വിജയ ശതമാനവും എ പ്ലസ് ബാഹുല്യവും; പഠന നിലവാര മികവാണോ?

Update: 2025-05-12 11:22 GMT

ഫുള്‍ എ പ്ലസ് എന്ന അളവുകോലില്‍ കുട്ടിയുടെ തുടര്‍ പഠനത്തോടൊപ്പം വാര്‍ത്തമാനവും ഭാവിയും സ്വപ്‌നം കാണുന്ന അവസ്ഥ മാറണം. ഫുള്‍ എ പ്ലസ് നേടിയ കുട്ടികളില്‍ പലര്‍ക്കും പ്ലസ് 2 പരീക്ഷയില്‍ അത് കിട്ടാറില്ല. പക്ഷേ, പത്തില്‍ ഫുള്‍ എ പ്ലസ് കിട്ടാത്തവരില്‍ പ്ലസ് 2വില്‍ അത് നേടിയവരുണ്ട്. എസ്.എസ്.എല്‍.സി. ഫലം എന്നത് തുടര്‍ പഠനത്തിന് സീറ്റ് നിശ്ചയിക്കാനുള്ള ഒരു വഴി തുറക്കല്‍ മാത്രമാണ്.

മറ്റേതൊരു പരീക്ഷാ ഫലത്തേക്കാള്‍ എസ്.എസ്.എല്‍.സിയുടേതിന് പ്രാമുഖ്യം ഏറെയാണ് അന്നും ഇന്നും.

മുമ്പൊക്കെ പത്രത്താളുകളില്‍ അക്കങ്ങള്‍ നിരത്തി റിസള്‍ട്ട് എത്തിക്കുന്ന രീതിയില്‍ നിന്ന് നിലവില്‍ ഏറെ മാറ്റങ്ങളുണ്ടായിരിക്കുന്നു. റിസള്‍ട്ട് വരുന്ന ദിവസത്തെ പ്രഭാത പത്രത്താളുകളില്‍ അധികവും അക്കങ്ങള്‍ നിറഞ്ഞായിരുന്നു മുന്‍ കാലങ്ങളില്‍ പുറത്തുവന്നിരുന്നത്. അന്നത്തെ സംവിധാനത്തില്‍ ഫലമറിയാനുള്ള മാര്‍ഗം അത് മാത്രമായിരുന്നു. തലേന്ന് രാത്രി പത്ര ഓഫീസുകളില്‍ വിളിച്ചാല്‍ ഫലം ഫോണിലൂടെയും കിട്ടിയിരുന്നു.

ഫസ്റ്റ്ക്ലാസ്സ് കാര്‍ക്ക് നക്ഷത്ര തിളക്കം

പത്രങ്ങളില്‍ പരീക്ഷ പാസായവരുടെ നമ്പറുകളില്‍ ഒരു കുഞ്ഞുനക്ഷത്ര ചിഹ്നം ഫസ്റ്റ് ക്ലാസ് കിട്ടി എന്ന സൂചനയായിരുന്നു അന്ന്. 600 മാര്‍ക്കില്‍ 360 നേടുന്നവന്‍ ഒന്നാം ക്ലാസ് വിജയിയായിരുന്നു. അത് കിട്ടുന്നവര്‍ പക്ഷേ, ഏറെ കുറവും. സംസ്ഥാന തലത്തില്‍ ആദ്യ റാങ്കുകള്‍ നേടിയവര്‍ ആയിരുന്നു അന്ന് യഥാര്‍ത്ഥ ഹീറോകള്‍. റാങ്ക് ജേതാക്കളോടൊപ്പം അവരുടെയും സ്വന്തക്കാരുടെയും ഫോട്ടോയും കഥകളും പത്രങ്ങള്‍ക്ക് പ്രത്യേക സ്റ്റോറി ആയി മുന്‍ പേജില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു അന്ന്.

വിജയ ശതമാനവും എ പ്ലസ് ബാഹുല്യവും മികവാണോ

ഈ വര്‍ഷത്തെ ഫലം വിദ്യാഭ്യാസ മന്തി പ്രഖ്യാപിച്ചു. 99.5% ശതമാനമാണത്രെ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. വിജയം. അതില്‍ 61,499 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കിട്ടി. മൂല്യനിര്‍ണയ ഗ്രേഡിംഗ് സമ്പ്രദായം നിലവില്‍ വന്ന 2005ലെ ആദ്യ പരീക്ഷാ ഫലത്തില്‍ 500ല്‍ താഴെ കുട്ടികള്‍ക്ക് മാത്രമായിരുന്നു മുഴുവന്‍ എ പ്ലസ്. ഇപ്പോഴത് 61,499ല്‍ എത്തിനില്‍ക്കുന്നു. അത്രയേറെ നമ്മുടെ പഠന നിലവാരം ഉയര്‍ന്നുവെന്നാണോ അര്‍ത്ഥമാക്കേണ്ടത്? ഇതിന് ഉത്തരം നല്‍കേണ്ടത് അതുമായി ബന്ധപ്പെട്ട വിദഗ്ധരാണ്.

ഗ്രേസ് മാര്‍ക്കുകള്‍ കൂടി ചേര്‍ത്താണ് ഇവിടെ ഗ്രേഡ് നിശ്ചയിക്കുന്നത്. അക്കാദമിക മികവായിരിക്കണം ഗ്രേഡ് പരിഗണനയുടെ അടിസ്ഥാനം. തുടര്‍ പഠനത്തിന് സീറ്റ് ലഭിക്കാന്‍ ഗ്രേസ് മാര്‍ക്ക് കൂടി പരിഗണിക്കുന്ന സമ്പ്രദായം മതിയാകും. ഗ്രേസ് മാര്‍ക്ക് ഉണ്ടായിട്ടും അത് ചേര്‍ത്തില്ലെങ്കില്‍ തന്നെ മുഴുവന്‍ എ പ്ലസ് നേടുന്ന കുട്ടികളും ഏറെയില്ലേ. അക്കാദമിക മികവ് ആ നിലയില്‍ തന്നെ പരിഗണിക്കുകയാണ് വേണ്ടത്.

ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ ഓണ്‍ ലൈനില്‍ എല്ലാം നിമിഷങ്ങള്‍ക്കകം ഗ്രേഡ് സഹിതം തെളിഞ്ഞു കിട്ടും. ഫുള്‍ എ പ്ലസ് കിട്ടുന്നവര്‍ ആ സ്‌കൂളിലും നാട്ടിലും മിടുക്കര്‍. ഇനിയുള്ള നാളുകള്‍ അവരെ അനുമോദിക്കുന്ന തിരക്കിലായിരിക്കും പി.ടി.എക്കാരും നാട്ടിലെ വിവിധ ക്ലബ്ബുകളും സംഘടനകളും. പ്രോത്സാഹനമല്ലേ, നല്ലത് തന്നെ. ഫുള്‍ എ പ്ലസ് കിട്ടിയ മുഴുവന്‍ കുട്ടികള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള സ്‌കൂളുകളില്‍ ഇഷ്ടമുള്ള വിഷയങ്ങളില്‍ തുടര്‍ പഠനത്തിന് സീറ്റ് കിട്ടുമോ എന്നറിയില്ല. അത്രയേറെ പേര്‍ക്കാണ് മുഴുവന്‍ എ പ്ലസ് കിട്ടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഫുള്‍ എ പ്ലസുകാരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്.

ആകാംക്ഷയില്‍ രക്ഷിതാക്കളും

റിസള്‍ട്ട് ദിനം അടുക്കുന്തോറും കുട്ടികളേക്കാള്‍ ആകാംക്ഷയും അങ്കലാപ്പും രക്ഷിതാക്കള്‍ക്കാണിപ്പോള്‍. ഫുള്‍ എ പ്ലസ് കിട്ടാത്ത സങ്കടത്തില്‍ ഒരു കുട്ടി ആത്മഹത്യചെയ്ത വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഫുള്‍ എ പ്ലസ് എന്ന അളവുകോലില്‍ കുട്ടിയുടെ തുടര്‍ പഠനത്തോടൊപ്പം വാര്‍ത്തമാനവും ഭാവിയും സ്വപ്‌നം കാണുന്ന അവസ്ഥ മാറണം.

ഫുള്‍ എ പ്ലസ് നേടിയ കുട്ടികളില്‍ പലര്‍ക്കും പ്ലസ് 2 പരീക്ഷയില്‍ അത് കിട്ടാറില്ല. പക്ഷേ, പത്തില്‍ ഫുള്‍ എ പ്ലസ് കിട്ടാത്തവരില്‍ പ്ലസ് 2വില്‍ അത് നേടിയവരുണ്ട്. എസ്.എസ്.എല്‍.സി. ഫലം എന്നത് തുടര്‍ പഠനത്തിന് സീറ്റ് നിശ്ചയിക്കാനുള്ള ഒരു വഴി തുറക്കല്‍ മാത്രമാണ്.

മാധ്യമങ്ങളുടെ പങ്ക്

എ പ്ലസ് കൊട്ടിഘോഷിക്കാന്‍ നിമിത്തമാകുന്നതില്‍ പത്രങ്ങളുടെ പങ്ക് വലുതാണ്. ക്ലബ്ബുകള്‍, സമുദായ സംഘടനകള്‍, ക്ഷേത്രങ്ങള്‍, തറവാടുകള്‍, സ്‌കൂള്‍ പി. ടി.എ., അതത് വിദ്യാര്‍ത്ഥി സംഘടനകള്‍ തുടങ്ങി ഒട്ടേറെ പേര്‍ എ പ്ലസുകാരെ അനുമോദിക്കാന്‍ വേദിയൊരുക്കി മൊമെന്റോകള്‍ സമ്മാനിക്കുന്ന ദിവസങ്ങളാണ് ഇനിവരാനിരിക്കുന്നത്. പതിവ് രീതി തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ എ പ്ലസ് നേടിയ കുട്ടികളുടെ തലപ്പടം നിറഞ്ഞു കാണാം. ഒന്നോ രണ്ടോ വിഷയങ്ങളില്‍ ഒന്നോ രണ്ടോ മാര്‍ക്കുകള്‍ കുറഞ്ഞു പോയതിന്റെ പേരില്‍ ഫുള്‍ എ പ്ലസ് കിട്ടാത്ത കുട്ടികള്‍ ഏറെ കാണും.

കൂടെ പഠിച്ചവരുടെ ഫോട്ടോ കാണുമ്പോള്‍ ഒന്നിനും കൊള്ളാത്തവര്‍ എന്ന കോംപ്ലക്‌സ് പേറേണ്ടി വരുന്നവരുടെ മാനസിക അവസ്ഥ കൂടി മനസിലാക്കണം. എ പ്ലസ് കുറഞ്ഞുപോയതിന്റെ പേരില്‍ നഷ്ടപ്പെടുന്ന ആനുകൂല്യത്തിന്റെ സാമൂഹികമായ വിലയിരുത്തലില്‍ പൊള്ളലേല്‍ക്കുന്ന മനസുകള്‍ ഏറെയാണ്. എല്ലാ പത്രങ്ങളും ഈ ആഘോഷം നിര്‍ത്തേണ്ടിയിരിക്കുന്നു. അത് പക്ഷേ പത്രങ്ങളുടെ നിലപാട് അനുസരിച്ച് ആയിരിക്കുമല്ലോ.

സംസ്ഥാനത്തും ഒപ്പം സി.ബി.എസ്.ഇയിലും മൂല്യ നിര്‍ണയം കര്‍ശനമാക്കണം. തുടര്‍ പഠനത്തിന് അപേക്ഷിക്കുമ്പോള്‍ സി.ബി.എസ്.ഇ., സംസ്ഥാന ബോര്‍ഡ് പരീക്ഷകളിലെ മാര്‍ക്ക് തുലനം പലപ്പോഴും കീറാമുട്ടി ആവാറുണ്ട്. നൂറുശതമാനം വിജയമല്ല നിലവാരത്തിന്റെ അടിസ്ഥാനം എന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ പറയുന്നുണ്ട്. ഭാഷാ വിഷയങ്ങളില്‍ പോലും മുഴുവന്‍ മാര്‍ക്ക് കിട്ടുമ്പോള്‍ ആ നിര്‍ണയത്തിന്റെ വിശ്വാസ്യതയില്‍ സംശയം തോന്നുന്ന പലരില്‍ ഒരാളാണ് ഈ ലേഖകന്‍. ശതമാന വര്‍ധന പഠന നിലവാരത്തിന്റെ മികവാണെന്ന ധാരണ ബന്ധപ്പെട്ടവര്‍ വെടിയണം. ശതമാനം കുറഞ്ഞുപോകുന്നത് ഭരണ മികവിന്റെ പോരായ്മയല്ലല്ലോ. വാരിക്കോരി മാര്‍ക്ക് നല്‍കുന്ന നിലവിലെ സ്ഥിതി മാറണം. എപ്ലസ് ദാനം അവസാനിപ്പിച്ച് അര്‍ഹമായ മാര്‍ക്കുകള്‍ മാത്രം രേഖപ്പെടുത്തി എസ്.എസ്.എല്‍. സി. സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പഴയ രീതിയിലേക്ക് നമുക്ക് മാറിക്കൂടെ എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ?

Similar News