നവോത്ഥാനത്തിന്റെ സൂര്യതേജസ്സായിരുന്ന ടി ഉബൈദ് എന്ന മഹാകവിയുടെ വിയോഗത്തിന് അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. കറകളഞ്ഞ മതവിശ്വാസവും ഭാരതീയ സംസ്‌കൃതിയും ദര്‍ശനങ്ങളും നെഞ്ചേറ്റിയ ധിഷണാശാലിയായിരുന്നു അദ്ദേഹം
പടിഞ്ഞാറേ ചക്രവാളത്തില്‍ റബീഹിന്റെ പൊന്നമ്പിളി പിറന്നിരിക്കുന്നു. തിരുവസന്തത്തിന്റെ 1500 വര്‍ഷങ്ങള്‍... മനസ്സുകള്‍ പ്രണയാര്‍ദ്രമാകുന്നു, ചുണ്ടുകള്‍ മദ്ഹ് മൂളുന്നു. 1500 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഉമ്മത്തിന്റെ സ്ഥിതിയെന്താണ്?
ടി. ഉബൈദ് സാഹിബ് എഴുതിയ കവിതയിലെ വരികള്‍ കുറിക്കട്ടെ. ആദ്യവരികളില്‍ റബീഹിനെ സ്വാഗതം ചെയ്യുകയാണ്.
'പോരിക പോരിക ദിവ്യ നബിയുടെ ജന്മ തിരുദിനമേ
പുല്‍കട്ടെ നിന്നെസ്സഹര്‍ഷമി ഞങ്ങള്‍ അനുഗ്രഹ ഭജനമേ!
കൂരിരുള്‍ കൊണ്ട് വലഞ്ഞോരുലകിന്നു
കാണിച്ചു നീ ശശിയെ;
കൂറുറ്റ ലോകം പ്രതീക്ഷിപ്പു നിന്നെ
റബീ അവ്വല്‍ ദ്വാദശിയെ!
പിന്നീട് റബീഹിനോട് കവി ചോദിക്കുകയാണ്,
ഓ വസന്ത മാസമേ,
നേരിന് നേരെ കണ്ണടച്ച് ഞങ്ങള്‍ ഉറങ്ങുമ്പോള്‍, ഇന്നലെ രാവില്‍ നീ പാരിലിറങ്ങുമ്പോള്‍, കാരുണ്യക്കാതലായ റസൂല്‍ നിന്റെ കൂടെ ആഗമിച്ചിരുന്നോ?
ഹസ്രത്ത് സിദ്ദീഖും വീരനാം ഫാറൂഖും, ഒന്നിച്ചു കൂടെയുണ്ടായിരുന്നോ?
രാവ് പകലാക്കി ധൂര്‍ത്തോടെ മത്തടിച്ചിടുന്ന ധനികതയും, രാക്ഷസ ചെയ്തികള്‍ പുല്‍കി തെളിയുന്ന നേതൃ ജനതതിയും, പാവന ദീന്‍ വിറ്റു കുക്ഷി നിറക്കുന്ന സ്ഥാനമാനാര്‍ത്ഥികളും, വാവിട്ടു കേഴുന്നവരും വാടിക്കരിഞ്ഞവരുമായവരും അവരുടെ ഭാവല്‍ക്ക ദൃഷ്ടിയില്‍പ്പെട്ടിരുന്നോ? വന്ദ്യ യാസീന്‍ നബി ഈ പാപികള്‍ക്കിടയില്‍ നടന്നിരുന്നോ?
അന്ന് തിരുമേനി ഭംഗിയില്‍ പണിതുയര്‍ത്തിയ രമ്യ ഹര്‍മ്മ്യം തകര്‍ന്നിരിക്കുന്നു. അവര്‍ വളര്‍ത്തിയ പൂവനം പാഴ്മരുവായി തീര്‍ന്നിരിക്കുന്നു. വെന്നിക്കൊടികള്‍ പരത്തിയ ദുര്‍ഗ്ഗമിടിഞ്ഞു നശിക്കുകയാണ്. ഒന്നായ് ഒരു പൊന്‍ ചരടില്‍ ഹബീബുല്ല കോര്‍ത്ത നന്മണികള്‍ ശകലം ചിന്നികിടക്കുകയാണ്. കാന്തി നഷ്ടപ്പെട്ടിരിക്കുന്നു. എന്നാളും പാന്ഥര്‍ തന്‍ ദാഹം ശമിപ്പിച്ച ചോലകള്‍ വറ്റുകയാണ്.
സ്വയം പാത തെറ്റി മണല്‍ കാറ്റില്‍ ചുറ്റുകയാണ്.
ഈ കാഴ്ചകള്‍ റസൂലിനെ വേദനിപ്പിച്ചിരിക്കാം;
ഞങ്ങളുടെ ഹന്തയെ പഴിച്ചിച്ചിരിക്കാം!
പൂവിലും മര്‍ദ്ദവമേറിയ ആ മനം വാടിപ്പോയിരിക്കാം;
പുണ്യര്‍ സിദ്ദിഖും ഫാറൂഖും ഞങ്ങളെ ശപിച്ചിരിക്കാം!
ഈ അവസ്ഥക്ക് പരിഹാരമായി ഒരു പ്രാര്‍ത്ഥനയോടെ ഈ കാവ്യം അവസാനിക്കുന്നു
'ത്വാഹാ നബിയെ സമര്‍ഹരല്ലി ഞങ്ങള്‍ ഖേദിക്കയായ് പരമേ, പാവങ്ങളെങ്ങള്‍ക്ക് അമീറായി അഭിനവ ഫറൂഖിനെ ഉടനെ, പാരില്‍ ജനിപ്പിക്കാന്‍ അല്ലാഹുവോട് ഹബീബോന്നിരന്നീടണെ'.
ഓരോ റബീഹും ആ വസന്തകാലത്തെ ഓര്‍മ്മപ്പെടുത്തലാണ്.
റബീഹ് വസന്തമായി മാറണം.
(നവോത്ഥാനത്തിന്റെ സൂര്യതേജസ്സായിരുന്ന ടി ഉബൈദ് എന്ന മഹാകവിയുടെ വിയോഗത്തിന് അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. കറകളഞ്ഞ മതവിശ്വാസവും ഭാരതീയ സംസ്‌കൃതിയും ദര്‍ശനങ്ങളും നെഞ്ചേറ്റിയ ധിഷണാശാലിയായിരുന്നു അദ്ദേഹം. ബഹുസ്വരതയെ സാര്‍ഥകമാക്കിയ സാത്വികന്‍, തകഴിക്കും മുണ്ടശ്ശേരിക്കും പൊറ്റക്കാടിനുമൊപ്പം സാഹിത്യ അക്കാദമിയില്‍ പ്രവര്‍ത്തിച്ച, മലയാള ഭാഷാനിഘണ്ടു സമ്പന്നമാക്കാന്‍ രാപ്പകലില്ലാതെ ഓടിനടന്ന, കന്നഡയിലും മലയാളത്തിലും അറബിയിലും അറബിമലയാളത്തിലും ഒരുപോലെ കവിതകളെഴുതിയ, മലയാളത്തില്‍ നിന്ന് കന്നഡയിലേക്കും തിരിച്ചും വിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച, പ്രതിഭാധനനായ ആ എഴുത്തുകാരന്റെ ജീവചരിത്രം കേരള നവോത്ഥാനത്തിന്റെ വിജ്ഞാനകോശം കൂടിയാണ്.)