മാലിക് ദീനാറില്‍ അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് ഞാനും സുഹൃത്ത് നാസറും ചേര്‍ന്ന് ലഹരിക്കെതിരെ പോക്കറ്റില്‍ നിന്ന് പൈസ ഇറക്കി ഒരു ലഘുലേഖ തയ്യാറാക്കിയത്. അത് ക്ലബ്ബുകളിലും പളളികളിലും ഞങ്ങള്‍ തന്നെ കൊണ്ടുപോയി വായനക്കാരെ കണ്ടെത്താന്‍ ശ്രമിച്ചു. അന്ന് ഒരു പക്ഷെ ഏറ്റവും സന്തോഷവും പ്രോത്സാഹനവും നല്‍കിയത് മാമയാരിക്കണം.
ജീവിതത്തില്‍ നമ്മെ വേദനിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഓര്‍മ്മകള്‍ നമ്മെ മരണം വരെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. മരണത്തിന്റെ ഗന്ധം പേറിനടക്കുന്നവരാണ് ഓരോ മനുഷ്യരും. മരണത്തിന്റെ ആഘാതം പലര്‍ക്കും പലതരത്തിലായിരിക്കും. 2007ലെ നമ്മുടെ ചെറിയ പെരുന്നാളോര്‍മ്മ കണ്ണീരില്‍ അലിഞ്ഞ് ചേര്‍ന്നതാണ്. നിഷ്‌കളങ്കതയും സദാ പുഞ്ചിരിയും തൂകി നടക്കുന്ന വയോധികയായ ഏത് നേരത്തും ശുഭ്ര വസ്ത്രധാരിയായ് ആത്മീയ ചൈതന്യം സ്ഫുരിക്കുന്ന വളരെ സാത്വികയായ മഹതിയായിരുന്നു എന്റെ മാമ. ജീവിതത്തില്‍ വളരെ ചുരുക്കം ചിലരെ അങ്ങനെ കാണാനും തിരിച്ചറിയാനും സാധിച്ചിട്ടുള്ളൂ.
മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ പഠിക്കുന്ന സമയത്ത് മാസാന്തലീവിന് വന്നയുടനെ തറവാട് വീട്ടില്‍ പോയി മാമയെ കണ്ട,് മാമയുടെ മുറിയില്‍ കട്ടിലിന്റെ തൊട്ടടുത്തുള്ള മരപ്പെട്ടിയില്‍ ഇരുന്ന് സാംസാരിക്കും. എന്നും പ്രോത്സാഹനവും നല്ല വാക്കുകളും മാത്രമെ ആ അധരങ്ങളില്‍ നിന്ന് കേട്ടിട്ടുള്ളൂ. മാലിക് ദീനാറില്‍ അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് ഞാനും സുഹൃത്ത് നാസറും ചേര്‍ന്ന് ലഹരിക്കെതിരെ പോക്കറ്റില്‍ നിന്ന് പൈസ ഇറക്കി ഒരു ലഘുലേഖ തയ്യാറാക്കിയത്. അത് ക്ലബ്ബുകളിലും പളളികളിലും ഞങ്ങള്‍ തന്നെ കൊണ്ടുപോയി വായനക്കാരെ കണ്ടെത്താന്‍ ശ്രമിച്ചു. അന്ന് ഒരു പക്ഷെ ഏറ്റവും സന്തോഷവും പ്രോത്സാഹനവും നല്‍കിയത് മാമയാരിക്കണം. അഭിനന്ദിക്കുക മാത്രമല്ല, അതില്‍ നിന്ന് ഒരു ലഘുലേഖയെടുത്ത് തന്റെ തലയണക്കടിയില്‍ സൂക്ഷിച്ച് തന്നെ സന്ദര്‍ശിക്കാന്‍ വരുന്ന പരിചയക്കാര്‍ക്ക് കാണിച്ച് പറഞ്ഞ് കൊടുക്കുമായിരുന്നു ഇത് എന്റെ പേരമകന്‍ എഴുതിയതാണെന്ന്. അക്കാദമിയില്‍ നിന്ന് ഇടക്കിടെ അസുഖം ബാധിച്ച് വീട്ടിലേക്ക് വരുമ്പോഴൊക്കെ മാമയുടെ വാത്സല്യവും സ്‌നേഹവും വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്.
2007 റമദാനിന്റെ അവസാന പത്തിലാണ് മാമക്ക് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട് തുടങ്ങിയത്. അവിടെന്നങ്ങോട്ട് ആ ചുണ്ടുകളില്‍ നിന്ന് ഗഫൂറുന്‍ റഹീം (നന്നായി പൊറുക്കുന്നവനും കാരുണ്യം ചൊരിയുന്നവനുമാണ് ഉടയോന്‍) എന്ന പദങ്ങള്‍ മാത്രമായിരുന്നു ശബ്ദിച്ചിരുന്നത.് ഉടനെ മാലിക് ദീനാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും കുറവില്ലാത്തതിനാല്‍ മംഗലാപുരത്തേക്ക് മാറ്റി. അവിടെ ഐ.സിയുവിലായിരുന്നു മാമയെ കിടത്തിയിരുന്നത്. ഒപ്പം നിന്നത് ചെറീച്ച അബ്ദുല്‍ ഖാദിര്‍ സഅദിയായിരുന്നു. റമദാന്‍ 29ന് ഞാനും ഉമ്മയും ഒന്ന് രണ്ട് ബന്ധുക്കളും മാമയെ കാണാന്‍ മംഗലാപുരത്ത് പോയി. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നോമ്പ് പിടിച്ചുള്ള ആ യാത്ര വളരെ ദുസ്സഹമായിരുന്നു. അവിടെ എത്തുമ്പോള്‍ നട്ടുച്ചയായിരുന്നു. ഒരു മണി മുതല്‍ ഒന്നര വരെയായിരുന്നു സന്ദര്‍ശന സമയം. ഒരു മണിക്ക് ഞങ്ങള്‍ മാമയെ കാണാന്‍ ഐ.സിയുവില്‍ കയറി. മാമ കട്ടിലില്‍ കിടക്കുകയാണ്. വസ്ത്രം ഹോസ്പിറ്റലിന്റേതാണ്. ചുണ്ടുകള്‍ രണ്ടും അടഞ്ഞു കിടക്കുകയാണ്. മൂക്കിലേക്ക് ചെറിയൊരു കുഴല്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ രംഗം കണ്ട് വന്നവരില്‍ പലരും കരഞ്ഞു. ഉമ്മ മാമയെ പലവുരി വിളിച്ചെങ്കിലും ഒന്നും കേട്ടില്ല, നിശബ്ദമായി, ശാന്തതയോടെ ദീര്‍ഘമായ നിശ്വസങ്ങള്‍ മാത്രം അയവിറക്കി മാമ കിടന്നുറങ്ങുകയാണ്.