പുലിക്കുന്നില്‍ ആ പാതിരാവില്‍ കേട്ട സി.എച്ചിന്റെ പ്രസംഗം
കേരള രാഷ്ട്രീയ ഭൂമികയിലെ ഇതിഹാസമായ സി.എച്ച് മുഹമ്മദ് കോയ എന്ന മഹാമനുഷി നമ്മെ വിട്ടുപിരിഞ്ഞിട്ട് 42 വര്‍ഷം തികയുകയാണ്. 1983 സെപ്തംബര്‍ 28-ാം തീയതിയാണ് നമ്മെയെല്ലാം ദു: ഖത്തിലാഴ്ത്തി നിസ്വാര്‍ത്ഥ രാഷ്ട്രീയ നേതാവും ജനമനസുകളെ കീഴടക്കിയ ഭരണാധികാരിയുമായ സി.എച്ച് വിട്ടുപിരിഞ്ഞത്. എല്ലാ മേഖലകളിലും അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ച് തൊട്ടതെല്ലാം പൊന്നാക്കിയ സി.എച്ച് ഇന്നും ജനഹൃദയങ്ങളുടെ മാണിക്യ കൊട്ടാരത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയും കാഴ്ചപ്പാടുകളും കേരളത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിച്ചു.
വളരെ ചെറുപ്രായത്തില്‍ തന്നെ എല്ലാതരം എതിര്‍പ്പുകളെയും അതിജീവിച്ച് കോഴിക്കോട്ട് നഗരസഭയില്‍ കുറ്റിച്ചിറ വാര്‍ഡില്‍ നിന്ന് വിജയം കുറിച്ച അദ്ദേഹത്തിന് ഒരിക്കല്‍ പോലും പരാജയം ഏല്‍ക്കേണ്ടി വന്നിട്ടില്ല. 34-ാം വയസില്‍ കോഴിക്കോട്ട് നിന്ന് പാര്‍ലമെന്റ് അംഗമാവുകയും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി താനൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുകയും ചെയ്ത അപൂര്‍വ്വ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. കേരള മന്ത്രിസഭയില്‍ 6 പ്രാവശ്യം വിദ്യാഭ്യാസ മന്ത്രി, 2 പ്രാവശ്യം ഉപമുഖ്യമന്ത്രി താല്‍ക്കാലികമാണെങ്കിലും മുഖ്യമന്ത്രി പദവിയിലെത്തിയ ഭാരതത്തിലെ ഏക മുസ്ലിംലീഗുകാരനായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് അംഗമെന്ന നിലയിലും അദ്ദേഹം ഗര്‍ജ്ജിക്കുന്ന സിംഹം തന്നെയായിരുന്നു.
സി.എച്ചിനെ നേരില്‍ കാണാനും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാനും മനസ് കൊതിച്ചിരുന്ന കാലം. അന്നെനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസുള്ളപ്പോള്‍ കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗിന്റെ മഹാസമ്മേളനം പുലിക്കുന്ന് മൈതാനിയില്‍ നടക്കുന്ന കാലം. സമ്മേളനത്തിന് മുന്നോടിയായി പട്ടണത്തില്‍ പ്രകടനവും തുടര്‍ന്ന് സന്ധ്യ കഴിഞ്ഞ് പൊതുസമ്മേളനവും അരങ്ങേറുന്നു. ഖാഇദേമില്ലത്ത്, ബാഖവി തങ്ങള്‍, പൂക്കോയ തങ്ങള്‍, സേട്ട് സാഹിബ്, ബനാത്ത്‌വാല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും എല്ലാ കണ്ണുകളും കാതുകളും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സി.എച്ചിന്റെ വാക്കുകള്‍ക്കാണ്. സന്ധ്യ കഴിഞ്ഞ് തുടങ്ങിയ സമ്മേളനത്തില്‍ ഏറ്റവും അവസാനമായിരുന്നു പാതിരാത്രിയില്‍ സി.എച്ചിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചത്. കാരണം സംഘാടകര്‍ക്കറിയാം, സി.എച്ച് പ്രസംഗിച്ചു കഴിഞ്ഞാല്‍ ഭൂരിഭാഗം പേരും സ്ഥലം കാലിയാക്കുമെന്ന്. സി.എച്ച് പ്രസംഗപീഠത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആയിരങ്ങള്‍ ഹര്‍ഷാരവം സൃഷ്ടിച്ചു. പ്രസംഗാരംഭത്തില്‍ തന്നെ, നര്‍മ്മങ്ങളുടെ മാലപ്പടക്കത്തിന് തീക്കൊളുത്തിയുള്ള അര്‍ത്ഥഗാംഭീര്യമുള്ള വാക്കുകള്‍. മണിക്കൂറിലധികം നീണ്ടു. സദസ് മുഴുവന്‍ അക്ഷമരായി കേട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഇടിമുഴക്കം പോലുള്ള പ്രസംഗം കഴിഞ്ഞാണ് സമ്മേളനത്തിന് വിരാമമിട്ടത്.
സി.എച്ചിന്റെ ഓരോ പ്രസംഗവും എത്ര കേട്ടാലും മതി വരാത്തതായിരുന്നു. അത്രക്കും ജനഹൃദയങ്ങളെ സ്വാധീനിച്ച അത്ഭുതമായിരുന്നു സി.എച്ച്. അദ്ദേഹത്തെ ഇതിഹാസ പുരുഷനായി വിശേഷിപ്പിച്ചത് ആലങ്കാരികമായിട്ടല്ല. ഓരോ വാക്കിലും വിശ്വാസത്തിലും അലിഞ്ഞ സത്യമാണ്. കേരള മുസ്ലിംകളുടെ സ്വത്വബോധത്തെ വളര്‍ത്തി വലുതാക്കിയത് സി.എച്ചാണ്. ഏറെക്കാലം പിന്നില്‍ നിന്ന ലക്ഷ്യബോധമില്ലാത്ത സമൂഹത്തെ ഉയര്‍ച്ചയുടെ വഴിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ നേതാവായിരുന്നു സി.എച്ച്. പിന്നോക്ക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ആയുഷ്‌ക്കാലം മുഴുവന്‍ പോരാടിയ നേതാവിനോട് ഈ സമൂഹത്തിനുള്ള സ്‌നേഹം ചെറുതല്ല. മികച്ച ഭരണാധികാരി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, സാഹിത്യ തേജസ്, സാംസ്‌കാരിക നായകന്‍, സമുദായ നേതാവ്, മികച്ച പത്രാധിപര്‍, തൂലിക പടവാളാക്കിയ ചിന്തകന്‍ ഇതെല്ലാം ഒന്നായി സമ്മേളിച്ച സി.എച്ച് എന്ന മഹാനെ ഇതിഹാസമായിട്ടല്ലാതെ സങ്കല്‍പ്പിക്കാനാവുമോ. സി.എച്ചിന്റെ സംസാരങ്ങളിലൊന്നും പാഴ്‌വാക്കുകള്‍ ഉണ്ടായിരുന്നില്ല. അര്‍ത്ഥങ്ങള്‍ അടങ്ങിയതല്ലാത്ത ഒരുവാക്ക് പോലും അദ്ദേഹം ഉരുമ്പിട്ടുണ്ടാവില്ല. അത് നര്‍മ്മങ്ങളാകാം, ഗൗരവമുള്ളവയുമാകാം, ആക്ഷേപഹാസ്യമാകാം-എല്ലാം ഔചിത്യത്തോടെ മാത്രം ഉപയോഗിച്ചുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.
അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണ് ഇന്നും മുസ്ലിം സമുദായത്തിന്റെ ഭാവിയെ ഭാസുരമാക്കിയത്. സമൂഹത്തിന് ഉന്നത വിദ്യാഭ്യാസം ഒരുക്കുക എന്നതായിരുന്നു ആ മഹാമനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം. അതിന് വേണ്ടി അദ്ദേഹം നാടുനീളെ സഞ്ചരിച്ചിട്ടുണ്ട്. പല നാട്ടുകാരും ആ വലിയ മനസിനെ സമീപിച്ചിട്ടുണ്ട്. തനിക്ക് അധികാരം കിട്ടിയപ്പോഴെല്ലാം ആ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സി.എച്ചിനായിട്ടുണ്ട്. 1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം മാറ്റങ്ങളും പുരോഗമന പരിഷ്‌കാരങ്ങളുമായി വിദ്യാര്‍ത്ഥികളില്‍ പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ചു. പിന്നോക്ക പ്രദേശങ്ങളിലും സമുദായങ്ങളിലും വൈജ്ഞാനിക ചിന്തകളെ വളര്‍ത്താന്‍ അക്കാലം അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ മേഖലകളിലെ സ്വര്‍ണ്ണ നക്ഷത്രങ്ങളാണ്. റാങ്കുകളും പദവികളും അവരെ തേടിവരുന്ന കാലമുണ്ടായതിന് പിന്നില്‍ സി.എച്ചിന്റെ ദീര്‍ഘദൃഷ്ടിയാണ്. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസമെന്നത് സി.എച്ചിന്റെ നിറമുള്ള സ്വപ്നങ്ങളില്‍ പ്രധാനമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തയിലും പ്രസംഗങ്ങളിലും അതൊരു സിദ്ധാന്തമായി സമുദായത്തെ പഠിപ്പിക്കുകയായിരുന്നു. സി.എച്ച് ഉയര്‍ത്തി പിടിച്ച ഏറ്റവും വലിയ മൂല്യമായിരുന്നു ബഹുസ്വരത. അവകാശ പോരാട്ടങ്ങള്‍ അടിയറ വെക്കാതെയായിരുന്നു അദ്ദേഹം സമൂഹത്തെ തന്നിലേക്കാകര്‍ഷിച്ചത്.ബഹുസ്വര സമൂഹത്തിലെ പൊതു രാഷ്ട്രീയ അമരക്കാരനായും ജനാധിപത്യ അവകാശ സംരക്ഷകനുമായാണ് സി.എച്ചിനെ വിശേഷിപ്പിക്കപ്പെട്ടത്.
സംസ്ഥാനത്ത് നിരവധി തവണ മന്ത്രിയായി ശോഭിച്ച കോയ സാഹിബ് വിദ്യാഭ്യാസം, ആഭ്യന്തരം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം, മറ്റു ജനകീയമായ വകുപ്പുകള്‍ കൈകാര്യം ചെയ്തു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നീ പദവികളിലും ചരിത്രം കുറിച്ചു. ആ വലിയ മനുഷ്യന്‍ അരനൂറ്റാണ്ടിലധികം കാലം നാടിനും നാട്ടാര്‍ക്കും സമൂഹത്തിനും വേണ്ടി ചെയ്തുവെച്ച കാര്യങ്ങള്‍ എന്നും ഒളിമങ്ങാത്ത ഓര്‍മ്മകളായി അവശേഷിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. അത് എന്നെന്നും തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട പച്ച പരമാര്‍ത്ഥമാണ്.
മലയാളക്കരയെ തന്റെ ജീവിതത്തിനിടയില്‍ വാക്കുകള്‍ കൊണ്ടും നൈപുണ്യം നിറഞ്ഞ ഭരണ സാരഥ്യം കൊണ്ടും വര്‍ണാഭമാക്കിയ മതേതര അമ്പാസിഡറാണ് സി.എച്ച്.