നത്.;

Update: 2025-02-19 10:02 GMT

ഒരു പത്രപ്രവര്‍ത്തകന്‍ എന്നനിലയില്‍ ആദ്യമായി കാസര്‍കോട്ട് വന്നത് 1991 ആദ്യമാണ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിനായിരുന്നു അത്. ആ ഒരാഴ്ചത്തെ കാസര്‍കോടുവാസം ഈ നാടിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിച്ചു. യുവജനോത്സവത്തിന്റെ പ്രചരണവിഭാഗം- അഥവാ മീഡിയാ ഉപസമിതിയെ നയിച്ചത് അന്നത്തെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനില്‍കുമാറും മാതൃഭൂമി ബ്യൂറോ ചീഫായിരുന്ന കെ.എം. അഹ്‌മദ് മാസ്റ്ററുമായിരുന്നു. കലാപ്രതിഭകളും കലാധ്യാപകരും പക്കമേളക്കാരും സ്‌കൂള്‍ അധ്യാപകരും ജഡ്ജസുമെല്ലാമായി ആയിരക്കണക്കിനാളുകളെ സ്വീകരിക്കാന്‍ കാസര്‍കോടിന് കഴിയുമോ എന്ന സന്ദേഹത്തോടെയായിരുന്നു തുടക്കം. എന്നാല്‍ അതിന് മുമ്പ് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളേക്കാളൊക്കെ കേമമായാണ് കാസര്‍കോട്ടെ കലോത്സവം നടന്നത്. വന്‍വിജയമായിത്തീര്‍ന്ന യുവജനോത്സവം റിപ്പോര്‍ട്ട് ചെയ്ത ലേഖകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും സമാപനപ്പിറ്റേന്ന് സമൃദ്ധമായ വിരുന്ന് നല്‍കുകയുണ്ടായി. എങ്ങനെ ഇത്രവലിയ വിജയമായെന്ന് അത്ഭുതം കൂറിയവരോട് കെ.എം. അഹ്‌മദ് മാഷ് പറഞ്ഞത് നന്മയെ വിജയിപ്പിക്കുന്ന മഹത്തായ മനസ്സുണ്ട് ഈ നാട്ടിന്നെനാണ്. സപ്തഭാഷകളുടെ സംഗമഭൂമിയായ ഈ നാട് സാഹിത്യത്തിന്റെയും കലകളുടെയും വിളനിലമാണ്. ഇവിടെയാണ് 1974-ല്‍ സാഹിത്യപരിഷത്തിന്റെ വാര്‍ഷികം അതിന് മുമ്പെന്നത്തേക്കാളും കെങ്കേമമായി നടത്തിയത്. മഹാകവി പി. യുടെയും ഉബൈദിന്റെയും നാട്... കാഞ്ഞിരയുടെ കാസര്‍കോടിന്റെ ആത്മാവിലേക്കിറങ്ങിക്കൊണ്ടുള്ള ഒരു വിവരണം..

അതിന് മുമ്പ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കാസര്‍കോട് പലതവണ വന്നതില്‍ ഓര്‍മയില്‍ ഏറ്റവും തെളിഞ്ഞുനില്‍ക്കുന്നത് ക്ലിന്റിന്റെ പെയിന്റിങ്ങുകളെക്കുറിച്ച് നടത്തിയ പരിപാടിയാണ്. ഏഴാം വയസ്സില്‍ ഈ ലോകം വിട്ടുപോയ ക്ലിന്റ്്്. കാല്‍ ലക്ഷത്തോളം ചിത്രങ്ങളാണ് ആ അദ്ഭുതപ്രതിഭ വരഞ്ഞിട്ടത്. ക്ലിന്റിനെക്കുറിച്ച് പ്രഭാഷണം നടത്താന്‍ എം.എന്‍. വിജയന്‍മാഷ് കാസര്‍കോട്ടേക്ക് വരുമ്പോള്‍ ഒപ്പമുണ്ടായവരിലൊരാള്‍ ഈ ലേഖകനായിരുന്നു. പിന്നീട് കലാക്ഷേത്രത്തിന്റെയും സാഹിത്യവേദിയുടെയുമൊക്കെ ആഭിമുഖ്യത്തില്‍ എത്രയെത്ര പ്രഭാഷണങ്ങള്‍... പുസ്തകപ്രകാശനങ്ങള്‍.. മറ്റ് സ്ഥാലങ്ങളിലേതിനേക്കാളൊക്കെ വമ്പിച്ച പങ്കാളിത്തം, സംഘാടന മികവ്- ഇതെല്ലാമാണ് കാസര്‍കോട്ടെ സാംസ്‌കരികാന്തരീക്ഷത്തെ പ്രഫുല്ലമാക്കിയത്. എന്നാല്‍ ചില ഘട്ടങ്ങളിലൊക്കെ അതിന് ഇടര്‍ച്ചയുണ്ടായി. മനുഷ്യര്‍ തമ്മിലുള്ള ഐക്യത്തില്‍ വിടവുകളുണ്ടായി. ഐക്യത്തിന്റെയും സര്‍ഗാത്മകതയുടെയും തുടര്‍ച്ചയ്ക്കായുള്ള വെമ്പലുണ്ടാകുന്നുവെന്നതാണ് ഇപ്പോള്‍ പ്രതീക്ഷയുണര്‍ത്തുന്നത്.

മലയാളം സ്വതന്ത്രമായ അസ്തിത്വം സ്ഥാപിക്കാന്‍ തുടങ്ങുന്ന കാലത്ത് ആദ്യമായി ഒരു മഹാകാവ്യമുണ്ടാകുന്നത് അത്യുത്തരകേരളത്തിലാണെന്ന് ഈ പംക്തിയില്‍ പോകിപോകചയനന്‍ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയത് ഓര്‍ക്കുക. പിന്നീട് പയ്യന്നൂര്‍പാട്ട് പോലുള്ള എത്രയോ കൃതികള്‍.. ഇപ്പോള്‍ ആധുനിക കാലത്താണെങ്കില്‍ മലയാളസാഹിത്യത്തിലും സിനിമയിലും കാസര്‍കോട് നിറഞ്ഞുനില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന നോവലുകളുണ്ടാകുന്ന പ്രദേശമെന്ന കേളി ഈ നാട്ടിന് കൈവന്നിരിക്കുന്നു. പൊനവും അല്ലോഹലനും മരണവംശവുമടക്കമുള്ള നോവലുകള്‍. സിനിമാചിത്രീകരണത്തിന്റെ പ്രധാനകേന്ദ്രമായെന്നതുമാത്രമല്ല, സിനിമയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കാന്‍ ഈ നാട്ടുകാരില്‍നിന്ന് അധികമധികമാളുകള്‍ക്ക് അവസരംലഭിക്കുന്നു.

ഇങ്ങനെ എല്ലാം കൊണ്ടും സാംസ്‌കാരികമായ വലിയൊരുണര്‍വുണ്ടായിട്ടുള്ള പശ്ചാത്തലത്തിലാണ് കെ.ലിറ്റിന്റെ വിളമ്പരമുണ്ടായിരിക്കുന്നത്. അതിന്റെ മീഡിയാ പാര്‍ട്ണറായി ഉത്തരദേശത്തെയും നിശ്ചയിച്ചത് അഭിമാനകരമാണ്. കെ.ലിറ്റ് എന്ന പേരില്‍ കാസര്‍കോട് സാഹിത്യോത്സവം നടത്തുന്നതിന്റെ ഭാഗമായി ലോഗോ പ്രകാശനം കഴിഞ്ഞ ബുധനാഴ്ച സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്നപ്പോള്‍ പ്രകടമായ ഉത്സാഹം ശ്രദ്ധേയമായിരുന്നു. എഴുത്തുകാരും പ്രഭാഷകരും സാംസ്‌കാരിക പ്രവര്‍ത്തകരും വളരെ ആവേശത്തോടെയാണ് യോഗത്തില്‍ പങ്കാളികളായത്.

സാഹിത്യോത്സവങ്ങള്‍ കേരളത്തില്‍ എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നുണ്ട്. പയ്യന്നൂരില്‍ നഗരസഭയുടെ നേതൃത്വത്തില്‍ മൂന്നുവര്‍ഷമായി നടക്കുന്നു. കണ്ണൂരില്‍ ജവഹര്‍ ലൈബ്രറി രണ്ടുവര്‍ഷമായി സാഹിത്യോത്സവം നടത്തുന്നു. മനോരമ ഹോര്‍ത്തുസ് എന്ന പേരില്‍ അടുത്തകാലത്തായി സാഹിത്യോത്സവം നടത്തി. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ഡി.സി.ബുക്‌സാണ് കോഴിക്കോട് ബീച്ചില്‍ ഇത്തരം സാഹിത്യോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മാതൃഭൂമി അതിവിപുലമായി തിരുവനന്തപുരത്ത് കനകക്കുന്നില്‍ 'ക' എന്ന പേരില്‍ സാഹിത്യോത്സവം നടത്തിവരുന്നു. കണ്ണൂര്‍ സര്‍വകലാശാല രണ്ടുവര്‍ഷമായി സാഹിത്യോത്സവം നടത്തുന്നു. ഗള്‍ഫ് രാജ്യങ്ങളിലും മലയാളികള്‍ ഇത്തരം മേളകള്‍ നടത്തുന്നു. ഷാര്‍ജ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ഇത്തരം മേളകള്‍ക്കെല്ലാം പ്രചോദനമാകുന്നുമുണ്ട്.

കാസര്‍കോട്ടെ പ്രതിഭാശാലികളായ യുവാക്കള്‍, എഴുത്തുകാര്‍, സഹൃദയര്‍, വ്യവസായ വാണിജ്യ സംരംഭകര്‍ എന്നിവരെല്ലാം മുന്‍കയ്യെടുത്ത്് വിഭാവനം ചെയ്യുന്ന കെ.ലിറ്റ് ഇതില്‍ നിന്നെല്ലാം കുറേക്കൂടി വ്യത്യസ്തമാകുമെന്നാണ് കരുതേണ്ടത്. 'വൈവിധ്യങ്ങളുടെ കലവറ' എന്നാണ് ഫെസ്റ്റിവലിന്റെ പേരെന്നതുതന്നെ പ്രത്യേകതയാണ്. സാഹിത്യം, സിനിമ, നാടകം, ഭക്ഷണം, ആരോഗ്യം, ഡിജിറ്റല്‍ മേഖല, ഓട്ടോമൊബൈല്‍ എന്നുതുടങ്ങി എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന അര്‍ഥവത്തായ മേളയാണ് വിഭാവനംചെയ്യുന്നതെന്ന് പരിപാടികളെക്കുറിച്ച് വിശദീകരിച്ച സന്തോഷ് സക്കറിയയും അധ്യക്ഷത വഹിച്ച റഹ്‌മാന്‍ തായലങ്ങാടിയും സ്വാഗതം പറഞ്ഞ മധൂര്‍ ഷെരീഫും ആമുഖഭാഷണം നടത്തിയ ഹരീഷ് പന്തക്കലും പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടിയാണുണ്ടായത്.

പണിഷ്‌മെന്റ് സ്ഥലംമാറ്റത്തിനായുള്ള ഓണംകേറാമൂലയല്ല കാസര്‍കോട്, ഏറ്റവും വികസിച്ചുകൊണ്ടിരിക്കുന്നതും സാംസ്‌കാരികമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്നതുമായ ഒരു നാടാണിതെന്ന് വിളംബരം ചെയ്യാന്‍ കഴിയുന്ന മഹത്തായ അവസരമാണ് കെ.ലിറ്റിലൂടെ കൈവരാന്‍ പോകുന്നത്. നിറഞ്ഞ മനസ്സോടെ അതിനെ നമുക്കേവര്‍ക്കും സ്വാഗതം ചെയ്യാം.

Similar News