ബൈക്കില്‍ ഉലകം ചുറ്റി അമൃത...

Update: 2025-05-17 07:54 GMT

23,000 കിലോ മീറ്റര്‍ തുടര്‍ച്ചയായി ബൈക്കില്‍ സഞ്ചരിച്ച്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ അമൃത ഇപ്പോള്‍ യു.എ.ഇയിലും ഒമാനിലും ബൈക്ക് യാത്ര നടത്തി രാജ്യാന്തര ശ്രദ്ധനേടുകയാണ്.

ബൈക്കില്‍ തനിച്ച് രാജ്യത്തുടനീളവും പുറം രാജ്യങ്ങളിലും സന്ദര്‍ശിച്ച് ശ്രദ്ധ നേടുകയാണ് കുമ്പള സ്വദേശിനി അമൃതാ ജോഷി. 23,000 കിലോ മീറ്റര്‍ തുടര്‍ച്ചയായി ബൈക്കില്‍ സഞ്ചരിച്ച്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ അമൃത ഇപ്പോള്‍ യു.എ.ഇയിലും ഒമാനിലും ബൈക്ക് യാത്ര നടത്തി രാജ്യാന്തര ശ്രദ്ധ നേടുകയാണ്. ഈ മാസം അഞ്ചിനാണ് അമൃത മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് യാത്ര തിരിച്ചത്. അതിന് മുന്നോടിയായി തന്നെ ബൈക്ക് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് എത്തിച്ചിരുന്നു.

ദുബായ് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കറാമയിലെത്തിയ അമൃത അവിടെയും നിരവധി സ്ഥലങ്ങളില്‍ ബൈക്കില്‍ ചുറ്റിക്കറങ്ങി. യു.എ.ഇയിലെ 7 എമിറേറ്റ്‌സുകളിലും ബൈക്കില്‍ തന്നെ കറങ്ങി പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വരികയാണ്. തുടര്‍ന്ന് ഒമാനിലേക്ക് യാത്ര തിരിക്കുകയും 26ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ചെറിയ പ്രായത്തില്‍ തന്നെ ബൈക്ക് യാത്രയോട് ഇഷ്ടം തോന്നുകയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം തനിച്ച് സന്ദര്‍ശിക്കുകയും ചെയ്തു. 23,000 കിലോ മീറ്റര്‍ യാത്ര ചെയ്ത് 2022ലാണ് അമൃത ജോഷി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയത്. ലോകത്തുടനീളം യാത്ര നടത്തുകയാണ് അമൃതയുടെ ലക്ഷ്യം. പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് അമൃതയുടെ കൂട്ട്.

ചെറു പ്രായത്തില്‍ അച്ഛന്‍ അശോക് ജോഷിയാണ് അമൃതയെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചത്. ഡിഗ്രി പൂര്‍ത്തിയാവുമ്പോള്‍ ബൈക്ക് വാങ്ങി നല്‍കാമെന്ന് അച്ഛന്‍ അമൃതക്ക് വാക്ക് നല്‍കിയിരുന്നുവെങ്കിലും അതിനിടെയുണ്ടായ അച്ഛന്റെ വേര്‍പാട് അമൃതയുടെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി. സങ്കടക്കയത്തിലായ അമൃത ആരോടും സംസാരിക്കാനോ കാണാനോ കൂട്ടാക്കാതെ വീട്ടിനകത്ത് തന്നെയായി.

മകളെ തിരിച്ച് കൊണ്ടുവരാന്‍ ഒറ്റവഴിയേയുള്ളൂ എന്ന ചിന്തയില്‍ അമ്മ അന്നപൂര്‍ണ അച്ഛന്‍ കരുതിവെച്ച തുക കൊണ്ട് അമൃതക്ക് ബൈക്ക് വാങ്ങിച്ച് നല്‍കുകയായിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും ചെറിയ യാത്രകള്‍ നടത്താനും അമ്മ പ്രോത്സാഹനം നല്‍കുകയും ചെയ്തു. അച്ഛന്റെ മരണത്തോടെ കടുത്ത ദു:ഖത്തിലായിരുന്ന മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക മാത്രമായിരുന്നു അമ്മയുടെ ലക്ഷ്യം. അതിനിടെ, കുമ്പളയിലെ വീട്ടില്‍ നിന്ന് ചുറ്റുവട്ട പ്രദേശങ്ങളിലേക്ക് ബൈക്കില്‍ യാത്ര നടത്തിയ അമൃത പതിയെ മടിക്കേരിയിലേക്കും മൈസൂരിലേക്കുമടക്കം യാത്ര തുടര്‍ന്നു. പിന്നാലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അവള്‍ ഒറ്റയ്ക്ക് കറങ്ങി. അമ്മ നല്‍കിയ പിന്തുണയിലായിരുന്നു എല്ലാ യാത്രകളും. നേപ്പാളും മ്യാന്‍മാറും ശ്രീലങ്കയുമെല്ലാം അമൃത യാത്ര നടത്തി. ഓരോ യാത്രയ്ക്ക് പിന്നിലെയും കഷ്ടപാടുകള്‍ മറക്കാനാവാത്തതാണെന്ന് അമൃത പറയുന്നു.


2022 ഫെബ്രുവരി നാലിനായിരുന്നു നോര്‍ത്ത് ഈസ്റ്റ് യാത്ര ആരംഭിച്ചത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും കടന്ന് നേപ്പാളും മ്യാന്‍മാറും കടന്ന് ലഡാക്ക് വരെയുള്ള യാത്രയായിരുന്നു ലക്ഷ്യം. അതിനിടെ ഏപ്രില്‍ 25ന് ലക്‌നൗവില്‍ വെച്ച് അപകടത്തില്‍പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. പിന്നീട് ഒരു മാസത്തോളം ആസ്പത്രിയിലായിരുന്നു. വീണ്ടും സങ്കടത്തിലായ നാളുകള്‍. എല്ലാവിധ ധൈര്യവും നല്‍കി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള താക്കോല്‍ അമ്മ അമൃതക്ക് നല്‍കി. അമ്മ നല്‍കിയ ധൈര്യത്തെ കൂട്ടുപിടിച്ച് അമൃത വീണ്ടും തന്റെ ലക്ഷ്യത്തിലേക്ക് ഇറങ്ങി.

അപകടം നടന്ന സ്ഥലത്തേക്ക് ജൂണ്‍ 7ന് പുതിയ ബൈക്ക് എത്തിച്ച് യാത്ര പുന:രാരംഭിച്ചു. ലഡാക്കിലെത്തി ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ആഗസ്റ്റ് 10ന് നാട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 2023ല്‍ ബംഗളൂരുവിലും തമിഴ്‌നാട്ടിലും നടന്ന റേസിംഗില്‍ വിജയിയായെങ്കിലും റേസിംഗും റൈഡിംഗും ഒന്നിച്ച് കൊണ്ടുപോവാനുള്ള ബുദ്ധിമുട്ട് മനസിലാക്കി പൂര്‍ണ്ണമായും റൈഡിംഗിലേക്ക് മാറുകയായിരുന്നു. അതിനിടെയാണ് കൂടുതല്‍ രാജ്യാന്തര യാത്രകള്‍ നടത്തണമെന്ന ആഗ്രഹമുണ്ടാവുന്നത്. യു.എ.ഇയിലും ഒമാനിലും യാത്ര നടത്തണമെന്ന ലക്ഷ്യവും ഇപ്പോള്‍ പൂവണിഞ്ഞു. ആകെ ഒരൊറ്റ ജീവിതമേയുള്ളൂ, ആഗ്രഹമുള്ള കാര്യങ്ങള്‍ മാറ്റിവെക്കാതെ നേടാന്‍ പരിശ്രമിക്കണം. അത് പൂവണിയുക തന്നെ ചെയ്യും-അമൃത പറയുന്നു.

ബംഗളൂരുവിലുള്ള അജയ് ജോഷി, അപൂര്‍വ ജോഷി എന്നിവര്‍ സഹോദരങ്ങളാണ്.

Similar News