കലോത്സവത്തിലെ മൈം നിര്‍ത്തിവെച്ച സംഭവം; വിദ്യാര്‍ത്ഥികളുടെ ശബ്ദം അടിച്ചമര്‍ത്തിയ ദുഃഖകരമായ ദൃശ്യങ്ങള്‍
കലയും പ്രതിഷേധവും മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശബ്ദമാണ്. അത് ഭയപ്പെടുന്നവര്‍ ജനാധിപത്യത്തെയും മനുഷ്യ മൂല്യങ്ങളെയും ഭയപ്പെടുന്നവരാണ്. വിദ്യാര്‍ത്ഥികളുടെ കലാപ്രകടനംതടയാനുള്ള ശ്രമം രാജ്യത്തിന്റെ വീണ്ടെടുപ്പിനെയും മനുഷ്യത്വത്തിനെയും തകര്‍ക്കാനുള്ള ശ്രമമാണ്.
പലസ്തീനില്‍ നരകയാതന അനുഭവിക്കുന്ന ജനതക്ക് അനുഭാവം പ്രകടിപ്പിച്ച് മൈം അവതരിപ്പിക്കുന്നതിനിടെ ചില അധ്യാപകര്‍ തടസപ്പെടുത്തിയത് മലയാളി മനസിനെ നടുക്കുന്ന സംഭവമാണ്. കലയും പ്രതിഷേധവും ഭയപ്പെടുന്ന മനസ്സുകള്‍ വിദ്യാഭ്യാസത്തിന്റെ ആത്മാവിനോടുള്ള വെല്ലുവിളിയാണ്.
ഇസ്രായേല്‍ ഗസ്സയില്‍ നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുമ്പോള്‍ ലോകം മുഴുവന്‍ അതിനെതിരെ ഉണര്‍ന്നിരിക്കുന്നു. അതേസമയത്ത്, നീതിയുടെയും മനുഷ്യത്വത്തിന്റെയും വാക്കുകള്‍ ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളുടെ കലാപ്രകടനം അടിച്ചമര്‍ത്താനുള്ള നീക്കം നമ്മുടെ സമൂഹം എവിടേക്കാണ് നീങ്ങുന്നത് എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. വിദ്യാര്‍ത്ഥികള്‍ കലാവേദികളില്‍ പ്രകടിപ്പിക്കുന്നത് വെറും വിനോദമല്ല, അത് അവരുടെ വികാരങ്ങളുടെയും ബോധത്തിന്റെയും പ്രതിഫലനമാണ്. ലോകത്തിന്റെ വേദനയും അനീതിയും അവര്‍ കാണുന്നു, മനസ്സിലാക്കുന്നു, അതിനോടുള്ള അവരുടെ പ്രതികരണം കലയുടെ ഭാഷയില്‍ പറയുകയാണ് ചെയ്യുന്നത്. അത് തടയുന്നവര്‍ വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥം തന്നെ തിരിച്ചറിയാത്തവരാണ്.
പാഠപുസ്തകത്തില്‍ സ്വാതന്ത്ര്യം, മനുഷ്യത്വം, ജനാധിപത്യം എന്നിവ പഠിപ്പിച്ചുകൊണ്ട് അതേ വിദ്യാര്‍ത്ഥികള്‍ അതിന്റെ പേരില്‍ പ്രകടിപ്പിക്കുമ്പോള്‍ അവരെ തടയുന്നത് ഇരട്ടത്താപ്പാണ്. ഇത് വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസത്തെയും അധ്വാനത്തെയും തകര്‍ക്കുന്ന പ്രവൃത്തിയാണ്. ഇസ്രായേലിന്റെ ക്രൂരതയ്ക്കെതിരെ ലോകം മുഴുവന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കെ, ചിലരുടെ മനസ്സുകളില്‍ ഫാസിസ്റ്റ് വിഷം നിറഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. കലാപ്രകടനം കാണുമ്പോള്‍ പോലും ഭയപ്പെടുന്ന അധ്യാപകര്‍ കലയുടെ ശക്തിയും വിദ്യാര്‍ത്ഥികളുടെ ബോധവല്‍ക്കരണവും തിരിച്ചറിയാന്‍ തയ്യാറല്ല.
വിദ്യാര്‍ത്ഥികളുടെ നീതിപൂര്‍വ്വമായ കലാപ്രതിഷേധത്തെ 'രാഷ്ട്രീയം' എന്ന് മുദ്രകുത്തുന്നത് ഫാസിസ്റ്റ് ശൈലിയിലെ പുതിയ മുഖമാണ്. ഇതുപോലുള്ള മനോഭാവമുള്ളവരെ അധ്യാപകര്‍ എന്ന് വിളിക്കാനാവില്ല.
അവര്‍ വിദ്യാഭ്യാസത്തെ നയിക്കുന്നവര്‍ അല്ല, അതിനെ തകര്‍ക്കുന്നവരാണ്. കലോത്സവം വിദ്യാര്‍ത്ഥികളുടെ പ്രതിഭയും ബോധവികാസവും തെളിയിക്കുന്ന വേദിയാണ്. അവരെ ഭയപ്പെടുത്തുക, നിരുത്സാഹപ്പെടുത്തുക, ശിക്ഷിക്കുക ഈ മനോഭാവം വിദ്യാഭ്യാസത്തിന്റെ ആത്മാവിനോടുള്ള കുറ്റകൃത്യമാണ്. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം കേള്‍ക്കണം, ചേര്‍ത്ത് പിടിക്കണം, മനസ്സിലാക്കണം.
പാഠപുസ്തകത്തിന് പുറത്തുള്ള ജീവിതപാഠമാണ് ഇത്തരം പ്രതിഷേധങ്ങള്‍ പറയുന്നത്. അത് അടിച്ചമര്‍ത്തുന്നവര്‍ ഭാവിയുടെ വെളിച്ചത്തെ തന്നെയാണ് കെടുത്തുന്നത്.
കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സംഭവത്തില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് എതിരെ ശക്തമായ അന്വേഷണം ആവശ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള നീതി ഉറപ്പാക്കുന്നത് സമൂഹത്തിന്റെ കടമയാണ്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പും ഭരണകൂടവും ഇടപെടണം.
കലയും പ്രതിഷേധവും മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശബ്ദമാണ്. അത് ഭയപ്പെടുന്നവര്‍ ജനാധിപത്യത്തെയും മനുഷ്യ മൂല്യങ്ങളെയും ഭയപ്പെടുന്നവരാണ്. വിദ്യാര്‍ത്ഥികളുടെ കലാപ്രകടനം തടയാനുള്ള ശ്രമം രാജ്യത്തിന്റെ വീണ്ടെടുപ്പിനെയും മനുഷ്യത്വത്തിനെയും തകര്‍ക്കാനുള്ള ശ്രമമാണ്.
വിദ്യാര്‍ത്ഥികളുടെ കണ്ണുകളില്‍ പ്രതിഫലിക്കുന്ന നീതിയുടെയും പ്രത്യാശയുടെയും പ്രകാശം ആര്‍ക്കും കെടുത്താനാവില്ല. അവരുടെ ശബ്ദം അടിച്ചമര്‍ത്തുന്നവര്‍ ചരിത്രത്തിന്റെ കണക്കുകളില്‍ കുറ്റക്കാരായിത്തീരും.
കര്‍ട്ടന്‍ താഴ്ത്തിയതാര്‍ക്ക് വേണ്ടി ?
കുമ്പള ഗവ. ഹൈസ്‌കൂളില്‍ കലോത്സവ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിക്കുമ്പോള്‍ ചില അധ്യാപകര്‍ വന്ന് കര്‍ട്ടന്‍ താഴ്ത്തിയ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
മനുഷ്യാവകാശ ലംഘനങ്ങളാല്‍ രക്തസാക്ഷിയായ പലസ്തീനോട് ഒരു വിദ്യാര്‍ത്ഥി സമൂഹം കാണിച്ച സഹതാപം അടിച്ചമര്‍ത്താനുള്ള ഈ നടപടി, വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നു. കലയും സാഹിത്യവും മനുഷ്യത്വത്തിന്റെ ശബ്ദമാണ്. അതിനാല്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ നിന്ന് പൊട്ടിവീണ ആ ശബ്ദം രാഷ്ട്രീയമായി കാണുന്നത് ഗുരുതരമാണ്. കുട്ടികള്‍ മൗനനാടകത്തിലൂടെ പറയാന്‍ ശ്രമിച്ചത് വെറും രാഷ്ട്രീയ സന്ദേശമല്ല, മനുഷ്യത്തിന്റെ വേദനയോടുള്ള അനുഭാവം മാത്രമാണ്. അത് മൂടിക്കെട്ടുന്നത് സമൂഹത്തെ വികാരശൂന്യരാക്കാനുള്ള ശ്രമമായി തോന്നുന്നു. ഇന്നത് വെറും ഒരു കര്‍ട്ടന്‍ താഴ്ത്തല്‍ മാത്രമല്ല, അത് സ്വാതന്ത്ര്യചിന്തയുടെയും കരുണയുടെയും കര്‍ട്ടന്‍ താഴ്ത്തലാണ്. അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുന്ന പാതയിലേക്ക് നയിക്കാതെ, അവരുടെ മനസില്‍ കരുണയും ബോധവും വളര്‍ത്തേണ്ടവരാണ്. കുമ്പളയിലെ ഈ സംഭവം ആവര്‍ ത്തിക്കാതിരിക്കട്ടെ.
ഹനീഫ് പക്രു പള്ളപ്പാടി