സി.എച്ച് വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ വിപ്ലവം
കാസര്‍കോടിന് 'വിദ്യാനഗര്‍' എന്നും തലശ്ശേരിക്ക് വിദ്യാപുരി എന്നും പേരു നല്‍കണം എന്നാഗ്രഹിച്ച സി.എച്ച് അറിവിന്റെ തെളിച്ചം തന്നെയാണ് നാടിന്റെ വെളിച്ചം എന്നുറച്ചുവിശ്വസിച്ചു കൊണ്ടാണ് തന്റെ കര്‍മ്മപദ്ധതികളുമായി മുന്നോട്ടുനീങ്ങിയത്.
കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ അധ്യായം തന്റെ അധ്വാനം കൊണ്ടും ആത്മാര്‍പ്പണം കൊണ്ടും എഴുതിച്ചേര്‍ത്ത മഹാനാണ് സി.എച്ച് എന്ന രണ്ടരക്ഷരത്തില്‍ പ്രശസ്തനായ സി.എച്ച്. മുഹമ്മദ് കോയ.
രാഷ്ട്രതന്ത്രജ്ഞനും എഴുത്തുകാരനും പ്രഭാഷകനും വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിയമസഭാ സാമാജികനും-അങ്ങനെ വിവിധങ്ങളായ പദവികള്‍ അനായാസം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് ദൈവം നല്‍കിയ കഴിവ് അതുല്യമായിരുന്നു.
വിദ്യാഭ്യാസ മേഖലയില്‍ തന്റെ വകുപ്പിലൂടെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളീയ പൊതു സമൂഹത്തിലും വിശേഷിച്ച് മുസ്ലിം സമുദായം ഉള്‍പ്പെടെയുള്ള പിന്നോക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളുടെ സാമൂഹ്യ മുന്നേറ്റത്തിനും ധീരമായ നടത്തിയ സമീപനം സര്‍വ്വരുടെയും പ്രശംസ നേടാന്‍ കഴിഞ്ഞിരുന്നു. ന്യൂനപക്ഷത്തെയും സമൂഹത്തിലെ പിന്നോക്ക-ദളിത് സമൂഹത്തെയും ആനുകൂല്യത്തിന്റെ കോണിപ്പടികള്‍ കയറിപ്പിടിക്കാന്‍ സാഹചര്യം സൃഷ്ടിക്കുമ്പോഴും മഹാഭൂരിപക്ഷം വരുന്ന സഹോദര സമുദായത്തിന്റെ അവകാശങ്ങള്‍ അതേപടി നിലനിര്‍ത്താനും സി.എച്ച് ശ്രദ്ധിച്ചിരുന്നു. അദ്ദേഹം തന്നെ പറയുമായിരുന്നു: നീതിയുടെ തുലാസില്‍ ഏറ്റക്കുറച്ചില്‍ വരുത്താന്‍ വിനീതന്‍ തയ്യാറല്ല. സ്വന്തം സമുദായത്തിന്റെ അവകാശങ്ങളുടെ ഒരു കടുക് മണി പോലും വിട്ടു കോടുക്കാനും തയ്യാറല്ല. അതുപോലെ തന്നെ ഇതര സഹോദര സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ ഒരു മുടിനാരിഴ പോലും നഷ്ടപ്പെടാതെ സൂക്ഷിക്കുകയെന്നതില്‍ ഞാന്‍ പ്രതിജ്ഞാബദ്ധമാണ്.
അതുകൊണ്ടാണ് കേരളത്തിലെ സര്‍വ്വതോന്മുഖമായ മതേതര അംബാസിഡര്‍ സി.എച്ച് തന്നെയെന്ന് ദിവംഗതനായി നാല് പതിറ്റാണ്ടിലേറെ ആയിട്ടും നമ്മുടെ മലയാളക്കര വിളിച്ചു പറയുന്നത്. കുറച്ചു ദിവസങ്ങള്‍ മാത്രമെ അദ്ദേഹം മുഖ്യമന്ത്രി പദവിയില്‍ ഉണ്ടായിരുന്നുള്ളൂ. അപ്പോഴും മതേതരത്വവും ജനാധിപത്യവും പളുങ്ക് പാത്രം പോലെ കാത്ത് സൂക്ഷിക്കാന്‍ സി.എച്ച് ശ്രദ്ധിച്ചിരുന്നു. സി.എച്ചിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്നവര്‍ പോലും തലകുനിച്ചു സമ്മതിച്ചിട്ടുണ്ട്.
അറിവും അക്ഷരങ്ങളും തുറന്നു നല്‍കുന്ന അതിരുകളില്ലാത്ത ലോകത്തെ പരിമിതികളുടെയും ഇല്ലായ്മകളുടെയും ഇടയിലും സ്വപ്‌നം കണ്ടു വളര്‍ന്ന സി.എച്ച്, വായനയെ ആയുധമാക്കി. ചെറുപ്രായത്തിലേ മികച്ച വാഗ്മിയായി സി.എച്ചിനെ മാറ്റിയതും അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹവും വായനയോടുള്ള പ്രതിപത്തിയുമായിരുന്നു. തന്റെ പതിമൂന്നാം വയസ്സില്‍ അക്കാലത്ത് അതിപ്രശസ്തനായിരുന്ന വാഗ്ഭടാനന്ദന്‍ എന്ന വാഗ്മിയോടൊപ്പം വേദിയില്‍ പ്രഭാഷകനായി എത്തിയ സി.എച്ച്, അവിടെ നടത്തിയ മനോഹരമായ പ്രസംഗം ചരിത്രത്തിലെ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കാന്‍ തക്കതാണ്. വാഗ്ഭടാനന്ദന്‍ പറയുകയും ചൈയ്തു: ഒട്ടേറെ പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ ഒരു പ്രഭാഷണം എന്റെ കേള്‍വിയില്‍ പ്രഥമമാണ്.
പ്രായക്കുറവ് കാരണം ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായ ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവാതെ പോയ സി.എച്ച് പിന്നീട് മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച നേതാവായും മന്ത്രിയായും മുഖ്യമന്ത്രിയായും മാറുമ്പോഴും എഴുത്തിനോടും വായനയോടുമുള്ള അഭിരുചി അണയാതെ കാത്തതിന്റെ ഫലമാണ് അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുള്ള ഒരു ഡസനിലേറെ പുസ്തകങ്ങള്‍. സ്വയം അറിവു നേടുന്നതിലോ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നതിലോ ആയിരുന്നില്ല അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തിക ശേഷിയിലും ഏറ്റവും പിന്നോക്കം നിന്നിരുന്ന മുസ്ലിം സമുദായത്തെ മുഴുവനായി വിദ്യാഭ്യാസത്തിലൂടെ മുന്നേറാന്‍ പ്രാപ്തമാക്കുക എന്നതായിരുന്നു അദ്ദേഹം കണ്ട സ്വപ്‌നം. അതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ യത്‌നങ്ങള്‍. സി.എച്ച് നടത്തിയ പരിവര്‍ത്തനമാണ് സമൂഹത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ സമീപനം സ്വീകരിക്കുന്നതില്‍ സി.എച്ച് വിജയിച്ചു. ഒന്നുമില്ലെങ്കില്‍ മീന്‍ വിറ്റു ജീവിച്ചു കൊള്ളാമെന്ന മനോഭാവം മാറ്റണം. മത്സ്യം പിടിക്കുന്നതു കൂടി ഇന്ന് ശാസ്ത്രീയ മാര്‍ഗത്തിലാണ്. അദ്ദേഹം തന്റെ ആശങ്കകള്‍, പ്രതീക്ഷകള്‍ തന്നെ കേള്‍ക്കാന്‍ പാരാവാരം പോലെ തടിച്ചു കൂടുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കു മുമ്പില്‍ നിര്‍ത്തലില്ലാതെ സ്വതസിദ്ധമായ ശൈലിയിലൂടെ പ്രസംഗിച്ചു. തൂലികയും ചലിപ്പിച്ചു. 'നിങ്ങള്‍ ഒരു വര്‍ഷം പലഹാരമുണ്ടാക്കുന്ന പണം എനിക്കു തരൂ, ഞാന്‍ നിങ്ങള്‍ക്ക് ഒരു സര്‍വകലാശാല പകരം തരാം' എന്നദ്ദേഹം വടക്കേ മലബാറിലെ സ്ത്രീകളോട് അപേക്ഷിച്ചു. കാലിക്കറ്റ് സര്‍വകലാശാലയെന്ന മഹത്തായ സ്വപ്‌നത്തെ, ജീവിതാഭിലാഷത്തെ സാധ്യമാക്കുന്നതിനുള്ള പങ്കാളിത്തവും പിന്തുണയുമാണ് അന്നദ്ദേഹം യഥാര്‍ഥത്തില്‍ സമുദായത്തോട് അഭ്യര്‍ഥിച്ചത്. പ്രസംഗം മാത്രമായിരുന്നില്ല; അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും ആ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു. ഒടുവില്‍, മലബാറിന്റെ ചിരകാല സ്വപ്നമായ കോഴിക്കോട് സര്‍വ്വകലാശാല സി.എച്ച്. മുഹമ്മദ് കോയയുടെ നിരന്തര ശ്രമഫലമായി യാഥാര്‍ത്ഥ്യമായി. 1967ല്‍ കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി സര്‍വകലാശാല ആരംഭിക്കുന്നതിനായുള്ള മന്ത്രിസഭാ അംഗീകാരവും ധനകാര്യ വകുപ്പിന്റെ അനുമതിയും നേടി. തുടര്‍ന്ന് കേന്ദ്ര അംഗീകാരവും യു.ജി.സി. അനുമതിയും അദ്ദേഹം മുന്‍പന്തിയില്‍ നിന്നുതന്നെ നേടിയെടുത്തു. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ 1968 ജൂലൈ 22ന് കേരള ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പ്രകാരം കാലിക്കറ്റ് സര്‍വകലാശാല ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
തന്റെ ലക്ഷ്യപ്രാപ്തിക്കായി ബാഹ്യവും ആഭ്യന്തരവുമായ എതിര്‍പ്പുകളെ ചെറുത്തു തോല്‍പ്പിച്ച് തന്നെ സി.എച്ച് സ്വയം തിരഞ്ഞെടുത്തതായിരുന്നു വിദ്യാഭ്യാസ വകുപ്പ്. പട്ടം താണുപിള്ളയേയും ആര്‍. ശങ്കറിനെയും ജോസഫ് മുണ്ടശ്ശേരിയെയും പോലുള്ള അതികായര്‍ കയ്യാളിയിരുന്ന വിദ്യാഭ്യാസ വകുപ്പ് സി.എച്ച് മുഹമ്മദ് കോയയെന്ന ഇന്റര്‍മീഡിയറ്റുകാരന്റെ കയ്യില്‍ എത്തിയാല്‍ കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയതുപോലെയാവും എന്ന മുന്‍ വിധികള്‍ വന്നു. 'ഞങ്ങള്‍ക്ക് വിദ്യാഭ്യാസമുള്ള ഒരു വിദ്യാഭ്യാസ മന്ത്രിയെത്തരൂ എന്ന പരിഹാസം ചുമരെഴുത്തുകളും ബാനറുകളുമായി കേരളത്തിലെ കലാലയങ്ങളില്‍ ഉയര്‍ന്നു. ആ എതിര്‍പ്പുകളെയും പരിഹാസങ്ങളെയും അസ്ഥാനത്താക്കി ഐതിഹാസികമായ മുന്നേറ്റം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരാന്‍ രണ്ടുവര്‍ഷക്കാലം കൊണ്ടുതന്നെ സി.എച്ചിനു സാധിച്ചു. പത്താം ക്ലാസുവരെയുള്ള വിദ്യാഭ്യാസം സമ്പൂര്‍ണമായും സൗജന്യമാക്കുകയും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്താന്‍ സര്‍വെ സംഘങ്ങളെ അടിയന്തിരാടിസ്ഥാനത്തില്‍ നിയമിക്കുകയും ചെയ്ത സി.എച്ച് ഓരോ പഞ്ചായത്തിലും ഓരോ യു.പി സ്‌കൂള്‍ എന്ന ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
കാലിക്കറ്റ് സര്‍വകലാശാലാ സ്ഥാപനം പോലെ തന്നെ, ഐക്യകേരള രൂപീകരണത്തിനുശേഷം ഉണ്ടായ മറ്റു മൂന്നു സര്‍വകലാശാലകളുടെ രൂപീകരണത്തിലും സി.എച്ച് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. താരതമ്യേന വിദ്യാഭ്യാസ പുരോഗതി നേടിയിരുന്ന കൊച്ചി കേന്ദ്രിതമായി രൂപീകരിക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കുസാറ്റ്, മഹാത്മാഗാന്ധി സര്‍വകലാശാല, മലപ്പുറത്തെ കാര്‍ഷിക സര്‍വകലാശാല എന്നിവയാണവ. സര്‍വകലാശാലകള്‍ മാത്രമല്ല ആയിരക്കണക്കിന് സ്‌കൂളുകള്‍ കേരളം മുഴുവന്‍ സ്ഥാപിക്കപ്പെട്ടു. കോഴിക്കോട് ഗവ. ലോ കോളേജ്, കോഴിക്കോട് റീജണല്‍ എഞ്ചിനീയറിംഗ് കോളേജ്, വനിതാ പോളിടെക്‌നിക്ക്, മമ്പാട് എം.ഇ.എസ് കോളജ്, കൊല്ലം ടി.കെ.എം കോളജ്, എടത്തല അല്‍അമീന്‍ കോളേജ്, കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജ്, കല്ലടി കോളേജ്, സര്‍. സയ്യിദ് കോളേജ് തുടങ്ങി ഒട്ടനേകം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സി.എച്ചിന്റെ നേതൃത്വത്തിലും പിന്തുണയിലും രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
രണ്ടാം വട്ടം, 1969ല്‍ മന്ത്രിസഭയില്‍ തനിക്ക് വെച്ചുനീട്ടപ്പെട്ട മുഖ്യമന്ത്രി പദം സമയമായില്ലെന്ന് ആദരപൂര്‍വം നിരസിച്ച സി.എച്ച് രണ്ടാം ഘട്ടത്തിലും വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ തവണത്തേതുപോലുള്ള ആശങ്കകള്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കോ ജനങ്ങള്‍ക്കോ അശേഷം ഉണ്ടായിരുന്നില്ല. തയ്യാറെടുപ്പുകളോടും ആസൂത്രണത്തോടും കൂടി സി.എച്ച് തയ്യാറാക്കുന്ന ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ എതിര്‍പ്പോ വേട്ടെടുപ്പോ കൂടാതെ പാസാക്കുക പതിവായിരുന്നു. കേരളത്തിന്റെ നിയമസഭാ ചരിത്രത്തിലെ തന്നെ അപൂര്‍വ സന്ദര്‍ഭങ്ങളാണവ.
വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്കുള്ള സ്‌പെഷല്‍ പാക്കേജുകള്‍, മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പുകള്‍, ദരിദ്രരായ മാതാപിതാക്കളുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പ്രോത്സാഹനം, എന്നിങ്ങനെ ആനുകൂല്യങ്ങളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും കേരളത്തെ വിദ്യാസമ്പന്ന ജനതയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. കേരളം ഏറ്റവും വലിയ വിദ്യാഭ്യാസക്കുതിപ്പ് നേടാന്‍ കാരണമായിത്തീര്‍ന്ന സി.എച്ച് വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ രാജ്യാന്തര തലത്തില്‍ പോലും ശ്രദ്ധേയമായതോടെ പല വിദേശ സര്‍വകലാശാലകളും സി.എച്ചിനെ അവിടേക്ക് ക്ഷണിക്കുകയും സി.എച്ച് അവിടങ്ങളില്‍ ചെന്ന് തന്റെ പദ്ധതികളെക്കുറിച്ച് പ്രൗഢമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെ പൂര്‍വ മാതൃകകളില്ലാതിരുന്ന, ആ ഇന്റര്‍മീഡിയറ്റുകാരന്‍ തന്റെ വായനയിലൂടെയും സങ്കല്‍പ്പ ശേഷിയിലൂടെയും ആത്മാര്‍പ്പണത്തിലൂടെയും ലോകത്തിന് തന്നെ മാതൃകയായി.