വായു മലിനീകരണം; കൊഴിഞ്ഞുവീഴുന്നത് നിരവധി ജീവനുകള്‍

Update: 2025-09-18 10:22 GMT
ഇന്ന് ഇന്ത്യയില്‍ വായു മലിനീകരണം അതിഭീകരമായി വളര്‍ന്നുവരികയാണ്. നഗരങ്ങളിലെ പുകപടലങ്ങള്‍ ശ്വസിച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയായി ലക്ഷക്കണക്കിന് ആളുകള്‍ ആരോഗ്യ പ്രശ്‌നങ്ങളോട് പോരാടി ജീവിക്കുന്നു.

ലോകമെമ്പാടും വര്‍ഷംതോറും ഏഴു ദശലക്ഷത്തിലേറെ ആളുകള്‍ക്കാണ് വായു മലിനീകരണത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുന്നത്. മനുഷ്യരുടെ ആരോഗ്യത്തെയും ഭൂമിയുടെ നിലനില്‍പ്പിനെയും തന്നെ ഭീഷണിയിലാഴ്ത്തുന്ന ഗുരുതരമായ പ്രശ്‌നമാണിത്. ഇന്ത്യ വായു മലിനീകരണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ആശങ്കാജനകമാണ്.

ഡിസംബര്‍ 2ന് ആചരിക്കുന്ന ദേശീയ മലിനീകരണ നിയന്ത്രണ ദിനം, നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 1984ലെ ഭോപ്പാല്‍ ദുരന്തമാണ്. ലോകം നടുങ്ങിയ ആ ദുരന്തത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കണക്കുകള്‍ പ്രകാരം 16,000നും 30,000നുമിടയില്‍ ആളുകള്‍ മരിക്കുകയും രണ്ട് ലക്ഷത്തോളം പേര്‍ ജീവിതകാലം മുഴുവന്‍ രോഗികളായിത്തീരുകയും ചെയ്തു. ഔദ്യോഗിക കണക്കനുസരിച്ച്, ചോര്‍ച്ച നടന്ന ഉടന്‍ 2,259 പേര്‍ മരണമടഞ്ഞു. ശ്വാസംമുട്ടി നിലത്ത് വീണ ഭോപ്പാല്‍ ജനതയുടെ കഷ്ടപ്പാടുകള്‍ ഇന്നും ചരിത്രത്തില്‍ കരിഞ്ഞുകിടക്കുന്നു. അധികൃതരുടെ കെടുകാര്യസ്ഥതയും സുരക്ഷാ സംവിധാനത്തിലെ വീഴ്ചയും ഇത്തരം ദുരന്തങ്ങള്‍ക്ക് പ്രധാന കാരണമായിരുന്നു.

ഇന്ന് ഇന്ത്യയില്‍ വായു മലിനീകരണം അതിഭീകരമായി വളര്‍ന്നുവരികയാണ്. നഗരങ്ങളിലെ പുകപടലങ്ങള്‍ ശ്വസിച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയായി ലക്ഷക്കണക്കിന് ആളുകള്‍ ആരോഗ്യ പ്രശ്‌നങ്ങളോട് പോരാടി ജീവിക്കുന്നു. മലിനീകരണം കുറയ്ക്കാന്‍ അടിയന്തരമായ പദ്ധതികളും നിയന്ത്രണങ്ങളും സര്‍ക്കാരുകള്‍ നടപ്പാക്കേണ്ടതാണ്.

മാലിന്യങ്ങള്‍ നിയന്ത്രണമില്ലാതെ വലിച്ചെറിയുന്നതും പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ വളരുന്നതും തടയാന്‍ ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങള്‍ ഒരുക്കണം. പൊതുജനങ്ങളെ ബോധവല്‍ക്കരിച്ച് Reduce, Re use, Recycle രീതികള്‍ പ്രോത്സാഹിപ്പിക്കണം.

കീടനാശിനികളും അമിതമായ രാസവസ്തുക്കളും പരിസ്ഥിതിയെയും മനുഷ്യരെയും മാരകമായി ബാധിക്കുന്നു. ഇത്തരം അപകടകരമായ പരീക്ഷണങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ വേണം. ലാഭത്തിനായി മനുഷ്യജീവിതം പോലും അവഗണിക്കുന്ന ഗവേഷണ കേന്ദ്രങ്ങളും വ്യാവസായിക സ്ഥാപനങ്ങളും സമൂഹത്തിന് ഒരിക്കലും അനുയോജ്യമല്ല.

പഠിതാക്കളും ഗവേഷകരും അമിതമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ സ്വയം മാത്രമല്ല, പരിസരവാസികള്‍ക്കും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ കേന്ദ്രങ്ങള്‍ക്കും കൂടുതല്‍ നിയന്ത്രിതമായ സുരക്ഷാ മാര്‍ഗരേഖകള്‍ അനിവാര്യമാണ്.

ഭരണാധികാരികള്‍ മൗനം പാലിക്കുന്നതിന് പകരം ശക്തമായി ഇടപെടുകയും പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുകയും ചെയ്താല്‍ മാത്രമേ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുകയുള്ളൂ. സാമ്പത്തിക ലാഭത്തിനേക്കാള്‍ വിലപ്പെട്ടത് മനുഷ്യജീവിതവും പ്രകൃതിയുടെ നിലനില്‍പ്പുമാണ് എന്ന തിരിച്ചറിവാണ് മനുഷ്യനെ രക്ഷപ്പെടുത്തുക.

Similar News